ഭൂപരിഷ്‌കരണവും ജന്മിത്വ വിരുദ്ധ ആശയങ്ങളും ഏറെ ചർച്ച ചെയ്യപ്പെട്ട സംസ്ഥാനമായിട്ടും ആദിവാസികളുടെ ഭരണഘടനാപരമായ അവകാശങ്ങൾക്ക് നാം ഒട്ടും പരിഗണന നൽകുന്നില്ല. ആദിവാസികളുടെ സ്വയംഭരണം, പട്ടികവർഗ പ്രദേശം, വനാവകാശം തുടങ്ങിയ ഭരണഘടനാവകാശങ്ങളൊന്നും ഇവിടെ ചർച്ച ചെയ്തില്ല. മാത്രമല്ല, നിലനിന്ന ഒരേയൊരു ആദിവാസി സംരക്ഷണ നിയമം 1999 ൽ റദ്ദാക്കുകയും ചെയ്തു. എന്നിട്ടാണ് കേരളീയത്തിൽ ഈ പ്രദർശനം നടക്കുന്നത്. അത് അലി അക്ബർ എന്ന രാമസിംഹൻ സംവിധാനം ചെയ്ത ബാംബു ബോയ്‌സ് സിനിമയിൽ നിന്ന് കാര്യമായി വ്യത്യസ്തമല്ല എന്നു തന്നെ പറയേണ്ടിവരും.
ഏറെ വിവാദങ്ങളുയർത്തിയ കേരളീയം 2023 പരിപാടിക്ക് തിരുവനന്തപുരത്ത് തിരശ്ശീല വീണു. വൃദ്ധജനങ്ങൾക്ക് തുഛമായ സാമൂഹ്യ പെൻഷൻ മുതൽ കർഷകരിൽ നിന്ന് ശേഖരിച്ച നെല്ലിന്റെ വില പോലും കൊടുക്കാതെയാണ് കോടികൾ ചെലവഴിച്ച് കേരളീയം മാമാങ്കം നടത്തിയതെന്നതാണ് പ്രധാന വിമർശനം. ആ വിമർശനം സ്വാഭാവികവുമാണ്. ഭാവിയിലേക്കുള്ള നിക്ഷേപമാണ് ആ പണം എന്ന സർക്കാർ വാദം കേട്ടാൽ ചിരിക്കാതിരിക്കാനാവുമോ? അങ്ങനെ എത്രയോ നിക്ഷേപങ്ങൾ നമ്മൾ കണ്ടു. എന്നാൽ ആ ഭാവി കേരളം ഉണ്ടായോ എന്നു ചോദിച്ചാൽ മറുപടി ഇല്ലെന്നല്ലാതെ മറ്റെന്താണ്?
വേണ്ടത്ര ഗൗരവത്തോടെ പലരും ശ്രദ്ധിക്കാതിരുന്ന മറ്റൊരു വിഷയമാണ് ഈ കുറിപ്പിൽ ഉന്നയിക്കാൻ ശ്രമിക്കുന്നത്. അത് ആദിമം ലിവിംഗ് മ്യൂസിയം എന്ന പേരിൽ കനകക്കുന്ന് കൊട്ടാരത്തിലെ ചില പ്രദർശനങ്ങളാണ്. അക്ഷരാർത്ഥത്തിൽ ആദിവാസി വിഭാഗങ്ങളെ പ്രദർശന വസ്തുക്കളാക്കുന്ന കാഴ്ചയാണ് അവിടെ കണ്ടത്.
