ആലപ്പുഴ - കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി നല്‍കിയതിന്റെ പ്രതികാരമായി അതിജീവിതയുടെ വിവരങ്ങള്‍ പുറത്തുവിട്ട് തഹസില്‍ദാര്‍. വൈക്കം തഹസില്‍ദാര്‍ക്കെതിരെയാണ് കുട്ടിയുടെ കുടുംബം പരാതി നല്‍കിയത്. കുട്ടിയുടെ മാതാപിതാക്കള്‍ വ്യത്യസ്ത മതത്തില്‍ പെട്ടവരാണ്. മാസങ്ങള്‍ക്ക് മുമ്പ് ജാതി സര്‍ട്ടിഫിക്കറ്റിന് വേണ്ടി കുട്ടിയുടെ കുടുംബം തഹസില്‍ദാറെ സമീപിച്ചിരുന്നു. അന്ന് ഇയാള്‍ സര്‍ട്ടിഫിക്കറ്റിന് വേണ്ടി കൈക്കൂലി ആവശ്യപ്പെട്ടു. ഇതിനെതിരെ കുടുംബം വിജിലന്‍സിന് പരാതി നല്‍കുകയും വിജിലന്‍സ് തഹസില്‍ദാറുടെ ഓഫീസില്‍ റെയ്ഡ് നടത്തുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് കുട്ടി പീഡനത്തിന് ഇരയായത്. ഇതില്‍ പരാതിയുമായി കുട്ടിയുടെ കുടുംബം പൊലീസിനെ സമീപിച്ചു. അന്വേഷണത്തിന്റെ ഭാഗമായി സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യത്തിനാണ് പോലീസ് തഹസില്‍ദാറെ സമീപിച്ചത്. ഈ സമയം രേഖകളില്‍ നിന്ന് കുട്ടിയുടെ വിവരങ്ങള്‍ മനസിലാക്കിയ തഹസില്‍ദാര്‍ ഇവ കുടുംബാംഗങ്ങള്‍ക്കും നാട്ടിലെ സാമുദായിക സംഘടനകള്‍ക്കും ഫോണില്‍ കൈമാറുകയായിരുന്നുവെന്നാണ് പരാതി. തഹസില്‍ദാര്‍ക്കെതിരെ കുട്ടിയുടെ കുടുംബം ജില്ലാ ശിശുക്ഷേമ സമിതിക്കും പൊലീസിനും പരാതി നല്‍കി .