Sorry, you need to enable JavaScript to visit this website.

നിങ്ങള്‍ വാങ്ങുന്ന വേതനത്തിന് ചോരയുടെ ഗന്ധമുണ്ട്, ഏഷ്യാനെറ്റ് ഫലസ്തീന്‍ ചര്‍ച്ചക്കെതിരെ എം.സ്വരാജ്

കൊച്ചി- ഫലസ്തീന്‍ കേരളത്തിലോ എന്ന തലക്കെട്ടില്‍ ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ ചര്‍ച്ചക്കെതിരെ വിമര്‍ശനവുമായി സിപിഎം നേതാവ് എം സ്വരാജ്. ഫലസ്തീന്‍ കേരളത്തില്‍ തന്നെയാണെന്നും അവിടെ കൊല്ലപ്പെടുന്നവര്‍ തങ്ങളുടെ സഹോദരന്മാരാണെന്നും അദ്ദേഹം പറഞ്ഞു. ഫലസ്തീന്‍ കേരളത്തിലോ എന്ന അരാഷ്ട്രീയതയുടെ അശ്ലീല ചോദ്യമുയര്‍ത്തിയവര്‍ ഒന്ന് സ്റ്റുഡിയോയുടെ പുറത്തിറങ്ങി നോക്കണമെന്നും ഇന്ന് ലോകമാകെ പാറുന്നത് ഫലസ്തീന്റെ പതാകയാണെന്നും സ്വരാജ് പറഞ്ഞു.

മനുഷ്യത്വം കൈമോശം വന്നിട്ടില്ലാത്ത ലോകജനത മുദ്രാവാക്യം മുഴക്കുന്നത് ഫലസ്തീനുവേണ്ടിയാണ്. ലണ്ടനിലെ പ്രതിഷേധറാലിയില്‍ മൂന്ന് ലക്ഷത്തിലധികം ജനങ്ങളാണ് അണിനിരന്നത്. ഫലസ്തീന്‍ ലണ്ടനിലോ എന്ന ചോദ്യം അവിടെ ഒരു മാധ്യമവും ഉയര്‍ത്തിയിട്ടില്ല. റോമില്‍, ഡബ്ലിനില്‍, ഗ്ലാസ്‌ഗോയില്‍, ജനീവയില്‍, സ്വീഡനില്‍, ടൊറന്റോയില്‍, ഡെന്മാര്‍ക്കില്‍, തുര്‍ക്കിയില്‍, ജോര്‍ദാനില്‍... എന്തിനധികം അമേരിക്കയിലെ ജൂതന്‍മാര്‍ ഇസ്രായേല്‍ ക്രൂരതയ്‌ക്കെതിരെ വാഷിംഗ്ടണിലെ കാപ്പിറ്റോള്‍ ഹില്ലിലേക്ക് നടത്തിയ കൂറ്റന്‍ പ്രതിഷേധ മാര്‍ച്ച് മുതല്‍ നെതന്യാഹുവിന്റെ വീടിനു മുന്നില്‍ പ്രതിഷേധ റാലി നടത്തിയ ജറുസലേമിലെ ജൂതസമൂഹം വരെ പലസ്തീനിലെ വേട്ടയാടപ്പെടുന്ന മനുഷ്യരോടൊപ്പമാണെന്ന് എത്ര നൂറ്റാണ്ടുകള്‍ കഴിഞ്ഞാലാണ് നിങ്ങള്‍ക്ക് മനസിലാവുക?  ഫലസ്തീന്‍ കേരളത്തിലാണ് ...ഫലസ്തീന്‍ സ്വീഡനിലാണ്, റോമിലാണ് , ലണ്ടനിലാണ്, അമേരിക്കയിലാണ്......ഭൂമിയില്‍ 'മനുഷ്യ'രുള്ള ഓരോതരി മണ്ണും ഇന്നു പലസ്തീനാണ്' എം സ്വരാജ് ഫേസ്ബുക്കില്‍ കുറിച്ചു.

എം സ്വരാജിന്റെ കുറിപ്പ് വായിക്കാം

അതെ, പലസ്തീന്‍ കേരളത്തിലാണ്

*   *   *   *   *   *   *   *   *   *   *   *   *   *

'എങ്ങു മനുഷ്യനു ചങ്ങല കൈകളിലങ്ങെന്‍ കൈയുകള്‍ നൊന്തീടുകയാണെങ്ങോ മര്‍ദ്ദനമവിടെ പ്രഹരം വീഴുവതെന്റെ പുറത്താകുന്നു......'

