തിരുവനന്തപുരം - ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് മുൻ എം.പിയും സി.പി.എം നേതാവുമായ എ സമ്പത്തിനെ മാറ്റി. കേരളാ ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ മുൻ നേതാവും മുൻ മന്ത്രി ടി.പി രാമകൃഷ്ണന്റെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന കെ ശിവകുമാറിനാണ് പുതിയ ചുമതല.
2021 ജൂലൈയിലാണ് സമ്പത്തിനെ പാർട്ടി മന്ത്രി കെ രാധാകൃഷ്ണന്റെ പി.എസ് ആയി നിയോഗിച്ചത്. എന്നാൽ മന്ത്രിയുടെ അതൃപ്തിയെ തുടർന്ന് പാർട്ടി സമ്പത്തിനെ സംഘടന രംഗത്തേക്ക് മാറ്റാനാണ് നീക്കമെന്നാണ് വിവരം. മന്ത്രി കെ രാധാകൃഷ്ണനും സമ്പത്തും ദീർഘനാളായി അഭിപ്രായ ഭിന്നതയിലാണെന്നാണ് പറയുന്നത്. തുടർന്നാണ് സി.പി.എം സംസ്ഥാന കമ്മിറ്റി മാറ്റാൻ തീരുമാനിച്ചത്.
മൂന്ന് തവണ ആറ്റിങ്ങൽ എം.പിയായിരുന്നു എ സമ്പത്ത് 2019-ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ അടൂർ പ്രകാശിനോട് തോൽക്കുകയായിരുന്നു. തുടർന്ന് ഒന്നാം പിണറായി സർക്കാർ ഡൽഹിയിൽ ക്യാബിനറ്റ് പദവിയോടെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടിയായി നിയമിച്ചത് ഏറെ വിവാദമായിരുന്നു. എന്നാൽ രണ്ടാം പിണറായി സർക്കാറിൽ സമ്പത്തിനെ വീണ്ടും അതേ പദവയിൽ കുടിയിരുത്താൻ സർക്കാർ തയ്യാറിയില്ല. ജില്ലാ കമ്മിറ്റിയംഗമായിരുന്ന സമ്പത്തിനെ 2022-ൽ പാർട്ടി പ്രവർത്തനം ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടി തരംതാഴ്ത്തിയിരുന്നു.