വളരെ നിഷ്‌കളങ്കമെന്നു തോന്നുന്ന വിശദീകരണമാണിത്. ഏതു വിഭാഗത്തിന്റെയും കലാരൂപങ്ങൾ ആവിഷ്‌കരിക്കുന്നത് മനസ്സിലാക്കാം, അവ തനിമയോടെ സംരക്ഷിക്കുന്നതും. എന്നാൽ തനിമയാർന്ന ആദിവാസി ജീവിതം പ്രദർശിപ്പിക്കുന്നതിന്റെ ലക്ഷ്യം എന്തായിരിക്കും? ഒന്നാമത് അത്തരത്തിൽ ജീവിക്കുന്നവരല്ല ഇന്നു ഭൂരിഭാഗം ആദിവാസികളും. ഭൂരിഭാഗം പേരും അതാഗ്രഹിക്കുന്നവരുമല്ല. പൊതുസമൂഹത്തിന്റെ ഭാഗമായി ജീവിക്കാനാണ് വലിയൊരു വിഭാഗവും ആഗ്രഹിക്കുന്നത്. എന്നാലത് വേണ്ടത്ര സംഭവിക്കുന്നുണ്ടോ എന്നു ചോദിച്ചാൽ ഇല്ല എന്നു തന്നെയാണ് മറുപടി. വിദ്യാഭ്യാസമേഖല മുതൽ മറ്റെല്ലാ മേഖലകളിലും അവർക്കായി നടപ്പാക്കുന്നു എന്നു കൊട്ടിഘോഷിക്കപ്പെടുന്ന പദ്ധതികളൊന്നും ഫലം കാണുന്നില്ല. വയനാട് ജില്ലയിലും മറ്റും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആദിവാസി വിദ്യാർത്ഥികൾക്കാവശ്യത്തിന് സീറ്റില്ലാതിരിക്കുമ്പോൾ മറ്റു പല ജില്ലകളിലും ഒഴിഞ്ഞു കിടക്കുകയാണ്. അവിടങ്ങളിൽ പഠിക്കാനെത്തുന്നവർക്കാകട്ടെ, പല കാരണങ്ങളാലും അധ്യയനം മുന്നോട്ടു കൊണ്ടുപോകാനാവുന്നില്ല. സ്വാഭാവികമായും ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ കൊഴിഞ്ഞുപോകുന്നത് ആദിവാസികൾക്കിടയിലാകുന്നത് സ്വാഭാവികം.
അക്ഷരാർത്ഥത്തിൽ ദുരിതമയമാണ് ഇന്നു കേരളത്തിലെ ആദിവാസി ജീവിതം. കേരളം എല്ലാ മേഖലയിലും ഇന്ത്യയിൽ ഒന്നാം സ്ഥാനത്ത് എന്നു കൊട്ടിഘോഷിക്കുന്നവർ പോലും ആദിവാസികൾ ഒന്നാം സ്ഥാനത്തെന്ന് നെഞ്ചിൽ കൈവെച്ചു പറയില്ല. അട്ടപ്പാടിയിലെ നവജാത ശിശുമരണങ്ങളും മധുവെന്ന ചെറുപ്പക്കാരൻ ക്രൂരമായി കൊല ചെയ്യപ്പെട്ടതും മാത്രം മതി അതു ബോധ്യമാകാൻ.. കേരളം നേടിയെന്നവകാശപ്പെടുന്ന വികസനത്തിന്റെ ന്യായമായ വിഹിതം ലഭിക്കാത്തവരാണ് ആദിവാസികൾ എന്നു ധനമന്ത്രിയായിരുന്നപ്പോൾ തോമസ് ഐസക് തന്നെ പറഞ്ഞിരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് അവരുടെ ദുരിത ജീവിതം തനതു ജീവിതമെന്ന പേരിൽ പ്രദർശിപ്പിക്കുന്നത്.