ലോകത്തെവിടെയും ഒരു മനുഷ്യനെ ചങ്ങലകളാല്‍ ബന്ധിക്കുമ്പോള്‍ വേദനിക്കുന്നത്  തന്റെ കൈകളാണെന്നും ഏതൊരുവന് മര്‍ദ്ദനമേല്‍ക്കുമ്പോഴും ആ പ്രഹരം പതിയ്ക്കുന്നത് സ്വന്തം ശരീരത്തിലാണെന്നും  ഹൃദയം കൊണ്ടെഴുതിയത് എന്‍ വി കൃഷ്ണവാര്യരായിരുന്നു. 'ആഫ്രിക്ക ' എന്ന കവിതയില്‍ എന്‍ വി ഇങ്ങനെ തുടരുന്നു 'എങ്ങെഴുന്നേല്പാന്‍ പിടയും മാനുഷ  നവിടെജ്ജീവിച്ചീടുന്നു ഞാന്‍ . ഇന്നാഫ്രിക്കയിതെന്‍ നാടവളുടെ ദുഖത്താലേ ഞാന്‍ കരയുന്നു.. ' ഇന്നു തന്റെ നാടിന്റെ പേര് 'ആഫ്രിക്ക' എന്നാണെന്ന് കവി പ്രഖ്യാപിക്കുന്നു.

എന്‍ വി കൃഷ്ണവാര്യര്‍ 'ആഫ്രിക്ക' എഴുതുമ്പോള്‍ ഏഷ്യാനെറ്റ് ഉണ്ടായിരുന്നില്ല. അതിനാല്‍ 'ആഫ്രിക്ക കേരളത്തിലോ ? 'എന്ന ചോദ്യം അദ്ദേഹത്തിന് കേള്‍ക്കേണ്ടി വന്നിട്ടുമില്ല.

അമേരിക്കന്‍ ഉപരോധത്താല്‍ ദുരിതമനുഭവിക്കുന്ന ക്യൂബന്‍ ജനതയെ സഹായിക്കാന്‍ വീടും കടയും കയറിയിറങ്ങി ഭക്ഷ്യധാന്യങ്ങള്‍ ശേഖരിച്ച്  ഹവാനയില്‍ എത്തിച്ചു നല്‍കിയത്  ഡി വൈ എഫ് ഐ ആയിരുന്നു. 'ക്യൂബ കേരളത്തിലോ ? 'എന്ന് അന്നാരും ചോദിച്ചിട്ടില്ല.

സാമ്രാജ്യത്വ അധിനിവേശം ഇറാഖിനെ ശവപ്പറമ്പാക്കിയപ്പോഴാണ് ജീവന്‍രക്ഷാ മരുന്നുകള്‍ ലഭിക്കാതെ ആയിരക്കണക്കിന് കുഞ്ഞുങ്ങള്‍ അവിടെ മരിച്ചു വീണത്. ഹൃദയം നുറുങ്ങുന്ന വാര്‍ത്ത പുറത്തു വന്നയുടന്‍ മെഡിക്കല്‍ സ്‌റ്റോറുകളും ആശുപത്രികളും കയറിയിറങ്ങി മരുന്നുകള്‍ ശേഖരിച്ച് ബാഗ്ദാദില്‍ എത്തിച്ചു നല്‍കിയതും ഡിവൈഎഫ്‌ഐ ആയിരുന്നു.

' ഇറാഖ് കേരളത്തിലോ ? ' എന്നൊരു ചോദ്യം അന്നാരും കേട്ടിട്ടില്ല. നിക്കരാഗ്വയിലെ കാപ്പി കര്‍ഷകരെ സഹായിക്കാന്‍ സാമ്രാജ്യത്വ വിരുദ്ധ മുദ്രാവാക്യങ്ങളോടെ 'കോഫീ ബ്രിഗേഡില്‍' അംഗങ്ങളായി വിദ്യാര്‍ത്ഥി  യുവജന പോരാളികള്‍ നിക്കരാഗ്വയിലേക്ക് പുറപ്പെട്ടപ്പോഴും 'നിക്കരാഗ്വ കേരളത്തിലോ' എന്ന ചോദ്യം ഒരിടത്തു നിന്നും ഉയര്‍ന്നിട്ടില്ല. ഹൈസ്‌കൂളില്‍ പഠിക്കുമ്പോഴാണ് മഹാരാഷ്ട്രയിലെ ലാത്തൂരില്‍ ഭൂകമ്പമുണ്ടായത്. ആയിരങ്ങള്‍ മരിച്ച വാര്‍ത്തയറിഞ്ഞ ഞങ്ങള്‍ അന്നുതന്നെ എസ് എഫ് ഐ യൂണിറ്റു കമ്മിറ്റി ചേര്‍ന്ന് ദുരിതാശ്വാസ ഫണ്ടു പിരിക്കാന്‍ തീരുമാനിച്ചു. ബക്കറ്റുമായി ഫണ്ടു പിരിവിനിറങ്ങിയപ്പോള്‍ നാട്ടിന്‍പുറത്ത് ഒരാള്‍ പോലും 'മഹാരാഷ്ട്ര കേരളത്തിലോ ?'എന്ന ചോദ്യമുന്നയിച്ചില്ല.

