ഒരു മാസം പിന്നിടുന്ന ഗാസയിലെ യുദ്ധത്തിലും ഇസ്രായിലിന്റെ ബോംബാക്രമണത്തിലും മരിച്ചവരുടെ എണ്ണം പതിനായിരം കവിഞ്ഞിരിക്കുന്നു. യുദ്ധം പ്രതീക്ഷിച്ച രീതിയിൽ ലക്ഷ്യം കാണാതെവന്നതോടെ ഗാസയിലെ നിരാലംബരായ കുഞ്ഞുങ്ങൾക്കും സ്ത്രീകൾക്കും നേരെ ഇസ്രായിൽ വ്യോമാക്രമണവും മിസൈൽ ആക്രമണവും ഓരോ ദിവസവും കടുപ്പിക്കുകയാണ്. ഇതുവരെയുള്ള ആക്രണത്തിൽ നാലായിരത്തിലേറെ കുഞ്ഞുങ്ങൾ മരിച്ചതും, ഈ കാടത്തത്തിനെതിരെ ലോകമെങ്ങും ഉയരുന്ന ജനവികാരവും ഇസ്രായിലിനെ തെല്ലും ഉലക്കുന്നില്ല. യുദ്ധ നിയമങ്ങൾക്കോ, യു.എൻ പ്രമേയങ്ങൾക്കോ അവർ തരിമ്പും വിലകൽപ്പിക്കുന്നില്ല. കൊല്ലുക, പിന്നെയും കൊല്ലുക, പരമാവധി കൊല്ലുക എന്ന രീതിയിൽതന്നെയാണ് ഇസ്രായിൽ സൈന്യത്തിന്റെയും പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹുവിന്റെയും പോക്ക്.
ഒരു വർഷത്തിലേറെയായി നടക്കുന്ന ഉക്രൈൻ യുദ്ധത്തേക്കാൾ കൂടുതൽ പേർ ഒരു മാസത്തിനുള്ളിൽ ഗാസയിൽ കൊല്ലപ്പെട്ടിട്ടും ലോകത്തെ വൻശക്തികൾക്ക് കുലുക്കമൊന്നുമില്ല. അമേരിക്കയും ബ്രിട്ടനും ഫ്രാൻസുമടക്കമുള്ള പാശ്ചാത്യ സർക്കാരുകൾ ഇസ്രായിലിന് അതിശക്തമായ പിന്തുണ തുടരുന്നു. അവരുടെ പിന്തുണയോടെയാണ് ഇസ്രായിൽ ഇത്ര അറപ്പില്ലാതെ നരമേധം തുടരുന്നത്. ആശുപത്രികളിലും, ദുരിതാശ്വാസ ക്യാമ്പുകളിലും, ആംബുലൻസുകൾക്കുനേരെ പോലും ബോംബുകൾ വർഷിക്കുന്നത്. ആ പിന്തുണയാണ് ഗാസയിൽ വേണ്ടിവന്നാൽ ആണവായുധം പ്രയോഗിക്കുമെന്നുപോലും ഭീഷണിമുഴക്കാൻ ഒരു ഇസ്രായിൽ മന്ത്രിക്ക് ധൈര്യം നൽകിയത്.
യുദ്ധത്തിന്റെ അനുരണനങ്ങൾ ലോകമെങ്ങും പ്രതിഫലിക്കുന്നുണ്ട്. ഇസ്രായിലിന്റെ ക്രൂരതകൾ കണ്ട് മനം മടുത്ത് പത്തോളം രാജ്യങ്ങൾ അവിടെനിന്ന് തങ്ങളുടെ അംബാസഡർമാരെ പിൻവലിച്ചു. നയതന്ത്ര ബന്ധങ്ങൾ മരവിപ്പിച്ചു. അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലുമടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ആയിരങ്ങൾ പങ്കെടുക്കുന്ന യുദ്ധവിരുദ്ധ റാലികളാണ് ഓരോ ദിവസവും നടക്കുന്നത്. അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിലേക്ക് കഴിഞ്ഞ ദിവസം നടന്ന പ്രകടനത്തിൽ മുപ്പതിനായിരത്തോളം പേർ പങ്കെടുത്തുവെന്നാണ് കണക്ക്. ഫ്രാൻസിൽ ഫലസ്തീൻ അനുകൂല പ്രകടനത്തിന് സർക്കാർ അനുമതി നിഷേധിച്ചിട്ടും ആയിരങ്ങളാണ് വിലക്ക് ലംഘിച്ച് തെരുവിലിറങ്ങിയത്.
