ന്യൂദല്‍ഹി - പതിനെട്ടാമത് ഏഷ്യന്‍ ഗെയിംസ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ എങ്കിലും ഇന്ത്യന്‍ സംഘത്തെക്കുറിച്ച് അനിശ്ചിതത്വം തുടരുന്നു. പലതവണ വെട്ടുക്കുറക്കുകയും കൂട്ടിച്ചേര്‍ക്കുകയും ചെയ്ത ശേഷം 575 കായിക താരങ്ങളും 213 ഒഫിഷ്യലുകളുമടങ്ങുന്ന പട്ടികയാണ് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ കേന്ദ്ര സ്‌പോര്‍ട്‌സ് മന്ത്രാലയത്തിന് സമര്‍പ്പിച്ചത്. ഇതില്‍ എത്ര പേര്‍ക്ക് അനുമതി നല്‍കണമെന്ന് തലപുകക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. നാളെ ഏഷ്യാഡ് സംഘത്തിന് യാത്രയയപ്പ് നല്‍കാന്‍ ഐ.ഒ.എ തീരുമാനിച്ചിട്ടുണ്ട്. അതിന് മുമ്പ് അംഗീകാരം കിട്ടുമോയെന്നാണ് അറിയേണ്ടത്.
ഒഫിഷ്യല്‍ സംഘത്തില്‍ വര്‍ഗീയകലാപത്തില്‍ പങ്കുള്ള ചില ബി.ജെ.പി സഹയാത്രികരുണ്ട്. ഒപ്പം സുരേഷ് കല്‍മാഡിയുടെ സഹായിയായിരുന്ന രാജ്കുമാര്‍ സചേതി. ഇദ്ദേഹത്തിനെതിരെ കണക്കില്‍ പെടാത്ത സ്വത്ത് സമ്പാദിച്ചതിന് വിജിലന്‍സ് കേസുണ്ട്. ബാബരി മസ്ജിദ് കേസിലും കൊലപാതകക്കേസിലും ഉള്‍പെട്ട ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗാണ് ഏഷ്യാഡ് സംഘത്തലവന്‍.