ഏറ്റവും പ്രസക്തമായ ചോദ്യം മറ്റൊന്നാണ്. എന്തുകൊണ്ട് ആദിവാസി സമൂഹങ്ങളുടെ തനതു ജീവിത ശൈലി മാത്രം, പലതും ഇപ്പോൾ കാണാൻ പോലുമില്ലാത്തത്, പ്രദർശിപ്പിക്കുന്നു? എന്തുകൊണ്ട് മറ്റു വിഭാഗങ്ങളുടെ കൂടി പ്രദർശിപ്പിച്ചുകൂടാ? ഉദാഹരണമായി കേരളത്തിലെ ബ്രാഹ്മണ വിഭാഗങ്ങളുടെ തനതു ജീവിത ശൈലിയും പ്രദർശിപ്പിക്കാമല്ലോ. എങ്കിൽ എന്തൊക്കെയായിരിക്കും നാം കാണേണ്ടിവരിക? നായർ വിഭാഗത്തിന്റെയാണെങ്കിലോ? അവർക്കെല്ലാം അവരുടേതായ രീതിയിൽ തനതു ജീവിത ശൈലികൾ ഉണ്ടായിരുന്നല്ലോ. അവ കുറെയൊക്കെ മാറിയിട്ട് അധിക കാലമായിട്ടില്ലല്ലോ. ആദിവാസികളുടെ ഇപ്പോൾ നിലവില്ലില്ലാത്തതും നിലവിലുള്ളതുമായ ജീവിത ശൈലിയും ആവാസ വ്യവസ്ഥയും പ്രദർശനത്തിന് വെക്കാമെങ്കിൽ മറ്റു വിഭാഗങ്ങളുടെയും ആകാമല്ലോ.
ആദിവാസികളോട് എന്തെങ്കിലും പ്രതിബദ്ധതയുണ്ടെങ്കിൽ സർക്കാർ ചെയ്യേണ്ടത് അവരെ പ്രദർശന വസ്തുക്കളാക്കുകയല്ല, പകരം അവരുന്നയിക്കുന്ന ആവശ്യങ്ങൾക്ക് പരിഹാരം കണ്ടെത്തുകയാണ്. ഉദാഹരണമായി ആദിവാസി-ദളിത്-പാർശ്വവൽകൃത സമൂഹങ്ങളുടെ രാഷ്ട്രീയ മഹാസഭ എന്ന കൂട്ടായ്മ ഉന്നയിച്ചിരിക്കുന്ന ആവശ്യങ്ങൾ മാത്രം നോക്കാം. അതിലേറ്റവും പ്രധാനം രാജ്യത്തെ പല സംസ്ഥാനങ്ങളും എന്നേ നടപ്പാക്കിയ വനാവകാശ നിയമം- പെ സ നിയമം നടപ്പാക്കുക എന്നതാണ്. മുത്തങ്ങ സമരത്തിന്റെ പ്രധാന ആവശ്യം പോലും അതായിരുന്നു. എന്നാൽ ആദിവാസികളുടെ ഭരണഘടനാവകാശമായ അതിനെ വിഘടനവാദ മായാണ് പൊതുവിൽ കേരളം കണ്ടതും സമരത്തെ ചോരയിൽ മുക്കിക്കൊന്നതും. ബഫർ സോൺ റദ്ദാക്കുക, വയനാട് വന്യജീവി സങ്കേത വിജ്ഞാപനം പുനഃപരിശോധിക്കുക, ദളിത്-ആദിവാസി വിഭാഗങ്ങൾക്ക് പ്രത്യേക നിയോജക മണ്ഡലം ഏർപ്പെടുത്തുക, തണ്ണീർ തട ആശ്രിത സമൂഹങ്ങൾക്ക് വനാവകാശം പോലുള്ള നിയമം നടപ്പാക്കുക, തീരദേശ മത്സ്യത്തൊഴിലാളി സമൂഹങ്ങൾക്ക് കടലവകാശ നിയമം കൊണ്ടുവരിക, ആദിവാസി പുനരധിവാസ പാക്കേജ് സമ്പൂർണമായി നടപ്പാക്കുക, ആദിവാസികൾക്കും ദളിതർക്കും ഭൂരഹിതർക്കും തോട്ടം ഭൂമി പതിച്ചുനൽകുക, ത്രിതല പഞ്ചായത്ത് രാജിലെ ഫണ്ട് വിനിയോഗത്തിന് പുതിയ നയമുണ്ടാക്കുക, ഫണ്ട് വിനിയോഗം ഫലപ്രദമാക്കുക, അതിൽ പിന്നോക്കം നിൽക്കുന്നവർക്ക് പ്രത്യേക വികസന പാക്കേജും റിക്രൂട്ട്മെന്റും നടപ്പാക്കുക എന്നിങ്ങനെ പോകുന്നു അവരുടെ ആവശ്യങ്ങൾ.
