കണ്ണൂര്‍ - ഗതാഗത നിയമലംഘനം തടയുന്നതിനായി സ്ഥാപിച്ച എ.ഐ ക്യാമറയെ വകവെക്കാതെ 150ലധികം തവണ നിയമ ലംഘനം നടത്തിയ ചെറുകുന്ന് സ്വദേശിയായ 25 കാരന് പിഴയായി വിധിച്ചത് 86,500 രൂപ. മൂന്ന് മാസത്തിനിടെ 150 തവണ യുവാവ് ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്യുകയും, എ.ഐ ക്യാമറയെ നോക്കി കൊഞ്ഞനം കുത്തുകയും ചെയ്തുവെന്നതാണ് കുറ്റം. യുവാവിന്റെ ലൈസന്‍സും മോട്ടോര്‍ വാഹന വകുപ്പ് റദ്ദു ചെയ്തു.
പഴയങ്ങാടിയില്‍ സ്ഥാപിച്ച എ.ഐ ക്യാമറയിലാണ് യുവാവിന്റെ നിയമലംഘനം തുടര്‍ച്ചയായി പതിഞ്ഞത്. ഹെല്‍മറ്റ് ധരിക്കാതെ സ്ഥിരമായി ബൈക്ക് ഓടിച്ചിരുന്ന യുവാവ്, എ.ഐ ക്യാമറ സ്ഥാപിച്ച സ്ഥലത്തെത്തുമ്പോള്‍ ക്യാമറയെ നോക്കി കൊഞ്ഞനം കുത്തുകയും പരിഹാസം പൊഴിക്കുന്ന ചിഹ്നങ്ങള്‍ കാണിക്കുകയും ചെയ്യുന്നത് പതിവാണ്. നിയമ ലംഘനം ശ്രദ്ധയില്‍ പെട്ടപ്പോള്‍, നിയമലംഘനത്തിന് പിഴയടക്കാനുള്ള നോട്ടീസ് മൊബൈലില്‍ അയച്ചു. എന്നാല്‍ യുവാവ് ഇതൊന്നും കാര്യമാക്കാതെ മുങ്ങി നടക്കുകയായിരുന്നു. ഇതോടൊപ്പം പലതവണയായി നിയമലംഘനം തുടരുകയും ചെയ്തു.
ഇതിന് പിന്നാലെയാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ യുവാവിനെ തേടി നേരിട്ട് വീട്ടിലെത്തിയത്. വിവരങ്ങള്‍ കേട്ടതോടെ യുവാവ് മാപ്പു പറയുകയും നിയമ നടപടിയില്‍നിന്ന് ഒഴിവാക്കിത്തരണമെന്ന് അപേക്ഷിക്കുകയും ചെയ്തു. എന്നാല്‍ യാതൊരു വിധത്തിലുള്ള ഇളവുകളും നല്‍കാനാവില്ലെന്ന് അറിയിച്ച ഉദ്യോഗസ്ഥര്‍, നിയമ ലംഘനം ആവര്‍ത്തിച്ചതിന് യുവാവിന്റെ ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. സ്വന്തം ബൈക്ക് വിറ്റാല്‍ പോലും പിഴയടക്കാനുള്ള തുക ലഭിക്കില്ലെന്ന് യുവാവ് ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചുവെങ്കിലും, യാതൊരു ഇളവും നല്‍കാന്‍ തയ്യാറായില്ല.
ഹെല്‍മറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ചതിനും മൂന്നുപേരുമായി ബൈക്കില്‍ യാത്ര ചെയ്തതിനും പിന്‍സീറ്റിലെ യാത്രക്കാരന്‍ ഹെല്‍മറ്റ് ധരിക്കാത്തതിനുമാണ് കൂടുതലായും യുവാവിന് പിഴ ലഭിച്ചത്. ഇത്തരത്തില്‍ മൂന്നു മാസത്തനിടെ 150ലധികം തവണയാണ് പഴയങ്ങാടിയിലെ എഐ ക്യാമറയില്‍ യുവാവ് കുടുങ്ങിയത്. നോട്ടീസ് വന്നിട്ടും പിഴയടച്ചില്ലെന്ന് മാത്രമല്ല അതേ ക്യാമറക്ക് മുന്നില്‍ ബൈക്കിലെത്തി പലതവണയായി അഭ്യാസ പ്രകടനങ്ങളും യുവാവ് നടത്തുകയും ചെയ്തു.
ബൈക്കില്‍ നിയമലംഘനം നടത്തിയതിന് ഒരു ബൈക്കിന്റെ വില തന്നെ നല്‍കേണ്ട അവസ്ഥയിലാണ് യുവാവെന്നും നോട്ടീസ് ലഭിച്ചാല്‍ പിഴ അടയ്ക്കണമെന്നും നിയമലംഘനം ആവര്‍ത്തിക്കരുതെന്നും എല്ലാവര്‍ക്കും മുന്നറിയിപ്പാണ് ഈ സംഭവമമെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.