അങ്ങനെ എത്രയെത്ര അനുഭവങ്ങള്‍. നെല്‍സണ്‍ മണ്ടേലയെ ജയിലിലടച്ചതിനെതിരെ പ്രകടനം നടക്കാത്ത ഒരൊറ്റ കലാലയമോ തെരുവോ കേരളത്തിലില്ലെന്ന് ഏഷ്യാനെറ്റിനറിയുമോ ? അമേരിക്കയ്‌ക്കെതിരെ വിയറ്റ്‌നാമിന് ഐക്യദാര്‍ഢ്യവുമായി ആര്‍ത്തിരമ്പിയ ലോകമെങ്ങുമുള്ള കലാലയങ്ങളുടെ ചരിത്രം ഏഷ്യനെറ്റിനറിയുമോ ? ആ സമരക്കൊടുങ്കാറ്റ് അമേരിക്കന്‍ കലാലയങ്ങളില്‍ പോലും ആഞ്ഞു വീശിയതിന്റെയും സ്വന്തം വിദ്യാര്‍ത്ഥികളെ വെടിവെച്ചു കൊന്ന അമേരിക്കന്‍ സൈന്യത്തിന്റെയും ചരിത്രം ഏഷ്യാനെറ്റ് കേട്ടിട്ടുണ്ടോ ?

സദ്ദാം ഹുസൈനെ തൂക്കിലേറ്റിയെന്ന വാര്‍ത്ത അല്‍ ജസീറ ടി വി പുറത്തുവിട്ട് മിനുട്ടുകള്‍ക്കുള്ളില്‍ തിരുവനന്തപുരത്ത് സാമ്രാജ്യത്വ വിരുദ്ധ പ്രകടനം നടത്തിയ വിദ്യാര്‍ത്ഥികള്‍ പ്രതീകാത്മകമായി അമേരിക്കന്‍ പ്രസിഡന്റിനെ തൂക്കിലേറ്റിയത് ഏഷ്യാനെറ്റിന് ഓര്‍മയുണ്ടോ ? കേരളത്തിന്റെ ശത്രുപക്ഷത്ത് അണിനിരക്കുന്നവര്‍ ചരിത്രം മറക്കരുത്. വിശ്വമാനവികതയുടെ പതാകയേന്തുന്ന നാടാണു കേരളം. 'എഴുന്നേല്പാന്‍ പിടയുന്ന ' മനുഷ്യര്‍ക്കിടയിലാണ്, അവരോടൊപ്പമാണ് മലയാളികള്‍.  പലസ്തീനില്‍ നടക്കുന്നത് സമീപ ചരിത്രത്തിലെങ്ങും കണ്ടിട്ടില്ലാത്ത മനുഷ്യക്കുരുതിയാണ്. മറ്റൊന്നുമായും താരതമ്യപ്പെടുത്താനാവാത്ത മനുഷ്യക്കുരുതി. സ്വന്തം ജനതയുടെ ചോരയില്‍ കഴുത്തറ്റം മുങ്ങിനില്‍ക്കുന്ന പലസ്തീനിലെ അവശേഷിക്കുന്ന മനുഷ്യരോട് ഐക്യപ്പെടേണ്ടത് ഈ ഭൂമിയിലെ സകലരുടെയും കടമയാണ്.

ഇവിടെ ഞങ്ങള്‍ നിര്‍വഹിക്കുന്നത് ആ കടമയാണ് . അപ്പോള്‍ 'പലസ്തീന്‍ കേരളത്തിലോ ? ' എന്നു ചോദിക്കുന്നവരേ നിങ്ങളോട് ഞങ്ങള്‍ ഉറപ്പിച്ചു പറയുന്നു: അതെ, പലസ്തീന്‍ കേരളത്തിലാണ്. കേരളത്തില്‍ തന്നെയാണ്. അവിടെ കൊല്ലപ്പെട്ടവര്‍ ഞങ്ങളുടെ സഹോദരങ്ങളുമാണ് .     

