കോഴിക്കോട്- മഴ വീണ്ടും ശക്തിപ്രാപിച്ചതോടെ സംസ്ഥാനത്ത് പലയിടത്തും വ്യാപക ഉരുള്‍പ്പൊട്ടലും വെള്ളപ്പൊക്കവുമുണ്ടായി. അഞ്ചു ജില്ലകളിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍പ്പെട്ട് 17 പേര്‍ മരിച്ചു. കോഴിക്കോട്, മലപ്പുറം, പാലക്കാട്, വയനാട്, ഇടുക്കി ജില്ലകളിലാണ് മഴ പ്രകൃതിദുരന്തമായി മാറിയത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സൈന്യത്തിന്റെ സഹായം തേടിയിട്ടുണ്ട്. എത്തിപ്പെടാനുള്ള വഴികളെല്ലാം അടഞ്ഞതോടെ പലയിടത്തും രക്ഷാപ്രവര്‍ത്തനം ദുഷ്‌ക്കരമായിരിക്കുകയാണ്. വിവിധ ജില്ലകളിലെ അപകടമേഖലകളില്‍ നിന്ന് നൂറോളം കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ ചെട്ട്യാംപാറ മലയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ ഒരു കുടുംബത്തിലെ ആറു പേര്‍ മരിച്ചു. ഉരുള്‍പ്പൊട്ടലില്‍ ഇവരുടെ വീട് പൂര്‍ണമായും ഒലിച്ചു പോകുകയായിരുന്നു. വീട് നിന്ന സ്ഥലത്തിനു താഴ്ഭാഗത്തായി മണ്ണില്‍ മൂടിക്കിടക്കുന്ന നിലയിലാണ് അമ്മയും മക്കളുമുള്‍പ്പെട്ട അഞ്ച് കുടുംബാംഗങ്ങളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ഒരാളുടെ മൃതദേഹത്തിനായി തിരച്ചില്‍ തുടരുകയാണ്. പറമ്പില്‍ സുബ്രഹ്മണ്യന്റെ കുടുംബമാണ് ദുരന്തത്തില്‍പ്പെട്ടത്. സുബ്രഹ്മണ്യന്റെ മാതാവ് കുഞ്ഞി (50), ഭാര്യ ഗീത (24), മക്കളായ നവനീത് (9), നിവേദ് (3), ബന്ധു മിഥുന്‍ (16) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. സുബ്രഹ്മണ്യനെ കണ്ടെത്തിയിട്ടില്ല. നിലമ്പൂര്‍ ആഢ്യന്‍പാറ ജലവൈദ്യുതി പദ്ധതിയുടെ പവര്‍ ഹൗസ് മലവെള്ളപ്പാച്ചിലില്‍ തകര്‍ന്ന് ഒഴുകിപ്പോയി. രണ്ടു ജീവനക്കാര്‍ രക്ഷപ്പെട്ടു. 3.5 മെഗാവാട്ട് ശേഷിയുള്ള ഇവിടെ വൈദ്യുത ഉല്‍പാദനം ഉണ്ടായിരുന്നില്ല. നിലമ്പൂരിനു പുറമെ കാളികാവ്, കരുവാരക്കുണ്ട്് മേഖലകളിലും ഉരുള്‍പ്പൊട്ടലുണ്ടായി.
ഇടുക്കിയില്‍ അടിമാലി, ചെറുതോണി മേഖലകളിലായി 11 പേരാണ് ഉരുള്‍പ്പൊട്ടലില്‍ മരിച്ചത്. ആറു പേരെ കാണാതായി. അടിമാലിയില്‍ ഒരു കുടുംബത്തിലെ അഞ്ചു പേരും മരിച്ചവരില്‍ ഉള്‍പ്പെടും. ഇവിടെ മറ്റു മൂന്ന് പേരും മരിച്ചു. അടിമാലി-മൂന്നാര്‍ ദേശീയ പാതയ്ക്കു സമീപം പുത്തന്‍കുന്നേല്‍ ഹസന്‍ കോയയുടെ വീടിനു മുകളിലേക്കാണ് മണ്ണിടിഞ്ഞു വീണത്. അപകടത്തില്‍ ഹസന്‍ കോയയുടെ ഭാര്യ ഫാത്തിമ, മകന്‍ മുജീബ്, ഭാര്യ ഷമീന, മക്കളായ ദിയ ഫാത്തിമ, നിയ ഫാത്തിമ എന്നിവരാണ് മരിച്ചത്. ഹസന്‍ കോയയും ബന്ധു സൈനുദ്ദീനും പരിക്കുകളോടെ രക്ഷപ്പെട്ടു. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ദുരന്തമുണ്ടായത്.
കോഴിക്കോട് മൂന്നിടത്താണ് ഉരുള്‍പ്പൊട്ടലുണ്ടായത്. മട്ടിക്കുന്ന് കണ്ണപ്പന്‍കുണ്ടില്‍ പുഴ കരകവിഞ്ഞൊഴുകി ഒരാളെ കാണാതായി. കാറുള്‍പ്പെടെയാണ് ഇയാള്‍ ഒഴുക്കില്‍പ്പെട്ടത്. പ്രദേശത്ത് നിരവധി വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. കോഴിക്കോട് മൈസൂര്‍ പാതയില്‍ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു.
പാലക്കാട് ജില്ലയില്‍ നാലിടത്ത് ഉരുള്‍പ്പൊട്ടി. വിവിധ പ്രദേശങ്ങള്‍ വെള്ളത്തിലായി. ജലനിരപ്പ് കുതിച്ചുയര്‍ന്നതോടെ മലമ്പുഴ ഡാമിന്റെ നാലുഷട്ടറുകള്‍ തുറന്നിരിക്കുകയാണ്. ഭാരതപ്പുഴ ഉള്‍പ്പെടെ കരകവിഞ്ഞൊഴുകി.
വയനാട് പൂര്‍ണമായും ഒറ്റപ്പെട്ടു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് താമരശ്ശേരി ചുരത്തില്‍ ഗതാഗതം പൂര്‍ണമായും സ്്തംഭിച്ചു. ഒമ്പതാം വളവിലിടിഞ്ഞ മണ്ണ് നീക്കം ചെയ്യാന്‍ രണ്ടു ദിവസമെങ്കിലും എടുക്കും. ഭാഗികമായ മണ്ണിടിച്ചിലുള്ളതിനാല്‍ പാല്‍ ചുരത്തിലെ ഗതാഗതം നേരത്തെ തന്നെ നിരോധിച്ചിരുന്നു. കുറ്റിയാടി ചുരത്തിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണവുമുണ്ട്. വയനാട്ടില്‍ മൊത്തം 22 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറുന്നു.