നീചവും അധാർമികവുമായ പെരുമാറ്റമാണ് പാർലമെന്റ് എത്തിക്‌സ് കമ്മിറ്റിയിൽ നിന്നുണ്ടായതെന്ന് മഹുവ മൊയ്ത്ര ആക്ഷേപിക്കുന്നു. വനിതയെന്ന പരിഗണന പോലും ലഭിച്ചില്ല. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കടുത്ത വിമർശകയായ മഹുവയ്‌ക്കെതിരെ കർശന നടപടിയുണ്ടാവുമോയെന്ന് കാത്തിരുന്ന് കാണാം.
തൃണമൂൽ കോൺഗ്രസ് എന്ന രാഷ്ട്രീയ കക്ഷിയാണ് പശ്ചിമ ബംഗാൾ ഭരിക്കുന്നത്. ദശകങ്ങളായി സംസ്ഥാനം ഭരിച്ച സി.പി.എമ്മിന്റെ കഥ കഴിച്ചാണ് ടിഎംസി ആധിപത്യം സ്ഥാപിച്ചത്. അതിനിപ്പോഴും കാര്യമായ ഇടിവൊന്നും സംഭവിച്ചില്ലെന്നാണ് ബംഗാളിൽ ഏറ്റവുമൊടുവിൽ നടന്ന പ്രാദേശിക തെരഞ്ഞെടുപ്പ് ഫലം അടിവരയിടുന്നത്. ഇന്നത്തെ കാലത്ത് എല്ലാ രാഷ്ട്രീയക്കാരും അഴിമതിക്കാരാണെന്നും അവരുടെ ശ്രദ്ധ സ്വന്തം കുടുംബത്തിന്റെ ഉന്നമനം മാത്രമാണെന്നുമുള്ള ധാരണ വ്യാപകമാണ്. എന്നാൽ മമത ബാനർജിയെപ്പറ്റി എതിരാളികൾ പോലും അങ്ങനെ പറയില്ല. ലാളിത്യത്തിന്റെ പ്രതീകമാണ് മമത. ധരിക്കാൻ ഒരു വോയിൽ സാരിയും ഒരു ഹവായി ചെരിപ്പും താമസിക്കാൻ യൂത്ത് ഹോസ്റ്റലിൽ ഒരു കട്ടിലും കിട്ടിയാൽ അതാണെന്റെ ധാരാളിത്തമെന്ന് മമത മുമ്പൊരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. ടിഎംസിയുടെ പാർലമെന്റിലെ പ്രധാന മുഖമാണ് വനിത നേതാവ് മഹുവ മൊയ്ത്ര. ഇവരും മമത ബാനർജിയും തമ്മിലുള്ള ബന്ധം അത്ര സൗഹൃദപരമല്ലെന്നാണ് ശ്രുതി. 2019 ലെ തെരഞ്ഞെടുപ്പിൽ ബംഗാളിലെ കൃഷ്ണ നഗർ മണ്ഡലത്തിൽ നിന്ന് അറുപതിനായിരം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ തെരഞ്ഞെടുക്കപ്പെട്ട നേതാവാണ് മഹുവ. ഇൻവെസ്റ്റ്‌മെന്റ് ബാങ്കിംഗ് രംഗത്തെ ജോലി ഉപേക്ഷിച്ചാണ് മഹുവ 2010 ൽ രാഷ്ട്രീയത്തിലിറങ്ങുന്നത്. ആദ്യമായി എം.പിയായ വർഷം തന്നെ മഹുവ ഇന്ത്യയുടെ മുഴുവൻ ശ്രദ്ധ പിടിച്ചുപറ്റി. മോഡി സർക്കാർ ഫാസിസത്തിന്റെ ആദ്യ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയെന്ന മമതയുടെ ലോക്‌സഭയിലെ പ്രസംഗം വൈറലായി. ഇത് അവർക്ക് രാജ്യമെങ്ങും മിത്രങ്ങളെയും ശത്രുക്കളെയും സമ്മാനിച്ചു. മഹുവ അനാവശ്യ ഭീതി സൃഷ്ടിക്കുന്നുവെന്നായിരുന്നു ആക്ഷേപം. ഇതൊക്കെ ട്രാക്ക് റെക്കോർഡ്. എന്നാലിപ്പോഴത്തെ വിവാദം എങ്ങനെ അവസാനിക്കുമെന്ന് പറയാറായിട്ടില്ല.
