Sorry, you need to enable JavaScript to visit this website.

ഇഖാമയും ലൈസൻസും നഷ്ടപ്പെട്ടാൽ

ചോദ്യം: ഇഖാമയും ഇസ്തിമാറയും ഡ്രൈവിംഗ് ലൈസൻസും അടക്കമുള്ള പേഴ്‌സ് നഷ്ടപ്പെട്ടു. ഈ രേഖകൾ വേറെ ലഭിക്കുന്നതിന് എന്താണ് നടപടിക്രമങ്ങൾ?

ഉത്തരം: ഇപ്പോൾ ജവാസാത്ത്, ട്രാഫിക് പോലീസ് വകുപ്പുകളുടെ നടപടിക്രമങ്ങളെല്ലാം അബ്ശിർ ഓൺലൈൻ വഴിയാണ്. സ്‌പോൺസറുടെ അബ്ശിർ വഴിയോ മുഖീം വഴിയോ ആണ് ഇഖാമക്ക് അപേക്ഷിക്കേണ്ടത്. ഡ്യൂപ്ലിക്കേറ്റ് ഇഖാമ ലഭിക്കുന്നതിന് ആയിരം റിയാൽ പിഴയായി അടയ്ക്കണം. ഡ്യൂപ്ലിക്കേറ്റിന് അപേക്ഷിക്കുന്നതിനു മുമ്പ് എവിടെ വെച്ചാണോ നഷ്ടപ്പെട്ടത് അവിടത്തെ പോലീസ് സ്‌റ്റേഷനിലോ ജവാസാത്ത് ഓഫീസിലോ ഇഖാമ നഷ്ടപ്പെട്ട വിവരം അറിയിക്കണം. ബാങ്കിലെ സദാദ് വഴിയാണ് പിഴ തുക അടയ്‌ക്കേണ്ടത്. അതിനു ശേഷം സ്‌പോൺസറാണ് ഇഖാമക്ക് അപേക്ഷിക്കേണ്ടത്. 
നിങ്ങളുടെ അബ്ശിറിൽ ഡിജിറ്റൽ ഇഖാമയും ലൈസൻസും ലഭ്യമാണ്. ഔദ്യോഗിക കാര്യങ്ങൾക്ക് ഡിജിറ്റൽ ഇഖാമ സ്വീകാര്യമാണ്. അതും ഉപയോഗിക്കാവുന്നതാണ്. 
നഷ്ടപ്പെട്ട ലൈസൻസിനും ഇസ്തിമാറക്കും നിങ്ങളുടെ അബ്ശിർ വഴി നേരിട്ട് അപേക്ഷിക്കാം. ഇസ്തിമാറയും ലൈസൻസും ലഭിക്കുന്നതിന് നൂറ് റിയാലാണ് ഫൈൻ. ഇതും സദാദ് വഴിയാണ് അടയ്‌ക്കേണ്ടത്. ഡ്യൂപ്ലിക്കേറ്റിന് അപേക്ഷിക്കുന്നതിനു മുമ്പ് വാഹന നിയമ ലംഘനവുമായി ബന്ധപ്പെട്ട ഫൈനുകൾ എന്തെങ്കിലും ഉണ്ടെങ്കിൽ അത് അടച്ചിരിക്കണം. എങ്കിൽ മാത്രമാണ് ഡ്യൂപ്ലിക്കേറ്റ് ലഭിക്കുക. 

പാസ്‌പോർട്ട് അപ്‌ഡേഷനിൽ തെറ്റ് സംഭവിച്ചാൽ എങ്ങനെ തിരുത്താം


ചോദ്യം: എന്റെ പാസ്‌പോർട്ട് പുതുക്കിയ ശേഷം അതു അപ്‌ഡേറ്റ് ചെയ്യുന്നതിന് (നഖൽ മാലുമാത്) ഓഫീസിലെ എച്ച്.ആർ ഡിപ്പാർട്ടുമെന്റിനെ ഏൽപിച്ചു. ജവാസാത്ത് സിസ്റ്റത്തിൽ അവർ അപ്‌ഡേഷൻ നടപടി പൂർത്തിയാക്കിയപ്പോൾ പുതിയ പാസ്‌പോർട്ട് നമ്പറിന്റെ ഒരു അക്കം ഇല്ലായിരുന്നു. ഈ തെറ്റ് തിരുത്താൻ ഇനി എന്താണ് ചെയ്യേണ്ടത്?

ഉത്തരം: വിദേശ തൊഴിലാളിക്ക് ഇത്തരം തെറ്റ് തിരുത്തൽ നടപടികളുമായി നേരിട്ട് ജവാസാത്തിനെ സമീപിക്കാനാവില്ല. അതു ചെയ്യേണ്ടത് സ്‌പോൺസർ അദ്ദേഹത്തിന്റെ അബ്ശിർ അല്ലെങ്കിൽ മുഖീം വഴിയാണ്. അബ്ശിറിലും മുഖീമിലും തവസുൽ എന്ന ഒരു ഓപ്ഷനുണ്ട്. അതിലൂടെ സ്‌പോൺസർക്ക് ഇതിൽ തിരുത്ത് വരുത്താനാവും. അതല്ലെങ്കിൽ ജവാസാത്തിൽനിന്ന് മുൻകൂട്ടി അപ്പോയിന്റ്‌മെന്റ് എടുത്ത ശേഷം സ്‌പോൺസറോ, അദ്ദേഹത്തിന്റെ പ്രതിനിധിയോ ജവാസാത്ത് ഓഫീസിനെ നേരിട്ടു സമീപിക്കണം. തെറ്റ് തിരുത്തൽ നടപടിക്ക് ഫീസ് ഒന്നും നൽകേണ്ടതില്ല. 

Latest News