വളരെ വിചിത്രമായ ഏഷ്യന്‍ കപ്പ് ക്രിക്കറ്റിനാണ് അടുത്ത മാസം യു.എ.ഇയില്‍ അരങ്ങൊരുങ്ങുന്നത്. ടൂര്‍ണമെന്റിന്റെ ആതിഥേയര്‍ ബി.സി.സി.ഐയാണ്. നടക്കുന്നത് യു.എ.ഇയിലും. 12 വര്‍ഷത്തിനു ശേഷമായിരിക്കും യു.എ.ഇയില്‍ ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം. ഒരുകാലത്ത് ഷാര്‍ജാ കപ്പില്‍ നിരന്തരം ഈ ടീമുകള്‍ ഏറ്റുമുട്ടിയത് ലോക ക്രിക്കറ്റിലെ ഏറ്റവും വലിയ ഹരമായിരുന്നു. ഇത്തവണ രണ്ടു തവണ ഇന്ത്യയും പാക്കിസ്ഥാനും ടൂര്‍ണമെന്റില്‍ ഏറ്റുമുട്ടും. സെപ്റ്റംബര്‍ 19 ന് ദുബായിലാണ് ആദ്യത്തെ പോരാട്ടം. 2017 ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാക്കിസ്ഥാനോട് ഇന്ത്യ തോറ്റ ശേഷം ആദ്യമായാണ് ഈ ടീമുകള്‍ മുഖാമുഖം വരിക. ആ പോരാട്ടത്തിന് വേറൊരു പ്രത്യേകത കൂടിയുണ്ട്. ദുബായിലെ ആദ്യത്തെ ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടമായിരിക്കും ഇത്.
ഏഷ്യാ കപ്പിന്റെ ആതിഥേയത്വം ഏറ്റെടുത്തതു മുതല്‍ ബി.സി.സി.ഐ ആശയക്കുഴപ്പത്തിലായിരുന്നു. പാക്കിസ്ഥാന്‍ ടീമിനെ ഇന്ത്യയില്‍ കളിപ്പിക്കാമോയെന്ന് ചോദിച്ച് കമ്മിറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റേഴ്‌സ് (സി.ഒ.എ) കേന്ദ്ര സര്‍ക്കാരിനെഴുതി. പാക്കിസ്ഥാനുമായി കളിച്ചോളൂ, പക്ഷെ ഇന്ത്യയില്‍ വേണ്ട എന്നായിരുന്നു ഉത്തരവ്. യു.എ.ഇ ബോര്‍ഡിനെ ടൂര്‍ണമെന്റ് ഏല്‍പിച്ചതോടെ ബി.സി.സി.ഐ ഭാരവാഹികളും സി.ഒ.എയും തമ്മില്‍ അടി തുടങ്ങി.
യു.എ.ഇയില്‍ ടൂര്‍ണമെന്റ് നടത്താന്‍ മറ്റ് ഏഷ്യന്‍ രാജ്യങ്ങളില്‍ നടത്തുന്നതിന്റെ ഇരട്ടി ചെലവുണ്ട് എന്നാണ് ബി.സി.സി.ഐയുടെ വാദം. എന്നാല്‍ ബംഗ്ലാദേശില്‍ നടത്തുന്നതിന് പുതുമയില്ലെന്നും യു.എ.ഇയിലാവുമ്പോള്‍ ഇന്ത്യക്കാരും പാക്കിസ്ഥാന്‍കാരും ബംഗ്ലാദേശികളുമായ പ്രവാസികള്‍ ഒഴുകിയെത്തുമെന്ന് സി.ഒ.എ ചൂണ്ടിക്കാട്ടുന്നു. 55 ലക്ഷം ഡോളര്‍ വരെയുള്ള ടിക്കറ്റ് റവന്യൂ യു.എ.ഇ ബോര്‍ഡിന് അവകാശപ്പെട്ടതാണ്. അതിനു മുകളിലായാലേ ബി.സി.സി.ഐക്ക് വിഹിതം കിട്ടൂ. എന്നാല്‍ യു.എ.ഇ ബോര്‍ഡിന് ടൂര്‍ണമെന്റിന് സി.ഒ.എ സമ്മാനമായി നല്‍കിയിരിക്കുകയാണെന്നും സി.ഒ.എ പറയുന്ന കണക്കുകളെല്ലാം പൊലിപ്പിച്ചതാണെന്നും ബി.സി.സി.ഐ ഭാരവാഹികള്‍ വാദിക്കുന്നു.
26 തവണ ഇന്ത്യയും പാക്കിസ്ഥാനും യു.എ.ഇയില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. ഇരുപത്തിനാലും ഷാര്‍ജയിലായിരുന്നു. രണ്ടു തവണ അബുദാബിയിലും. 19 കളികളും ജയിച്ചത് പാക്കിസ്ഥാനായിരുന്നു. യു.എ.ഇയില്‍ പന്തയ സിന്‍ഡിക്കേറ്റ് കളികളെ സ്വാധീനിക്കുന്നുവെന്ന് പരാതി പറഞ്ഞാണ് അവിടെ നടക്കുന്ന ടൂര്‍ണമെന്റുകളില്‍ നിന്ന് ഇന്ത്യ പിന്നീട് വിട്ടുനിന്നത്.