കോട്ടയം - പ്രമുഖ രാജ്യാന്തര ഹൈപ്പർമാർക്കറ്റ് മാൾ ശൃംഖലയായ ലുലു മാളിന്റെ ഷോപ്പിംഗ് അനുഭവം ഇനി കോട്ടയത്തും. കോട്ടയത്തെ ലുലു മിനി ഹൈപ്പർ മാളിന്റെ നിർമാണം അതിവേഗം പൂർത്തിയായി വരുന്നു. കെട്ടിടത്തിന്റെ കോൺക്രീറ്റ് പണികൾ അവസാന ഘട്ടത്തിലായി. എംസി റോഡിൽ കോട്ടയം-തിരുവനന്തപുരം റൂട്ടിൽ നഗരകവാടമായ കോടിമതയ്ക്കു സമീപം മണിപ്പുഴയിലാണ് മാൾ. നാട്ടകം സിമന്റ് കവലയ്ക്ക് അടുത്ത് ടൊയോട്ട ഷോറൂമിന് എതിർവശത്ത് മാൾ റോഡിൽ നിന്നും ദൃശ്യമാകുന്ന തലത്തിലേക്ക് നിർമാണം എത്തിക്കഴിഞ്ഞു. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ നിന്നുളളവർക്ക് എത്താൻ കഴിയുന്ന ഇടത്താണ് മാൾ. കുമരകം മേഖലയിലേക്കുളള പടിഞ്ഞാറൻ ബൈപാസും കിഴക്കൻ ബൈപാസും സംഗമിക്കുന്നത് സമീപത്താണ്.
ഡിസംബറോടെ നിർമാണം പൂർത്തിയാക്കി അടുത്ത വർഷം മാർച്ചോടെ ഉദ്ഘാടനം നടത്താനാണു ലക്ഷ്യമെന്നാണ് അറിയുന്നത്. കെട്ടിടത്തിന്റെ ഗ്ലാസ് വർക്കുകളാണ് ഇപ്പോൾ നടക്കുന്നത്. കോട്ടയത്തിന്റെ മുഖച്ഛായ മാറ്റുന്ന മാളിന് എസി റോഡിലേക്കും കിഴക്കൻ ബൈപാസിലേക്കും പ്രവേശന - നിർഗമന കവാടങ്ങൾ ഉണ്ടാവും. 30,000 ചതുരശ്ര മീറ്റർ വലുപ്പമുള്ള കെട്ടിടത്തിൽ താഴെ രണ്ടു നിലകൾ പാർക്കിംഗിനാണ്. അഞ്ഞൂറോളം കാറുകൾക്കും അതിലധികം ഇരു ചക്രവാഹനങ്ങൾക്കും പാർക്ക് ചെയ്യാം. 500 പേർക്കിരിക്കാവുന്ന ഫുഡ് കോർട്ട്, 10 ഭക്ഷണ ഔട്ലറ്റുകൾ എന്നിവയുണ്ടാകും. കുട്ടികൾക്കുളള ഗെയിമുകൾക്കും മറ്റു വിനോദങ്ങൾക്കുമായി സ്ഥലം ഒരുക്കിയിട്ടുണ്ട്
കോട്ടയത്ത് ലുലുമാൾ എന്നത് ഏറെനാളായി അഭ്യൂഹം പ്രചരിക്കുന്നുണ്ടായിരുന്നു. 2019 ൽ കോട്ടയം നാഗമ്പടത്തുള്ള ഗ്രീൻപാർക്ക് ലുലു ഗ്രൂപ്പ് ഉടമ യൂസഫലി വാങ്ങിയെന്നും ഇവിടെ ഷോപ്പിംഗ് കോംപ്ലക്‌സ് നിർമിക്കും എന്നും സന്ദേഹം പ്രചരിച്ചിരുന്നു. അഞ്ചുനില കെട്ടിടം അഞ്ചു മാസത്തിൽ നിർമാണം പൂർത്തിയാക്കി ഉദ്ഘാടനം ചെയ്യുമെന്നുമായിരുന്നു സന്ദേഹം. കെട്ടിട മാതൃക സഹിതമായിരുന്നു പ്രചാരണം. പുതിയ ഷോപ്പിംഗ് അനുഭവമായ ലുലുമാൾ ഒടുവിൽ കോട്ടയത്ത് യാഥാർഥ്യമാകുകയാണ്.
മൂന്ന് വർഷത്തിനുള്ളിൽ രാജ്യത്ത് 12 പുതിയ മാളുകൾ ആരംഭിക്കാൻ ലുലു ഗ്രൂപ്പ് പദ്ധതിയിട്ടിരുന്നു ഇതിൽ അഞ്ചെണ്ണം കേരളത്തിൽ ആയിരിക്കുമെന്നു വ്യക്തമാക്കിയിരുന്നു. മാളുകൾ, ഹൈപ്പർമാർക്കറ്റുകൾ, ഭക്ഷ്യ സംസ്‌കരണ കേന്ദ്രങ്ങൾ, അനുബന്ധ ബിസിനസുകൾ എന്നിവയും വികസിപ്പിക്കും.