യുദ്ധം ഏറ്റവുമധികം അലയൊലികൾ സൃഷ്ടിച്ചിട്ടുണ്ട് കേരളത്തിലും. ഫലസ്തീൻ വിഷയം എക്കാലവും കേരളത്തിൽ ചർച്ചയായിട്ടുണ്ടെങ്കിലും ഇപ്പോൾ അതൊരു സോഷ്യൽ മീഡിയ യുദ്ധമാണ്. സംസ്ഥാനത്ത് അടുത്ത കാലത്തായി ശക്തി പ്രാപിച്ചിരിക്കുന്ന അത്യന്തം അപകടകരമായ മത, സാമുദായിക ചേരിതിരിവാണ് ഇവിടെയും കാണുന്നത്. മിസൈലുകളും ബോംബുകളും വീഴുന്നത് ഗാസയിലാണെങ്കിൽ, സമൂഹത്തിൽ ഛിദ്രതയുടെ പാരമ്യം സൃഷ്ടിക്കുന്ന വിദ്വേഷ പ്രചാണങ്ങളും വെല്ലുവിളികളുമാണ് യൂട്യൂബ് ചാനലുകളും, സോഷ്യൽ മീഡിയ പേജുകളും കമന്റുകളും വഴി കേരളത്തിൽ നടക്കുന്നത്. ഫലസ്തീൻ വിഷയത്തിന്റെ മൂലകാരണമോ, അത് ഇത്രയും വഷളവാൻ ഇടയാക്കിയ ചരിത്ര യാഥാർഥ്യങ്ങളോ കാണാതെ ഏത് കാടത്തത്തെയും ന്യായീകരിക്കുന്ന സ്ഥിതി. ലൈക്, ഷെയർ, പണം എന്നതുമാത്രമാണ് ചിലരുടെ ചിന്ത. കേരളത്തിലെ മുസ്ലിംകൾ സ്വാഭാവികമായും ഫലസ്തീനിലെ മർദിതരായ ജനതക്കൊപ്പമാണ്.
മുസ്ലിംകൾക്ക് വേദനിക്കുന്നതിൽ സന്തോഷം കൊള്ളുന്ന സംഘപരിവാർ അനുകൂലിളും, ക്രൈസ്തവരിലെ ഒരു വിഭാഗവുമാണ് ഇസ്രായിലിന്റെ ക്രൂരതകളെ ന്യായീകരിക്കുന്നത്. ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിനുള്ള തിരിച്ചടിയാണ് ഇസ്രായിൽ നടത്തുന്നതെന്നും, ഫല്സതീനികൾ ഇത് ചോദിച്ചുവാങ്ങിയതാണെന്നും, അവർ ഇത്തരത്തിൽ കൊല്ലപ്പെടേണ്ടവരാണെന്നുമൊക്കെയുള്ള കമന്റുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.
കഴിഞ്ഞ 75 വർഷമായി ഫലസ്തീനിൽ നടക്കുന്ന അധിനിവേശവും, ഇസ്രായിൽ നടത്തുന്ന നിഷ്ടുരതകളുമൊന്നും അവർക്ക് വിഷയമല്ല. ഹമാസിന്റെ ആക്രമണം ആക്രമണം ചുമ്മാതങ്ങ് സംഭവിച്ചതല്ലെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് പറഞ്ഞതുതന്നെ ആരാണ് യഥാർഥ കുറ്റവാളികളെന്ന് വ്യക്തമാക്കുന്നതാണ്.