'പലസ്തീന്‍ കേരളത്തിലോ ? ' എന്ന അരാഷ്ട്രീയതയുടെ അശ്ലീല ചോദ്യം ഉയര്‍ത്തിയവര്‍ ഒന്നു സ്റ്റുഡിയോക്കു പുറത്തിറങ്ങി നോക്കൂ. ഇന്ന് ലോകമാകെ പാറുന്നത് പലസ്തീന്റെ പതാകയാണ്. മനുഷ്യത്വം കൈമോശം വന്നിട്ടില്ലാത്ത ലോകജനത മുദ്രാവാക്യം മുഴക്കുന്നത് പലസ്തീനു വേണ്ടിയാണ്. ലണ്ടനിലെ പ്രതിഷേധ റാലിയില്‍ മൂന്ന് ലക്ഷത്തിലധികം മനുഷ്യരാണ് അണിനിരന്നത്. പലസ്തീന്‍ ലണ്ടനിലോ ? എന്ന ചോദ്യം അവിടെ ഒരു മാധ്യമവും ഉയര്‍ത്തിയിട്ടില്ല. റോമില്‍, ഡബ്ലിനില്‍, ഗ്ലാസ്‌ഗോയില്‍, ജനീവയില്‍ , സ്വീഡനില്‍, ടൊറോന്റോയില്‍ , ഡെന്മാര്‍ക്കില്‍ ,  തുര്‍ക്കിയില്‍ , ജോര്‍ദ്ദാനില്‍ .....

എന്തിനധികം അമേരിക്കയിലെ ജൂതന്‍മാര്‍ ഇസ്രായേല്‍ ക്രൂരതയ്‌ക്കെതിരെ വാഷിംഗ്ടണിലെ കാപ്പിറ്റോള്‍ ഹില്ലിലേക്ക് നടത്തിയ കൂറ്റന്‍ പ്രതിഷേധ മാര്‍ച്ചു മുതല്‍ നെതന്യാഹുവിന്റെ വീടിനു മുന്നില്‍ പ്രതിഷേധ റാലി നടത്തിയ ജറുസലേമിലെ ജൂതസമൂഹം വരെ പലസ്തീനിലെ വേട്ടയാടപ്പെടുന്ന മനുഷ്യരോടൊപ്പമാണെന്ന് എത്ര നൂറ്റാണ്ടുകള്‍ കഴിഞ്ഞാലാണ് നിങ്ങള്‍ക്ക് മനസിലാവുക? ലോകത്തെവിടെയും മുറിവേറ്റു പിടയുന്ന മനുഷ്യന് സ്വന്തം സഹോദരന്റെ മുഖമാണെന്നു തിരിച്ചറിയാന്‍ നിങ്ങള്‍ക്ക് ഇനിയുമെത്ര കാലം കഴിയണം..?  ഭൂമിയിലാകെ പലസ്തീനു വേണ്ടി ഉയരുന്ന മനുഷ്യത്വത്തിന്റെ ശബ്ദം കേള്‍ക്കാനാവാത്തവിധം  വര്‍ഗീയവിഷത്താല്‍ സ്വാധീനിക്കപ്പെട്ടവരെ,

പലസ്തീന്‍ കേരളത്തിലാണ് ...പലസ്തീന്‍ സ്വീഡനിലാണ്, റോമിലാണ് , ലണ്ടനിലാണ്, അമേരിക്കയിലാണ്......ഭൂമിയില്‍ 'മനുഷ്യ'രുള്ള ഓരോതരി മണ്ണും ഇന്നു പലസ്തീനാണ്.

പനവിളയില്‍ സയണിസ്റ്റ് മിസൈല്‍ പതിയ്ക്കാത്തിടത്തോളം ഇതൊന്നും തങ്ങളെ ബാധിക്കില്ലെന്ന് വിശ്വസിക്കാന്‍ നിങ്ങള്‍ക്കവകാശമുണ്ട്.  പാര്‍ലമന്റംഗത്വം മാത്രമല്ല മന്ത്രി സ്ഥാനവും വിലയ്ക്കു വാങ്ങാമെന്ന് തെളിയിച്ച മുതലാളിയെ പ്രീതിപ്പെടുത്താന്‍ സ്വന്തം മനസാക്ഷിയെ സ്റ്റുഡിയോയുടെ ഇത്തിരി ചതുരത്തിനു വെളിയില്‍ പൂട്ടി വെയ്ക്കാനും നിങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ട്.

പക്ഷേ, കുഞ്ഞുങ്ങളുടെ നിലവിളി ലോകമെങ്ങും മാറ്റൊലിക്കൊള്ളുന്ന നേരത്തു പോലും ചുറ്റും തൊമ്മിമാരെ ഇരുത്തി പരിഹാസക്കച്ചേരി നടത്തുന്ന സുഹൃത്തേ ,നിങ്ങള്‍ വാങ്ങുന്ന വേതനത്തിന് കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ ചോരയുടെ ഗന്ധമുണ്ടെന്ന് മറക്കാതിരിക്കുക.

 

Latest News