പാർലമെന്റിൽ ചോദ്യങ്ങൾ ചോദിച്ചതിന് വ്യവസായി ദർശൻ ഹിരാനന്ദാനിയിൽ നിന്ന് പണവും വില കൂടിയ സമ്മാനങ്ങളും കൈപ്പറ്റിയെന്നാണ് മഹുവ മൊയ്ത്രയ്ക്കെതിരെ ആരോപണം. ഹിരനന്ദാനി ഗ്രൂപ്പ് സിഇഒ ദർശൻ ഹിരനന്ദാനിയിൽ നിന്ന് മഹുവ മൊയ്ത്ര പണവും സമ്മാനങ്ങളും വാങ്ങി എന്നാണ് മുൻ പങ്കാളിയും അഭിഭാഷകനുമായ ജയ് ആനന്ദ് ദെഹാദ്റായ് ആരോപിക്കുന്നത്. ജയ് ആനന്ദിൽ നിന്ന് ലഭിച്ച കത്തിന്റെ അടിസ്ഥാനത്തിൽ ബി ജെ പി എംപി നിഷികാന്ത് ദുബെ ലോക്സഭ സ്പീക്കർ ഓം ബിർളയ്ക്ക് പരാതി നൽകുകയായിരുന്നു.
പാർലമെന്റിൽ ചോദ്യമുന്നയിക്കാൻ എം.പിമാർ പണം വാങ്ങുന്നത് പുതിയ കാര്യമല്ല. 2005 ൽ പതിനൊന്ന് എം.പിമാരാണ് ചോദ്യം ചോദിക്കാൻ പണം വാങ്ങി പെട്ടത്. 2005 ഡിസംബറിൽ രണ്ട് മാധ്യമ പ്രവർത്തകർ നടത്തിയ സ്റ്റിംഗ് ഓപറേഷിനലാണ് ഇതെല്ലാം പുറത്തറിഞ്ഞത്. പത്ത് പേർ ലോക്‌സഭയിലും ഒരാൾ രാജ്യസഭയിലും അംഗങ്ങളായിരുന്നു. പി.കെ. ബൻസാലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സമിതിയുടെ ശുപാർശ പ്രകാരം ഇവരെ പുറത്താക്കുകയായിരുന്നു. പതിനൊന്ന് എം.പിമാരിൽ ആറു പേർ ബി.ജെ.പിക്കാരായിരുന്നു.
മെഹുവ ഉന്നയിച്ച 62 ചോദ്യങ്ങളിൽ 50 ഉം അദാനി ഗ്രൂപ്പിനെ ലക്ഷ്യമിട്ടായിരുന്നുവെന്നും ഇതിനായി വ്യവസായി ദർശൻ ഹിരാനന്ദാനിയിൽ നിന്ന് കൈക്കൂലി വാങ്ങിയെന്നുമായിരുന്നു ദുബെയുടെ ആരോപണം. മാത്രമല്ല, ലോക്‌സഭ വെബ്‌സൈറ്റിന്റെ ലോഗിൻ ഐഡിയും പാസ്‌വേഡും അടക്കം ഹിരാനന്ദാനിക്ക് മഹുവ നൽകിയെന്നും ഇക്കാര്യത്തിൽ അന്വേഷണം നടത്തണമെന്നുമാവശ്യപ്പെട്ട് ഐടി മന്ത്രി അശ്വനി വൈഷ്ണവിനും സഹമന്ത്രി രാജീവ് ചന്ദ്രശേഖറിനും ദുബെ പരാതി നൽകിയിട്ടുണ്ട്.
വ്യവസായി ദർശൻ ഹിരാനന്ദാനി പാർലമെന്റ് എത്തിക്‌സ് കമ്മിറ്റിക്ക് മുൻപാകെ മൂന്ന് പേജുള്ള സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്. ഈ സത്യവാങ്മൂലത്തിലാണ് ഒഫീഷ്യൽ ലോഗിൻ ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങൾ പുറത്തു വന്നത്. ചോദ്യങ്ങൾ ചോദിക്കാനായി പ്രതിഫലവും വാങ്ങി. ആഡംബര വസ്തുക്കളും യാത്രയുടെയും താമസത്തിന്റെയും ചെലവുകളും ഉൾപ്പെടെ മഹുവ മൊയ്ത്ര ചോദിച്ചതായി വ്യവസായി സത്യവാങ്മൂലത്തിൽ പറയുന്നു.
