Sorry, you need to enable JavaScript to visit this website.

മൂന്ന് വർഷത്തിനിടെ കരിപ്പൂരിൽ ഉണ്ടായത് കോടികളുടെ നഷ്ടം

കൊണ്ടോട്ടി - കരിപ്പൂരിന്റെ വികസനത്തിന് മൂന്ന് വർഷമായി തടയിട്ടത് വഴി എയർപോർട്ട് അതോറിറ്റിക്ക് കോടികളുടെ നഷ്ടവും, യാത്രക്കാർക്ക് ദുരിതവും. 
എയർപോർട്ട് അതോറിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥരും, സ്വകാര്യ ലോബികളുമാണ് മൂന്ന് വർഷമായി കരിപ്പൂരിന്റെ ചിറകൊടിച്ചത്. കരിപ്പൂരിൽ റൺവേ റീ-കാർപ്പറ്റിംഗിന്റെ പേരിൽ വലിയ വിമാനങ്ങൾ പൂർണമായും നിർത്തലാക്കാനായിരുന്നു സ്വകാര്യ വിമാനത്താവള ലോബികളുടെ ശ്രമം. ഇതിന് എയർപോർട്ട് അതോറിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥരുടെ കൂട്ടുമുണ്ടായിരുന്നു.
  ഇന്ത്യയിൽ റൺവേ റീ-കാർപ്പറ്റിംഗ് ഒരിടത്തും ഇന്നുവരെ വിമാനങ്ങൾ പിൻവലിച്ച് പ്രവൃത്തികൾ നടത്തിയിട്ടില്ല. വിമാന സർവീസുകൾ ക്രമീകരിച്ച് നിശ്ചിത സമയം റൺവേ അടച്ചിട്ടാണ് പ്രവൃത്തികൾ നടത്താറുളളത്. 
കേവലം അറുപത് ദിവസം കൊണ്ട് റൺവേ-റീകാർപ്പറ്റിംഗ് പൂർത്തിയാക്കാൻ കഴിയുമെങ്കിലും കരിപ്പൂരിൽ പ്രവൃത്തികൾ രണ്ട് വർഷത്തോളമെടുത്തു. പ്രവൃത്തികൾ ആരംഭിക്കുന്നതിന് മുമ്പ് തന്നെ കരിപ്പൂരിൽ വലിയ വിമാനങ്ങൾ പിൻവലിച്ചു. ഇതോടെ ലാഭകരമായി പ്രവർത്തിച്ച എയർപോർട്ട് അതോറിറ്റിയുടെ വരുമാനത്തിൽ മുൻനിരയിലുണ്ടായ കരിപ്പൂർ വിമാനത്താവളം നഷ്ടത്തിലേക്ക് കൂപ്പ് കൂത്തി. യാത്രക്കാരിൽ പകുതിയോളം പേരും സമീപ വിമാനത്താവളങ്ങളിലേക്ക് ചേക്കേറി. ഹജ് എംപാർക്കേഷൻ പോയിന്റും നഷ്ടമായി. രണ്ട് വർഷം വരെ നീട്ടി നിർമാണം വൈകിപ്പിച്ചത് സ്വകാര്യ ലോബിക്ക് വേണ്ടിയായിരുന്നുവെന്ന് നേരത്തെ തന്നെ ആക്ഷേപം ഉയർന്നിരുന്നു. 
റൺവേ റീകാർപ്പറ്റിംഗ് പൂർത്തിയായതോടെ വലിയ വിമാനങ്ങൾക്കുളള അനുമതി റൺവേയുടെ പേരിൽ തടയുകയായിരുന്നു പിന്നീട്. റൺവേ നീളം വർധിപ്പിക്കാതെ വലിയ വിമാനങ്ങൾക്ക് അനുമതി നൽകാനാവില്ലെന്നായിരുന്നു അധികൃതരുടെ വാദം. 
എന്നാൽ കരിപ്പൂരിനേക്കാൾ ചെറിയ റൺവേയുളള വിമാനത്താവളങ്ങളിൽ വലിയ വിമാനങ്ങൾ പറന്നിറങ്ങുന്നുമുണ്ട്. ഇതിനിടെയാണ് ഡി.ജി.സി.എ റൺവേ പരിശോധിച്ച് സർവീസിന് അനുമതി നൽകാമെന്നറിയിച്ചത്. വിമാന കമ്പനികളുടെ സാന്നിധ്യത്തിൽ സമഗ്ര റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു നിർദേശം. ഇതിനനുസരിച്ച് കഴിഞ്ഞ ജനുവരി 28ന് അയച്ച റിപ്പോർട്ടാണ് ഡി.ജി.സി.എക്ക് നൽകാതെ അതോറിറ്റിയിലെ ഉന്നതൻ പൂഴ്ത്തിയത്.
  ഇത് ചോദ്യം ചെയ്ത് മലബാർ ഡവലപ്‌മെന്റ് ഫോറം പ്രതിനിധികൾ രംഗത്തു വന്നു. റിപ്പോർട്ട് കാണാതായതിലെ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐക്കും, വിജിലൻസിനും പരാതി നൽകി. ഇതിനിടയിൽ ജനപ്രതിനിധികളും, രാഷ്ട്രീയ പാർട്ടികളും വിവിധ സമരങ്ങളുമായി രംഗത്തെത്തി. ഇതോടെയാണ് കാണാതായ റിപ്പോർട്ട് കഴിഞ്ഞ മാസം നാലിന് ഡി.ജി.സി.എക്ക് ലഭിക്കുന്നത്. വൈകാതെ തന്നെ അനുമതിക്കുളള നടപടികളും പൂർത്തിയാക്കുകയായിരുന്നു. നഷ്ടപ്രതാപം വീണ്ടെടുക്കാനുളള ശ്രമത്തിലാണ് ഇനി കരിപ്പൂർ വിമാനത്താവളം.
 

Latest News