ഫലസ്തീൻ വിഷയത്തിൽ നീതിപൂർവമായ നിലപാടാണ് മഹാത്മാ ഗാന്ധിയും ജവഹർലാൽ നെഹ്രുവുമടക്കമുള്ള ഇന്ത്യൻ നേതാക്കൾ തുടക്കം മുതൽ കൈക്കൊണ്ടത്. സ്വാതന്ത്ര്യാനന്തരം മാറിമാറിവന്ന കേന്ദ്ര സർക്കാരുകൾ നീതിനിഷേധം നേരിടുന്ന, നിരന്തരം അക്രമിക്കപ്പെടുന്ന ഫലസ്തീനി ജനതക്കൊപ്പമായിരുന്നു. ഇസ്രായിലുമായി നയതതന്ത്ര ബന്ധം ആരംഭിച്ചെങ്കിലും, ബി.ജെ.പിക്കാരനായ മുൻ പ്രധാനമന്ത്രി എ.ബി. വാജ്പേയിയും ഫലസ്തീനികളുടെ ന്യായമായ അവകാശങ്ങൾക്ക് പിന്തുണ നൽകിയിരുന്നു. നരേന്ദ്ര മോഡി പ്രധാനമന്ത്രി ആയതിനുശേഷമാണ് ഇന്ത്യൻ നിലപാട് പൂർണമായും ഇസ്രായിൽ അനുകൂലമാകുന്നത്. മുസ്ലിംകളെല്ലാം ശത്രുക്കളെന്ന ആർ.എസ്.എസ് നയം നടപ്പാക്കുന്നതിന്റെ ഭാഗമായിരുന്നു ഈ നിലപാടും. ഇന്ന് മോഡിയുടെ ഉറ്റ ചങ്ങാതിയാണ് നെതന്യാഹു. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു പ്രചാരണത്തിൽ തങ്ങളുടെ ഇസ്രായിൽ അനുകൂല നിലപാടും ഉപയോഗിക്കുകയാണ് ബി.ജെ.പി.
രാജ്യം ഭരിക്കുന്ന സംഘപരിവാർ ശക്തികളുടെ പ്രീതി പിടിച്ചുപറ്റുന്നതിന് കേരളത്തിലെ ക്രൈസ്തവർക്കിടയിൽ ചില സ്ഥാപിത താൽപര്യക്കാർ ബോധപൂർവം സൃഷ്ടിച്ചെടുത്ത മുസ്ലിം വിരുദ്ധത വളർന്നുപന്തലിച്ച് ഫലസ്തീൻ വിഷയത്തിലും എത്തിനിൽക്കുന്നതാണ് സോഷ്യൽ മീഡിയയിലൂടെ ഇപ്പോൾ ചീറിക്കൊണ്ടിരിക്കുന്നത്.
മണിപ്പൂരിലെ വർഗീയ കലാപത്തെതുടർന്ന് സംഘപരിവാറിന്റെ തനിനിറം മനസ്സിലാക്കിയ ക്രൈസ്തവ നേതൃത്വം ഇടക്കാലത്ത് യാഥാർഥ്യ ബോധത്തോടെ പ്രതികരിച്ചിരുന്നു. ആ അകൽച്ച മാറ്റിയെടുക്കാൻ തൽപരകക്ഷികൾ നടത്തിയ ശ്രമങ്ങൾക്ക് ഗാസ യുദ്ധം നല്ലൊരു അവസരമായി. മറുഭാഗത്ത് മുസ്ലിംകളാണെങ്കിൽ ഞങ്ങൾ ഒറ്റക്കെട്ട് എന്ന നിലയിലാണ് സംഘപരിവാർ അനുകൂലികളും, ക്രൈസ്തവരിലെ ഒരു വിഭാഗവും.
മുസ്ലിംകൾക്കെതിരിലാണെങ്കിൽ എന്ത് അസത്യം പ്രചരിപ്പിച്ചാലും സോഷ്യൽ മീഡിയയിൽ ഇഷ്ടം പോലെ ലൈക്കും ഷെയറും കിട്ടുമെന്ന് മുൻ ഡി.ജി.പി അലക്സാണ്ടർ ജേക്കബ് പറഞ്ഞത് സത്യമാണ്. അതുകൊണ്ടാണ് വിദ്വേഷ പ്രചാരകർ ഇങ്ങനെ പൂണ്ടുവിളയാടുന്നത്. അതേസമയം ഇസ്രായിലിനെ പൂർണമായി പിന്തുണച്ചില്ലെങ്കിലും തങ്ങൾക്ക് ഹിതകരമല്ലാത്തതെന്തെങ്കിലും പറഞ്ഞാൽ അവരുടെ മുൻകാല നിലപാടുകളൊന്നും പരിഗണിക്കാതെ സംഘപട്ടം ചാർത്തിക്കൊടുക്കാനും യാതൊരു മര്യാദയുമില്ലാതെ ആക്ഷേപിക്കാനും ഉത്സുകരാണ് മുസ്ലിംകളിലെ ഒരു വിഭാഗം. അസത്യങ്ങളും അർധസത്യങ്ങളും പടച്ചുവിട്ടാണ് അവരുടെ വിദ്വേഷ പ്രചാരണങ്ങൾ. ഗാസ യുദ്ധം കഴിഞ്ഞാലും ഈ സോഷ്യൽ മീഡിയ യുദ്ധത്തിന് അറുതി വരുമോ എന്നറിയില്ല.