2022 ഏപ്രിലിൽ ഗൗതം അദാനി സംസ്ഥാനത്ത് 10,000 കോടി രൂപയുടെ ഗണ്യമായ നിക്ഷേപം വാഗ്ദാനം ചെയ്തതിനാൽ പശ്ചിമ ബംഗാളിൽ അദാനി ഗ്രൂപ്പ് അവതരിപ്പിക്കുന്ന നിക്ഷേപ സാധ്യതകളും നിലവിലെ സാഹചര്യത്തിൽ ഒരു പ്രധാന ഘടകമാണെന്നത് ശ്രദ്ധേയമാണ്.
ചോദ്യം ചോദിക്കാൻ കോഴ വാങ്ങിയെന്ന ആരോപണത്തിൽ പാർലമെന്റ് എത്തിക്‌സ് കമ്മിറ്റിക്ക് മുമ്പിൽ ഹാജരായ മഹുവ മൊയ്ത്ര നടപടി പൂർത്തിയാകും മുമ്പ് ഹിയറിംഗ് വേദിയിൽ നിന്ന് ഇറങ്ങിപ്പോയത് പിന്നിട്ട വാരത്തിലാണ്. ഗൂഢലക്ഷ്യത്തോടെയുള്ള ചോദ്യങ്ങളാണ് എത്തിക്‌സ് കമ്മിറ്റിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും അംഗമായ ഭരണപക്ഷ എംപി മാധ്യമങ്ങൾക്ക് വിവരം ചോർത്തിയെന്നും മഹുവ മൊയ്ത്ര പറഞ്ഞു. ഒരു വനിത എം പിയോട് ചോദിക്കാൻ പാടില്ലാത്ത ചോദ്യങ്ങൾ ആണ് ചോദിച്ചത് എന്ന് മഹുവ പറഞ്ഞു. എത്തിക്‌സ് കമ്മിറ്റി ചെയർമാൻ പക്ഷപാതപരമായാണ് പെരുമാറിയതെന്നും മഹുവ പറഞ്ഞു.
അദാനിയുമായി ബന്ധപ്പെടുത്തി പ്രധാനമന്ത്രിയുടെ പ്രതിഛായ തകർക്കാൻ രണ്ട് കോടി രൂപ ഹിരാനന്ദാനി ഗ്രൂപ്പിൽ നിന്ന് കോഴ വാങ്ങി, തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കണക്കിൽപെടാത്ത 75 ലക്ഷം രൂപ കൈപ്പറ്റി, ലാപ്‌ടോപ്പുകൾ, ഡയമണ്ട് നെക്‌ലേസുമടക്കം വില കൂടിയ ഉപഹാരങ്ങൾ കൈപ്പറ്റി തുടങ്ങിയ ആരോപണങ്ങളാണ് ഉയർന്നത്. ഇതൊക്കെ മഹുവ കമ്മിറ്റിയുടെ മുന്നിൽ നിഷേധിച്ചു.
