കോഴിക്കോട് - ഇസ്രായിലിന്റെ ഫലസ്തീൻ കൂട്ടക്കുരുതിയിൽ പ്രതിഷേധിച്ചുള്ള സി.പി.എമ്മിന്റെ ഫലസ്തീൻ ഐക്യദാർഢ്യ റാലി ശനിയാഴ്ച കോഴിക്കോട്ടു നടക്കും. ശനിയാഴ്ച വൈകുന്നേരം നാലിന് സ്വപ്‌ന നഗരിയിലെ ട്രേഡ്‌സെന്ററിലെ യാസർ അറാഫത്ത് നഗറിൽ നടക്കുന്ന റാലിയിൽ ചുരുങ്ങിയത് അരലക്ഷം പേരെങ്കിലും പങ്കെടുക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന റാലിയിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾക്കും എഴുത്തുകാർക്കും സാംസ്‌കാരിക പ്രവർത്തകർക്കും പുറമെ വിവിധ മുസ്‌ലിം സംഘടനാ നേതാക്കളെയും ക്ഷണിച്ചിട്ടുണ്ട്. എന്നാൽ, ക്രിസ്ത്യൻ സഭാ നേതാക്കളോ ഹൈന്ദവ പണ്ഡിതരോ ഇവരുടെ സർവീസ് സംഘടനാ നേതാക്കളെയോ റാലിയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഫലസ്തീൻ വിഷയം ഒരു മുസ്‌ലിം പ്രശ്‌നമല്ലെന്നിരിക്കെ ഒരു ബഹുമത സമൂഹത്തിൽ എല്ലാ മതവിഭാഗങ്ങളുടെയും നേതാക്കളെ അണിനിരത്താൻ സി.പി.എമ്മിനായിട്ടില്ല. നേരത്തെ ഏകീകൃത സിവിൽകോഡിനെതിരെ സി.പി.എം കോഴിക്കോട്ട് നടത്തിയ സെമിനാറിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെയും മുസ്‌ലിം സംഘടനകളുടെയും നേതാക്കളെ വിളിച്ചപ്പോൾ ക്രൈസ്തവ സഭാ മേധാവികളുടെയും എസ്.എൻ.ഡി.പി അടക്കമുള്ള വിവിധ സാമുദായിക സർവീസ് സംഘടനകളെയും പരിഗണിച്ചിരുന്നു.
ഇസ്രായിലിന്റെ അധിനിവേശത്തിനും സാമ്രാജ്യത്വത്തിനുമെതിരായി ലോകമെമ്പാടും നടക്കുന്ന ജനമുന്നേറ്റങ്ങളിൽ കേരളത്തെ അടയാളപ്പെടുത്തുംവിധമുള്ള അതിഗംഭീര റാലിയാണ് സി.പി.എം വിഭാവനം ചെയ്യുന്നത്. ബ്രാഞ്ച് തലം മുതൽ ഇതിന്റെ പ്രചാരണം ഇതിനകം പ്രവർത്തകർ ഏറ്റെടുത്തിട്ടുണ്ട്. ഒപ്പം കക്ഷി രാഷ്ട്രീയത്തിന് അതീതമായ പിന്തുണയും പ്രാതിനിധ്യവും പാർട്ടി പ്രതീക്ഷിക്കുന്നുണ്ട്.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്, എ.കെ ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, സി.പി.എം ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എംപി, ആർ.ജെ.ഡി നേതാവ് എം.വി ശ്രേയാംസ്‌കുമാർ, വടകര മുൻ എം.എൽ.എ സി കെ നാണു, ഐ.എൻ.എൽ നേതാവ് പ്രഫ. എ.പി അബ്ദുൾവഹാബ്, എംഎൽഎമാരായ ടി.പി രാമകൃഷ്ണൻ, രാമചന്ദ്രൻ കടന്നപ്പള്ളി, പിടിഎ റഹീം തുടങ്ങിയവർ പ്രസംഗിക്കും.
വിവിധ മുസ്‌ലിം സംഘടനകളെ പ്രതിനിധീകരിച്ച് മുക്കം ഉമർ ഫൈസി (സമസ്ത കേരള ജംഇയ്യത്തുൽ ഉലമ) ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി (അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ), ഡോ. ഹുസൈൻ മടവൂർ (കെ.എൻ.എം സി.ഡി ടവർ), ഡോ. ഐ.പി അബ്ദുസ്സലാം (കെ.എൻ.എം മർകസുദ്ദഅ്‌വ), ഹജ്ജ്കമ്മിറ്റി അംഗങ്ങളായ കെ.എം മുഹമ്മദ്ഖാസിം കോയ, കെ.പി സുലൈമാൻ ഹാജി എന്നിവരും പങ്കെടുക്കും. എഴുത്തുകാരായ യു.കെ കുമാരൻ, കെ.പി രാമനുണ്ണി, ഡോ. എം.എം ബഷീർ, പി.കെ ഗോപി, ഡോ. ഖദീജാ മുംതാസ്, പി കെ പാറക്കടവ്, ബി എം സുഹറ, കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്, ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് തുടങ്ങിയവരും പങ്കെടുക്കും.