Sorry, you need to enable JavaScript to visit this website.

പങ്കാളിത്ത പെന്‍ഷനെതിരെ രംഗത്തിറങ്ങി സി.പി.ഐ സംഘടന

കോഴിക്കോട് - പങ്കാളിത്ത പെന്‍ഷനെ പിടിവള്ളിയാക്കി സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കിടയില്‍ സ്വാധീനം വര്‍ധിപ്പിക്കാന്‍ സി.പി.ഐ.യുടെ സംഘടനയായ ജോയിന്റ് കൗണ്‍സില്‍. പി.എഫ്.ആര്‍.ഡി.എ. നിലനില്‍ക്കെ തന്നെ പങ്കാളിത്ത പെന്‍ഷനില്‍നിന്ന് സംസ്ഥാന സര്‍ക്കാരിന് പിന്‍മാറാമെന്ന റിപ്പോര്‍ട്ട് കയ്യിലിരിക്കെ സി.പി.എം നേതൃത്വം സ്വന്തം ജീവനക്കാരെകൊണ്ട് ദല്‍ഹി മാര്‍ച്ച് വരെ നടത്തിച്ചത് വഞ്ചനയാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
2021 ഏപ്രിലില്‍ സംസ്ഥാന സര്‍ക്കാറിന് ലഭിച്ച പങ്കാളിത്ത പെന്‍ഷന്‍ പുനഃപരിശോധനാ സമിതി റിപ്പോര്‍ട്ട് ജോയിന്റ് കൗണ്‍സില്‍ നല്‍കിയ ഹരജിയില്‍ സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് പുറത്തുവിട്ടത്. വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടിട്ടും റിപ്പോര്‍ട്ട് നല്‍കാതിരിക്കുക മാത്രമല്ല, ഏറ്റവും ഒടുവില്‍ പുതിയ ഒരു പുനഃപരിശോധനാ കമ്മിറ്റിയെ വെച്ച് സുപ്രീംകോടതിയെ കൂടി തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചുവെന്ന രീതിയില്‍ സര്‍ക്കാറിനെതിരെ കടുത്ത പ്രചരണമാണ് ജോയിന്റ് കൗണ്‍സില്‍ നടത്തുന്നത്.
സംസ്ഥാനത്ത് ഇപ്പോള്‍ ഒന്നര ലക്ഷം ജീവനക്കാര്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയിലുണ്ട്. 2013ല്‍ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് വന്ന പങ്കാളിത്ത പെന്‍ഷന്‍ പുനഃപരിശോധിക്കുമെന്ന് 2016ലെ ഇടതുമുന്നണി പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തിരുന്നു. അധികാരത്തിലേറെ മൂന്നു വര്‍ഷം കഴിഞ്ഞിട്ടും ഇതിനായി ഒരു നടപടിയും സ്വീകരിക്കാതെ വന്നപ്പോള്‍ ജോയിന്റ് കൗണ്‍സിലും സി.പി.ഐ.യും തന്നെയാണ് ഇതിന്നായി ശബ്ദം ഉയര്‍ത്തിയത്. 2021ല്‍ സമിതിയുടെ റിപ്പോര്‍ട്ട് കൈയില്‍ വന്നെങ്കിലും പുറത്തുവിടുകയോ നടപടി സ്വീകരിക്കുകയോ ചെയ്യാത്തതിനെതിരെ നിരന്തരം ജോയിന്റ് കൗണ്‍സില്‍ ശബ്ദിച്ചു. കഴിഞ്ഞ വര്‍ഷം ജോയിന്റ് കൗണ്‍സില്‍ നടത്തിയ സെക്രട്ടറിയറ്റ് മാര്‍ച്ചില്‍ സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഇക്കാര്യം പാര്‍ട്ടി ഏറ്റെടുത്തതായി പ്രഖ്യാപിച്ചതാണ്.
അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് കൂടി ബാധകമായ പി.എഫ്.ആര്‍.ഡി.എ പിന്‍വലിച്ചാലേ കേരളത്തിലെ പങ്കാളിത്ത പെന്‍ഷന്‍ മാറ്റാന്‍ കഴിയൂ എന്നാണ് സി.പി.എം. സംഘടനകള്‍ പ്രചരിപ്പിച്ചത്. പി.എഫ്.ആര്‍.ഡി.എ പിന്‍വലിക്കണമെന്ന് സി.പി.എം. സംഘടനകള്‍ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. എന്നാല്‍ പി.എഫ്.ആര്‍.ഡി.എ പിന്‍വലിക്കാതെ തന്നെ രാജസ്ഥാന്‍, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങള്‍ പഴയ പെന്‍ഷന്‍ പുനഃസ്ഥാപിച്ചിട്ടും സി.പി.എം. സംഘടനകള്‍ ഈ നിലപാടില്‍ നിന്ന് മാറിയിരുന്നില്ല. ഏറ്റവും ഒടുവില്‍ നവമ്പര്‍ മൂന്നിന് ദില്ലി മാര്‍ച്ചിലെ പ്രധാന ആവശ്യം പി.എഫ്.ആര്‍.ഡി.എ. പിന്‍വലിക്കുകയെന്നതായിരുന്നു.
പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിച്ച് പഴയ പെന്‍ഷന്‍ പുനഃസ്ഥാപിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി ജോയിന്റ് കൗണ്‍സില്‍ കാല്‍നട ജാഥ നവമ്പര്‍ ഒന്നിന് ആരംഭിച്ചതിന് ശേഷമാണ് ജോയിന്റ് കൗണ്‍സിലിന്റെ നിയമപ്പോരാട്ടത്തിനൊടുവില്‍ പങ്കാളിത്ത പെന്‍ഷന്‍ പുനഃപരിശോധനാ സമിതി റിപ്പോര്‍ട്ട് പുറത്തുവിടേണ്ടിവരികയായിരുന്നു. സി.പി.എം. സംഘടനകളുടെ വാദത്തിന്റെ മുനയൊടിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാനായത് തന്നെ വലിയ നേട്ടമായി ജോയിന്റ് കൗണ്‍സില്‍ ചൂണ്ടിക്കാട്ടുന്നു. ജീവനക്കാരുടെയും അധ്യാപകരുടെയും ഇടയിലെ ഏറ്റവും സ്വാധീനമുള്ള സംഘടനകള്‍ സി.പി.എമ്മിനൊപ്പമുള്ള എന്‍.ജി.ഒ. യൂണിയനും കെ.എസ്.ടി.എ.യുമാണ്. ഇവര്‍ക്ക് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത് വലിയ പ്രഹരമായി. അത് മുതലെടുക്കാനാണ് ജോയിന്റ് കൗണ്‍സിലിന്റെ ശ്രമം. പ്രത്യേകിച്ച് പങ്കാളിത്ത പെന്‍ഷന്‍ പരിധിയില്‍ വരുന്നവര്‍ ഒന്നര ലക്ഷം പേരുണ്ട്.

 

Latest News