പണം കൈപ്പറ്റിയതിന് പരാതിക്കാർ നൽകിയ തെളിവ് എന്താണെന്ന് മഹുവ ചോദിച്ചു. വിവിധ മന്ത്രാലയങ്ങൾ തനിക്കെതിരെ നൽകിയ റിപ്പോർട്ടുകൾ കാണണമെന്നും അവർ പറഞ്ഞു. പരാതിക്കാരനായ ആനന്ദ് ദെഹദ്രായിയേയും ഹിരനന്ദാനി ഗ്രൂപ്പ് സിഇഒ ദർശൻ നന്ദാനിയേയും വിസ്തരിക്കാൻ അനുവദിക്കണമെന്ന മഹുവയുടെ ആവശ്യം കമ്മിറ്റി പരിഗണിച്ചതുമില്ല. ഇതേത്തുടർന്ന് എത്തിക്‌സ് കമ്മിറ്റി അധ്യക്ഷനെതിരെ ലോക്്‌സഭ സ്പീക്കർക്ക് മഹുവ പരാതി നൽകി. അപകീർത്തികരമായ ചോദ്യങ്ങൾ ഉന്നയിച്ച് കമ്മിറ്റി അധ്യക്ഷൻ വിനോദ് കുമാർ സോങ്കറെ 'വസ്ത്രാക്ഷേപം' നടത്തിയെന്ന് മഹുവ അയച്ച പരാതിയിൽ പറയുന്നു. നീചവും അധാർമികവുമായ പെരുമാറ്റമാണ് കമ്മിറ്റിയിൽ നിന്നുണ്ടായത്. നീതിയും ധാർമികതയുമില്ലാത്ത എത്തിക്‌സ് കമ്മിറ്റിയുടെ പേര് മാറ്റണമെന്നും മഹുവ ആക്ഷേപിച്ചു.
ചോദ്യ കോഴ വിവാദത്തിൽ മഹുവ മൊയ്ത്രയുടെ വിശദീകരണം അറിയാൻ ചേർന്ന എത്തിക്‌സ് കമ്മിറ്റി യോഗത്തിൽ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. രാവിലെ പതിനൊന്ന് മണിക്ക് എത്തിക്‌സ് കമ്മിറ്റിക്ക് മുന്നിലെത്തിയ മഹുവ വൈകിട്ട് മൂന്നു മണിയോടെ പൊട്ടിത്തെറിച്ച് പുറത്തിറങ്ങി. ഒപ്പം മറ്റു പ്രതിപക്ഷ അംഗങ്ങളും ഉണ്ടായിരുന്നു. സ്ത്രീയെന്ന പരിഗണന പോലും ഇല്ലാതെ തീർത്തും അധാർമികമായ ചോദ്യങ്ങളാണ് മഹുവ മൊയ്ത്ര നേരിട്ടതെന്ന് പ്രതിപക്ഷ അംഗങ്ങളും വിശദീകരിച്ചു.
പാർലമെന്റ് അംഗങ്ങളുടെ ലോഗിൻ സംബന്ധിച്ച് മാർഗ നിർദേശങ്ങൾ പുറത്തു വിടണമെന്ന് ലോക്‌സഭ സെക്രട്ടറിയേറ്റിനോട് മഹുവ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം എത്തിക്‌സ് കമ്മിറ്റി യോഗത്തിൽ മഹുവ സഭ്യേതര ഭാഷ പ്രയോഗിച്ചെന്നാണ് വിനോദ് കുമാർ സോങ്കറെയുടെ ആരോപണം.
മന്ത്രാലയങ്ങളുടെ റിപ്പോർട്ടും ഹിരാനന്ദാനി ഗ്രൂപ്പിന്റെ സത്യവാങ്മൂലവും മഹുവയുടെ വിശദീകരണവുമായി സമിതി ഒത്തുനോക്കും. ഒരു മാസത്തിനുള്ളിൽ എത്തിക്‌സ് കമ്മിറ്റി സ്പീക്കർക്ക് റിപ്പോർട്ട് നൽകാനാണ് സാധ്യത. പദവി ദുരുപയോഗം ചെയ്തുവെന്ന് തെളിഞ്ഞാൽ മഹുവയെ അയോഗ്യയാക്കാനോ സസ്‌പെൻഡ് ചെയ്യാനോ ഉള്ള ശുപാർശ കമ്മിറ്റിക്ക് നൽകാം. ശൈത്യകാല സമ്മേളനത്തിന് മുൻപ് തീരുമാനം വരും. സമിതിയുടെ തീരുമാനം പാർലമെന്റിന്റെ പരിഗണനയ്ക്ക് വരും. അതു കഴിഞ്ഞാൽ മഹുവയ്‌ക്കെതിരെ നടപടിയെടുക്കാൻ സാധ്യതയുണ്ട്. എന്നാൽ സമിതി കടുത്ത തീരുമാനമെടുത്താൽ തന്നെ മഹുവയ്ക്ക് കോടതിയിൽ ചോദ്യം ചെയ്യാനാവുമെന്നാണ് നിയമ വിദഗ്ധർ പറയുന്നത്.