ആലപ്പുഴ - ഹരിപ്പാട് ക്ഷേത്രത്തിലെ ഗജവീരന്‍ സ്‌കന്ദന്റെ കൊമ്പുകള്‍ മുറിച്ചുമാറ്റി. കൊമ്പുകള്‍ ക്രമാതീതമായി വളര്‍ന്നതിനെ തുടന്നാണ് മുറിച്ചത്. ക്ഷേത്രത്തിന് സമീപത്തെ കൊട്ടാരവളപ്പില്‍വെച്ചായിരുന്നു കൊമ്പുകള്‍ മുറിച്ചത്. ഫോറസ്റ്റ് വെറ്റിനറി ഡോ. ശ്യാം ചന്ദ്രന്‍ ആനയെ പരിശോധിച്ച് കൊമ്പുകളുടെ നീളവും വണ്ണവും അളന്ന് രേഖപ്പെടുത്തി. തുടര്‍ന്ന് എറണാകുളം-എളമക്കര സ്വദേശി വിനയനാണ് സ്‌കന്ദന്റെ കൊമ്പുകള്‍ മുറിച്ചത്. വലത്തെ കൊമ്പിന്റെ 50 സെന്റീമീറ്ററും ഇടത്തെ കൊമ്പിന്റെ 42 സെന്റീമീറ്ററുമാണ് മുറിച്ചത്.
ആറാം തവണയാണ് സ്‌കന്ദന്റെ കൊമ്പുകള്‍ മുറിക്കുന്നത്. അവസാനമായി മുറിച്ചത് 2017ല്‍ ആണ്. 3 മണിക്കൂര്‍ കൊണ്ടാണ് കൊമ്പുകള്‍ മുറിച്ച് അഗ്രം മുല്ലപ്പൂ മോട്ടിന്റെ ആകൃതിയില്‍ ആക്കിയത്. കഴിഞ്ഞ അഞ്ച് പ്രാവശ്യവും വിനയന്‍ തന്നെയാണ് സ്‌കന്ദന്റെ കൊമ്പുകള്‍ മുറിച്ചത്.
കൊമ്പുകള്‍ അമിതമായി വളര്‍ന്നാല്‍ ആനകള്‍ക്ക് തീറ്റ എടുക്കാന്‍ ബുദ്ധിമുട്ടാകും. കൂടാതെ ആനയുടെ ഭംഗിയും കുറയും. ഇതിനെ തുടര്‍ന്നാണ് കൊമ്പുകള്‍ മുറിച്ചത്. ദേവസ്വം അസി. കമ്മീഷണര്‍ കെ.ആര്‍ ശ്രീലത, ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസര്‍മാരായ ഹരികുമാര്‍, എന്‍. സുരേഷ്, ചെങ്ങനൂര്‍ റേഞ്ച് ഓഫിസര്‍ അജയകുമാര്‍, ഡപ്യൂട്ടി റേഞ്ച് ഓഫിസര്‍ ആരിഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മുറിച്ചെടുത്ത കൊമ്പുകള്‍ക്ക് 10 കിലോഗ്രാമോളം തൂക്കമുണ്ട്. ഇത് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങി.