തിരുവനന്തപുരം- സുപ്രീം കോടതി വിശുദ്ധ പശുവാണെന്നും പഞ്ചാബ് സര്‍ക്കാറും അവിടുത്തെ ഗവര്‍ണ്ണറും തമ്മിലുള്ള വിഷയത്തിലെ സുപ്രീം കോടതി വിധിയെക്കുറിച്ച് ഒന്നും പ്രതികരിക്കാനില്ലെന്നും കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. കേരളത്തെ കുറിച്ച് സുപ്രീം കോടതി ഒന്നും പറഞ്ഞിട്ടില്ല. സുപ്രീം കോടതി നിര്‍ദ്ദേശം പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു. ഗവര്‍ണ്ണര്‍ പ്രവര്‍ത്തിക്കേണ്ടത് സംസ്ഥാന മന്ത്രിസഭയുടെ ഉപദേശത്തിന് അനുസരിച്ചാണെന്നും വിവേചന അധികാരം ഇല്ലാത്ത വിഷയങ്ങളില്‍ ഗവര്‍ണ്ണര്‍ക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാനാവില്ലെന്നും പഞ്ചാബ് കേസില്‍ സുപ്രീം കോടതി ഇന്ന് പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ആരിഫ് മുഹമ്മദ് ഖാന്‍.
നിയമസഭയില്‍ ധനബില്ല് അവതരിപ്പിക്കാന്‍ ഗവര്‍ണ്ണറുടെ അനുമതി നേരത്തെ വാങ്ങണമെന്നാണ് ചട്ടമെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് ഭരണഘടനയെ ചവറ്റുകൊട്ടയില്‍ എറിയാനാവില്ല. തനിക്ക് നിയമം ലംഘിക്കാന്‍ കഴിയില്ല. പൗരത്വ നിയമ ഭേദഗതിയിലും സര്‍ക്കാര്‍ ഇത് തന്നെയാണ് ചെയ്തത്. പെന്‍ഷന്‍ കൊടുക്കാന്‍ കാശില്ലെന്ന് കേരളാ ഹൈക്കോടതിയില്‍ പറയുന്ന സംസ്ഥാന സര്‍ക്കാരാണ് ധൂര്‍ത്ത് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാറിന്റെ എല്ലാ നിയമലംഘനങ്ങളും അംഗീകരിക്കണം എന്നാണോ പറയുന്നതെന്ന് അദ്ദേഹം ചോദിച്ചു. സര്‍ക്കാര്‍ പെന്‍ഷന്‍ പലര്‍ക്കും കൊടുക്കുന്നില്ല. എന്നാല്‍ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കിയ മന്ത്രിമാരുടെ സ്റ്റാഫുകള്‍ക്ക് പെന്‍ഷന്‍ കൊടുക്കുന്നില്ലേ? സര്‍ക്കാര്‍ ധൂര്‍ത്ത് നിര്‍ത്തണം. രണ്ടുവര്‍ഷം മാത്രം മന്ത്രിമാര്‍ക്ക് പേഴ്‌സണല്‍ സ്റ്റാഫ് ആയവര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നത് തടയാന്‍ നിയമം കൊണ്ടുവരണം. സംസ്ഥാന സര്‍ക്കാറിന്റെ ഇടപെടലില്‍ നിന്നും സര്‍വകലാശാലകളെ രക്ഷിക്കണം. മുഖ്യമന്ത്രി തന്നോട് സംസാരിക്കാന്‍ തയ്യാറായില്ലെങ്കില്‍ താന്‍ എന്തു ചെയ്യുമെന്നും ഗവര്‍ണര്‍ ചോദിച്ചു.