സംസ്ഥാനത്ത് നടക്കുന്നത് ആദിവാസികളുടെ വംശീയ ഹത്യയെന്നു പറയുമ്പോൾ പലരും നെറ്റി ചുളിക്കാറുണ്ട്. എന്നാൽ അട്ടപ്പാടിയടക്കമുള്ള മേഖലകളിൽ ആദിവാസികൾ അര നൂറ്റാണ്ടു കൊണ്ട് ജനസംഖ്യയിൽ നേർപകുതിയായി താഴെയായതായാണ് കണക്കുകൾ. ഇതിനു പ്രധാന കാരണം ഭൂമിയിൽ നിന്നും വനാശ്രിതത്വത്തിൽ നിന്നും അവർ നിഷ്‌കാസിതരാകുന്നു എന്നതാണ്. വനാശ്രിതത്വവും പരമ്പരാഗത കാർഷിക സമ്പദ് വ്യവസ്ഥയുമാണ് ഗോത്രജീവിതത്തിന്റെ നട്ടെല്ല്. അതിന്റെ അടിത്തറയിൽ മാത്രമേ അവർക്ക് പൊതു സമൂഹത്തിലേക്കിറങ്ങിവരാനും ഐസക് പറഞ്ഞ വികസനത്തിന്റെ വിഹിതം നേടാനും കഴിയൂ. എന്നാൽ അതാണ് തകർന്നു കൊണ്ടിരിക്കുന്നത്. എല്ലാ പരിരക്ഷ നിയമങ്ങളും ദുർബലപ്പെടുത്തിക്കൊണ്ടാണ് ആദിവാസികളെ ഭൂമിയിൽ നിന്നും ആട്ടിയോടിക്കുന്നത്. അതു പുറത്തു കൊണ്ടുവരുന്ന മാധ്യമ പ്രവർത്തകരെ പോലും വേട്ടയാടുന്നു. ഭൂപരിഷ്‌കരണവും ജന്മിത്വവിരുദ്ധ ആശയങ്ങളും ഏറെ ചർച്ച ചെയ്യപ്പെട്ട സംസ്ഥാനമായിട്ടും ആദിവാസികളുടെ ഭരണഘടനാപരമായ അവകാശങ്ങൾക്ക് നാം ഒട്ടും പരിഗണന നൽകുന്നില്ല. ആദിവാസികളുടെ സ്വയംഭരണം, പട്ടികവർഗ പ്രദേശം, വനാവകാശം തുടങ്ങിയ ഭരണഘടനാവകാശങ്ങളൊന്നും ഇവിടെ ചർച്ച ചെയ്തില്ല. മാത്രമല്ല, നിലനിന്ന ഒരേയൊരു ആദിവാസി സംരക്ഷണ നിയമം 1999 ൽ റദ്ദാക്കുകയും ചെയ്തു. എന്നിട്ടാണ് കേരളീയത്തിൽ ഈ പ്രദർശനം നടക്കുന്നത്. അത് അലി അക്ബർ എന്ന രാമസിംഹൻ സംവിധാനം ചെയ്ത ബാംബു ബോയ്‌സ് സിനിമയിൽ നിന്ന് കാര്യമായി വ്യത്യസ്തമല്ല എന്നു തന്നെ പറയേണ്ടിവരും.