Sorry, you need to enable JavaScript to visit this website.

പാടം നികത്തി, പൃഥ്വിരാജിന്റെ സിനിമാ സെറ്റ് നിര്‍മാണം തടഞ്ഞു

കൊച്ചി- അനധികൃതമായി പാടം നികത്തിയെന്ന പരാതിയില്‍ പൃഥ്വിരാജ് ചിത്രത്തിന്റെ സെറ്റ് നിര്‍മാണം തടഞ്ഞ് പെരുമ്പാവൂര്‍ നഗരസഭ. പൃഥ്വിരാജിനെ നായകനാക്കി വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന 'ഗുരുവായൂരമ്പല നടയില്‍' എന്ന ചിത്രത്തിന്റെ സെറ്റ് നിര്‍മാണമാണ് നഗരസഭ തടഞ്ഞത്.

അനധികൃതമായി മണ്ണിട്ടു നികത്തിയ സ്ഥലത്ത് സിനിമാ സെറ്റ് നിര്‍മിക്കുന്നതിനെതിരെ നഗരസഭ സ്‌റ്റോപ്പ് മെമ്മോ നല്‍കി. വെട്ടിക്കനാക്കുടി വി.സി ജോയിയുടെ മകന്‍ ജേക്കബ് ജോയിയുടെ ഉടമസ്ഥതയില്‍ 12ാം വാര്‍ഡില്‍ കാരാട്ടുപളളിക്കരയിലാണു ഗുരുവായൂര്‍ അമ്പത്തിന്റെ മാതൃകയിലുള്ള സെറ്റ് നിര്‍മാണം നടക്കുന്നത്. പ്ലൈവുഡും കഴകളും സ്റ്റീല്‍ സ്‌ക്വയര്‍ പൈപ്പും പോളിത്തീന്‍ ഷീറ്റും ഉപയോഗിച്ച് ഒരു മാസമായി നിര്‍മാണ പ്രവൃത്തികള്‍ നടന്നുവരികയായിരുന്നു.
പാടം മണ്ണിട്ടു നികത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നിര്‍മാണം തടഞ്ഞുകൊണ്ടുള്ള നഗരസഭയുടെ നടപടി. സെറ്റ് നിര്‍മാണത്തിന് അധികൃതര്‍ അനുമതി വാങ്ങിയിട്ടില്ലെന്നാണ് നഗരസഭാ അധികൃതര്‍ പറയുന്നത്.
എന്നാല്‍ നിര്‍മ്മാണത്തിനുള്ള അനുമതിക്കായി നഗരസഭയില്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും കൗണ്‍സില്‍ യോഗത്തില്‍ പരിഗണിക്കാമെന്നാണ് അറിയിച്ചിരിക്കുന്നതെന്നും സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

 

Latest News