ദമാം - കിഴക്കന്‍ പ്രവിശ്യയില്‍ ഇലക്ട്രിക് ബസ് സര്‍വീസിന് തുടക്കം. പൊതുഗതാഗത അതോറിറ്റിയും അശ്ശര്‍ഖിയ നഗരസഭയും സാപ്റ്റ്‌കോയും സഹകരിച്ചാണ് ദമാമില്‍ ഇലക്ട്രിക് ബസ് സര്‍വീസ് ഉദ്ഘാടനം ചെയ്തത്. പൊതുഗതാഗത അതോറിറ്റി ആക്ടിംഗ് പ്രസിഡന്റ് ഡോ. റുമൈഹ് അല്‍റുമൈഹും അശ്ശര്‍ഖിയ നഗരസഭ അണ്ടര്‍ സെക്രട്ടറി എന്‍ജിനീയര്‍ മുഹമ്മദ് അല്‍ഹുസൈനിയും ചടങ്ങില്‍ സംബന്ധിച്ചു. കിഴക്കന്‍ പ്രവിശ്യയില്‍ പൊതുഗതാഗത പദ്ധതിയുടെ ഭാഗമായും സൗദിയിലെ വിവിധ നഗരങ്ങളില്‍ ആരംഭിച്ച ഇലക്ട്രിക് ബസ് സര്‍വീസുകളുടെ തുടര്‍ച്ചയെന്നോണവുമാണ് ദമാമിലും ഇലക്ട്രിക് ബസ് സര്‍വീസിന് തുടക്കം കുറിക്കുന്നത്.
ഏറ്റവും പുതിയ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായും കാര്യക്ഷമതയും സൗകര്യവും ആധുനിക സാങ്കേതികവിദ്യകളും സമന്വയിപ്പിക്കുന്ന സവിശേഷതളോടെയുമാണ് ബസ് രൂപകല്‍പന ചെയ്തിരിക്കുന്നത്. സുഖപ്രദമായ 37 സീറ്റുകളുള്ള ബസില്‍ ഉയര്‍ന്ന കാര്യക്ഷമതയുള്ള 420 കിലോവാട്ട് ബാറ്ററി സജ്ജീകരിച്ചിരിക്കുന്നു. ദിവസേന തുടര്‍ച്ചയായി പതിനെട്ടു മണിക്കൂര്‍ പ്രവര്‍ത്തിക്കാനും 73 സര്‍വീസുകള്‍ നടത്താനും ബസിന് സാധിക്കും. ഒറ്റ ചാര്‍ജിംഗില്‍ 300 കിലോമീറ്റര്‍ ദൂരം താണ്ടാന്‍ ബസിന് കഴിയും. വൈഫൈ നെറ്റ്‌വര്‍ക്ക്, യു.എസ്.ബി പോര്‍ട്ട് എന്നിവയും ബസിലുണ്ട്.
ദമാമിലും അല്‍കോബാറിലും ദഹ്‌റാനിലും ഖത്തീഫിലും നടപ്പാക്കുന്ന പൊതുഗതാഗത പദ്ധതിയുടെ ഭാഗമായാണ് ഇലക്ട്രിക് ബസ് സേവനം ആരംഭിച്ചിരിക്കുന്നത്. കിഴക്കന്‍ പ്രവിശ്യ പൊതുഗതാഗത പദ്ധതിയില്‍ 85 ബസുകള്‍ അടങ്ങിയിരിക്കുന്നു. ആകെ 400 കിലോമീറ്റര്‍ ദൂരമുള്ള എട്ടു റൂട്ടുകളില്‍ 21 ബസ് സ്റ്റോപ്പുകളാണുള്ളത്. ദേശീയ ഗതാഗത, ലോജിസ്റ്റിക് സര്‍വീസ് തന്ത്രത്തിന് പിന്തുണ നല്‍കുന്ന നിലക്ക് പൊതുഗതാഗ സംസ്‌കാരം പ്രോത്സാഹിപ്പിക്കാന്‍ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. 2030 ഓടെ യാത്രകള്‍ക്ക് പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുന്നവരുടെ അനുപാതം 15 ശതമാനമായി ഉയര്‍ത്താനും വേഗമേറിയതും എളുപ്പമാര്‍ന്നതുമായ ഗതാഗത ചോയ്‌സുകള്‍ ലഭ്യമാക്കാനും കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കാനും ജീവിത ഗുണനിലവാരം മെച്ചപ്പെടുത്താനും ദേശീയ ഗതാഗത, ലോജിസ്റ്റിക് സര്‍വീസ് തന്ത്രം ലക്ഷ്യമിടുന്നു.