Sorry, you need to enable JavaScript to visit this website.

പകല്‍ക്കൊള്ള: ഗള്‍ഫ് സെക്ടറില്‍  വിമാന യാത്രാ നിരക്ക് അഞ്ചിരട്ടിയായി 

തൃശൂര്‍-ക്രിസ്മസ് സീസണ്‍ മുന്നില്‍ക്കണ്ട് ട്രാവല്‍ ഏജന്‍സികള്‍ കൂട്ടത്തോടെ വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നത് ഗള്‍ഫിലേക്കും തിരിച്ചുമുള്ള ടിക്കറ്റ് നിരക്ക് വര്‍ദ്ധനവിന് ആക്കം കൂട്ടുന്നു. ക്രിസ്മസിന് ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് അഞ്ചിരട്ടി വര്‍ദ്ധിച്ചിട്ടുണ്ട്.
വിമാന കമ്പനികള്‍ മാസങ്ങള്‍ക്ക് മുന്‍പേ ഏജന്‍സികളുമായി നിരക്കില്‍ ധാരണയുണ്ടാക്കി, ഗ്രൂപ്പ് ടിക്കറ്റിന്റെ മറവില്‍ പകുതിയോളം ടിക്കറ്റുകള്‍ മറിച്ചുനല്‍കും. ഇതോടെ വെബ്‌സൈറ്റുകളില്‍ ടിക്കറ്റുകളുടെ എണ്ണം കുറയുകയും ആവശ്യക്കാര്‍ കൂടുകയും ചെയ്യും. ശേഷിക്കുന്ന ടിക്കറ്റുകള്‍ക്ക് കമ്പനികള്‍ക്ക് തോന്നിയപോലെ നിരക്ക് വര്‍ദ്ധിപ്പിക്കാം. നിരക്കിളവ് പ്രതീക്ഷിച്ച് മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാനും സാധിക്കില്ല.
പൂഴ്ത്തിവച്ച ടിക്കറ്റുകള്‍ സീസണ്‍ ആരംഭിക്കുമ്പോള്‍ ട്രാവല്‍ ഏജന്‍സികള്‍ പുറത്തെടുക്കും. സൈറ്റുകളിലുള്ളതിനേക്കാള്‍ 1,000 രൂപ വരെ ഏജന്‍സികള്‍ കുറച്ചു നല്‍കുമെങ്കിലും പല മടങ്ങ് ലാഭം ഇവരിലേക്കെത്തും. ഓണം, പെരുന്നാള്‍, ക്രിസ്മസ്, വേനലവധി കാലത്താണ് ഏജന്‍സികളുടെ ഈ തന്ത്രം. സീസണില്‍ സര്‍വീസുകള്‍ വര്‍ദ്ധിപ്പിക്കുകയോ കൂടുതല്‍ സീറ്റുകളുള്ള വലിയ വിമാനങ്ങള്‍ ഉപയോഗിക്കുകയോ വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം. ഏജന്‍സികളുടെ ഗ്രൂപ്പ് ബുക്കിംഗും നിയന്ത്രിക്കണം. ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്ക് ആഴ്ചയില്‍ 65,000 സീറ്റാണ് അനുവദിച്ചിട്ടുള്ളത്. സീസണില്‍ ഒരുലക്ഷത്തോളം യാത്രക്കാരുണ്ടാവും. യു.എ.ഇയിലെ വിമാന കമ്പനികള്‍ക്ക് അധിക സര്‍വീസിന് താത്പര്യമുണ്ട്. ഇതിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിക്കണം. വിമാന സര്‍വീസുകള്‍ കുറഞ്ഞത് സൗദി സെക്ടറിലും യാത്രാ ക്ലേശമുണ്ടാക്കുന്നു. 


 

Latest News