റിയാദ്- പാരീസില്‍ നടക്കുന്ന യുനെസ്‌കോയുടെ 42 ാമത് ജനറല്‍ കോണ്‍ഫറന്‍സില്‍ സൗദി അറേബ്യയുടെ നേട്ടങ്ങള്‍ വിശദീകരിച്ച് സാംസ്‌കാരിക മന്ത്രിയും ദേശീയ വിദ്യാഭ്യാസ, സാംസ്‌കാരിക, ശാസ്ത്ര കമ്മീഷന്‍ ചെയര്‍മാനുമായ രാജകുമാരന്‍ ബദര്‍ ബിന്‍ അബ്ദുല്ല ബിന്‍ ഫര്‍ഹാന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം.
സാംസ്‌കാരിക, വിദ്യാഭ്യാസ മന്ത്രാലയങ്ങള്‍, സൗദി ഡാറ്റ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റി, മറ്റ് ദേശീയ അധികാരികള്‍ എന്നിവയുടെ പ്രതിനിധികള്‍ പ്രതിനിധി സംഘത്തിലുണ്ട്.
യുനെസ്‌കോയുമായി സഹകരിച്ച്, വിദ്യാഭ്യാസം, ശാസ്ത്രം, സാംസ്‌കാരിക മേഖലകളില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യം കൈവരിച്ച നേട്ടങ്ങള്‍ ബദര്‍ രാജകുമാരന്‍ അവലോകനം ചെയ്തു. വിദ്യാഭ്യാസ മന്ത്രിയും ദേശീയ വിദ്യാഭ്യാസ, സാംസ്‌കാരിക, ശാസ്ത്ര കമ്മീഷന്‍ വൈസ് ചെയര്‍മാനുമായ യൂസഫ് അല്‍ബെനിയന്‍, മനുഷ്യനെ സംബന്ധിച്ച അന്താരാഷ്ട്ര ധാരണ, സഹകരണം, സമാധാനം, വിദ്യാഭ്യാസം എന്നിവയുമായി ബന്ധപ്പെട്ട യുനെസ്‌കോയുടെ 1974 ലെ കരട് ശുപാര്‍ശ പരിഷ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട മന്ത്രിതല സെഷനില്‍ പ്രസംഗിക്കും.
സംസ്‌കാരം, വിദ്യാഭ്യാസം, ശാസ്ത്രം, ആശയവിനിമയം, ഇന്‍ഫര്‍മേഷന്‍, വിവിധ പ്രോഗ്രാമുകള്‍ എന്നിവ കൈകാര്യം ചെയ്യുന്ന നിരവധി മീറ്റിംഗുകളിലും കമ്മിറ്റികളിലും സൗദി പ്രതിനിധികള്‍ പങ്കെടുക്കുന്നു.
സൗദി വിഷന്‍ 2030 ന് അനുസൃതമായി രാജ്യത്തിന്റെ നേട്ടങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി കോണ്‍ഫറന്‍സിന്റെ നിലവിലെ സെഷനുമായി ബന്ധപ്പെട്ട പരിപാടികളില്‍ മറ്റ് വിവിധ സൗദി സ്ഥാപനങ്ങള്‍ പങ്കെടുക്കുന്നു. ഈ സ്ഥാപനങ്ങളില്‍, റോയല്‍ കമ്മീഷന്‍ ഫോര്‍ അല്‍ഉലക്ക് യുനെസ്‌കോയുമായുള്ള പൈതൃക സംരക്ഷണത്തിന്റെ പങ്കാളിത്തം എടുത്തുകാട്ടുന്ന ഒരു പവലിയന്‍ ഉണ്ട്. വിദ്യാഭ്യാസം, നിര്‍മ്മാണ ശേഷി, പരിസ്ഥിതി, സര്‍ഗ്ഗാത്മക കലകള്‍ എന്നിവയുടെ പ്രദര്‍ശനവും നടക്കുന്നു. സൗദി കള്‍ച്ചറല്‍ ഡെവലപ്‌മെന്റ് ഫണ്ട് വഴി യുനെസ്‌കോയുമായി സഹകരിച്ച് ആരംഭിച്ച ആറ് പദ്ധതികള്‍ അവതരിപ്പിക്കുന്നതിനായി യുനെസ്‌കോ പൊതുസമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പാര്‍ട്‌ണേഴ്‌സ് ഫോറത്തില്‍ സാംസ്‌കാരിക മന്ത്രാലയം പങ്കെടുക്കും.