കണ്ണൂര്‍ - മുസ്‌ലീം ലീഗിനെ ഭയപ്പെടുത്തി ഒപ്പം നിര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും അധികകാലം ഇത് മുന്നോട്ട് പോകില്ലെന്നും ലീഗ് യു ഡി എഫില്‍ നിന്ന് അകന്നുപോകുമെന്നും എല്‍ ഡി എഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. ലീഗിനെ ഭയപ്പെടുത്തി ഒപ്പം നിര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. പലതരത്തിലുള്ള സമ്മര്‍ദമാണ് ഇതിനായി പയറ്റുന്നത്. അതിനാല്‍ തന്നെ ലീഗിന് കോണ്‍ഗ്രസിനോട് പഴയകാലത്തുളള അടുപ്പം മാറി. കോണ്‍ഗ്രസ് തെറ്റായ വഴിയിലാണ് പോകുന്നതെന്ന് മുസ്‌ലീം ലീഗിന് അഭിപ്രായമുണ്ട്. അതൃപ്തി ലീഗ് പരസ്യമായി പ്രകടിപ്പിക്കുന്നില്ല എന്ന് മാത്രമേയുള്ളൂ. ഫലസ്തീന്‍ വിഷയത്തില്‍ ശശി തരൂര്‍ നടത്തിയ പ്രസംഗം ലീഗ് മഹാറാലിയുടെ ശോഭ കെടുത്തി. ആര്യാടന്‍ ഷൗക്കത്തിനെതിരായ കോണ്‍ഗ്രസ് നടപടിയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് വലിയ എതിര്‍പ്പാണുള്ളത്. ഇനിയും കോണ്‍ഗ്രസിനൊപ്പം നില്‍ക്കണോ എന്ന് മുസ്‌ലീം ലീഗ് തീരുമാനിക്കണം. സി പി എം നയങ്ങളോട് ലീഗ് അണികളിലും നേതാക്കളിലും അനുകൂലമായ മാറ്റമുണ്ടെന്നും ഇ പി ജയരാജന്‍ പറഞ്ഞു.