ജിദ്ദ- അടുത്തമാസം നടക്കുന്ന ഇരുപതാമത് ഫിഫ ക്ലബ് വേൾഡ് കപ്പിന്റെ ജേതാക്കൾക്കുള്ള ട്രോഫി ജിദ്ദയിൽ പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കുന്നു. ബലദിലെ ഹിസ്റ്റോറിക് സിറ്റിയിൽ പ്രത്യേകമായി സജ്ജീകരിച്ച സ്ഥലത്ത് റോഡ്‌ഷോ എന്ന പേരിലാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. നവംബർ പതിനെട്ട് വരെയാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്. പ്രവേശം സൗജന്യമാണ്. ഇതിനോടനുബ്ധിച്ച് ട്രോഫി കാണാനെത്തുന്ന കുട്ടികൾക്കും മുതിർന്നവർക്കും വിവിധ തരത്തിലുള്ള മത്സരങ്ങളും സ്‌റ്റോളുകളും പ്രദർശന സ്ഥലത്ത് സജ്ജീകരിച്ചിട്ടുണ്ട്.
ഡിസംബർ 12 മുതൽ 22 വരെ കിംഗ് അബ്ദുല്ല സ്‌പോർട്‌സ് ഗ്രൗണ്ടിലും പ്രിൻസ് അബ്ദുല്ല അൽഫൈസൽ ഗ്രൗണ്ടിലുമാണ് ടൂർണമെന്റ് നടക്കുക. റോഷൻ ലീഗ് ചാമ്പ്യൻമാരായ സൗദിയിലെ അൽ ഇത്തിഹാദ്, ആഫ്രിക്കൻ ചാമ്പ്യൻസ് ലീഗ് ചാമ്പ്യൻമാരായ ഈജിപ്തിൽ നിന്നുള്ള അൽ അഹ്‌ലി, യൂറോപ്യൻ ചാമ്പ്യൻ മാഞ്ചസ്റ്റർ സിറ്റി, ഏഷ്യയിലെ ജാപ്പനീസ് ചാമ്പ്യൻ ഉറേവ റെഡ് ഡയമണ്ട്‌സ്, കോൺകാകാഫ് മെക്‌സിക്കൻ ചാമ്പ്യൻ ക്ലബ് ലിയോൺ, ഓഷ്യാനിയയിലെ ചാമ്പ്യൻമാരായ ന്യൂസിലൻഡിലെ ഓക്ക്‌ലാൻഡ് സിറ്റി എന്നീ ടീമുകൾ ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബാളിൽ സൗദിയിൽ മാറ്റുരക്കും.