ദമാം - ഖത്തീഫിൽ മെയിൻ റോഡിലൂടെ ഇഴഞ്ഞുനടന്ന മൂന്നു മീറ്റർ നീളമുള്ള ചീങ്കണ്ണിയെ ഖത്തീഫ് പോലീസുമായും നാഷണൽ സെന്റർ ഫോർ വൈൽഡ്‌ലൈഫുമായും ഏകോപനം നടത്തി പിടികൂടിയതായി ഖത്തീഫ് നഗരസഭ അറിയിച്ചു. ഖത്തീഫിലെ മൃഗശാലയിൽ നിന്ന് രക്ഷപ്പെട്ട് പുറത്തിറങ്ങിയ ചീങ്കണ്ണിയാണ് മെയിൻ റോഡിലൂടെ ഇഴഞ്ഞുനടന്നത്. മൃഗശാലയിൽ നിന്ന് രക്ഷപ്പെട്ട മറ്റു മൃഗങ്ങളില്ല എന്ന് ഉറപ്പുവരുത്താൻ പോലീസും നഗരസഭയും ചേർന്ന് പ്രദേശം അരിച്ചുപെറുക്കി. ചീങ്കണ്ണി രക്ഷപ്പെട്ട് പുറത്തിറങ്ങിയ മൃഗശാല മുൻകരുതലെന്നോണം അടപ്പിച്ചതായും ഖത്തീഫ് നഗരസഭ അറിയിച്ചു.
മൃഗശാലക്കു സമീപമുള്ള മെയിൻ റോഡിൽ പാലത്തിനു താഴെ ചീങ്കണ്ണി ഇഴഞ്ഞുനടക്കുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ദൃക്‌സാക്ഷികൾ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു. റോഡിൽ തലങ്ങും വിലങ്ങും നടന്ന ചീങ്കണ്ണിയെ അവസാനം ബന്ധപ്പെട്ട വകുപ്പുകൾ പിടികൂടുകയായിരുന്നെന്ന് ഡ്രൈവർമാർ പറഞ്ഞു. പ്രത്യേകതരം ഇരുമ്പ് വല ഉപയോഗിച്ചാണ് നാഷണൽ സെന്റർ ഫോർ വൈൽഡ്‌ലൈഫ് സംഘം ചീങ്കണ്ണിയെ പിടികൂടിയത്. പുനരധിവാസത്തിനും സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് തിരികെ വിടാനും ചീങ്കണ്ണിയെ പിന്നീട് പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റിയതായും നാഷണൽ സെന്റർ ഫോർ വൈൽഡ്‌ലൈഫ് അറിയിച്ചു.تمت السيطرة على التمساح الذي شوهد في احد شوارع #القطيف https://t.co/cQztrMLvLd pic.twitter.com/Ok0UJUmr0w
— سالفة الهاشتاق وأكثر (@AbtTrend) November 7, 2023