അബുദാബി- യു.എ.ഇ പ്രഖ്യാപിച്ച പൊതുമാപ്പില്‍ രേഖകള്‍ ശരിയാക്കാന്‍ സാധിക്കുന്നവര്‍ക്ക് നൂറുകണക്കിന് തൊഴിലവസരങ്ങള്‍ ലഭ്യമാണെന്ന് ഇന്ത്യന്‍ അംബാസഡര്‍ നവദീപ് സിംഗ് സൂരി പറഞ്ഞു. വിസാ പദവി ശരിയാക്കുന്ന ധാരാളം ഇന്ത്യക്കാര്‍ പുതിയ തൊഴില്‍ അന്വേഷിക്കുന്നുണ്ടെന്നും ഇവര്‍ക്ക് ജോലി നല്‍കാന്‍ ഏതാനും ഇന്ത്യന്‍ കമ്പനികള്‍ തയാറായിട്ടുണ്ടെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പൊതുമാപ്പ് പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാരെ സഹായിക്കാന്‍ ആരംഭിച്ച കേന്ദ്രങ്ങളില്‍ വെച്ച് തന്നെ ഇന്റര്‍വ്യൂ നടത്താന്‍ രണ്ടുമൂന്ന കമ്പനികള്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഒരു കമ്പനി അബുദാബിയിലാണെന്നും മറ്റു കമ്പനികള്‍ ദുബായിലാണെന്നും അംബാസഡര്‍ ചോദ്യത്തിനു മറുപടി നല്‍കി. ക്ലീനിംഗ് ജോലി മുതല്‍ എക്‌സിക്യുട്ടീവ് തസ്തികകള്‍വരെ ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു. തൊഴിലവസരങ്ങളെ കുറിച്ചറിയാന്‍ എംബസിയുടെ ഹെല്‍പ് ലൈനുമായി ബന്ധപ്പെടാനും അദ്ദേഹം നിര്‍ദേശിച്ചു.
പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നതിന് വിവിധ കേന്ദ്രങ്ങളിലെത്തിയ ഇന്ത്യക്കാരുടെ എണ്ണം വളരെ കുറവാണെന്നും 49 അപേക്ഷ ലഭിച്ചതില്‍ 35 എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കിയതായും അംബാസഡര്‍ പറഞ്ഞു. അതേസമയം, കോണ്‍സുലേറ്റില്‍ 1360 അന്വേഷണങ്ങള്‍ ലഭിച്ചതായും ദബായ്, ഷാര്‍ജ, റാസല്‍ഖൈമെ എന്നിവിടങ്ങളില്‍നിന്നാണ് കൂടുതല്‍ അന്വേഷണമെന്നും കോണ്‍സുലേറ്റ് കോണ്‍സല്‍ വാസുദവ് പറഞ്ഞു. ചൊവ്വാഴ്ച വരെ കോണ്‍സുലേറ്റ് 186 എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റുകളാണ് ഇഷ്യൂ ചെയ്തത്.