ജിദ്ദ - ലോകത്തെ ഏറ്റവും വലിയ സ്വർണ, ചെമ്പ് ഖനികളിൽ ഒന്നായ പാക്കിസ്ഥാനിലെ റെകോ ഡിക്ക് ഖനിയുടെ ഓഹരികൾ സ്വന്തമാക്കാൻ സൗദി അറേബ്യക്ക് നീക്കം. ഇതുമായി ബന്ധപ്പെട്ട കരാറിൽ ഇരു രാജ്യങ്ങളും അടുത്ത മാസം ഒപ്പുവെക്കുമെന്നാണ് കരുതുന്നത്. റെകോ ഡിക്ക് പദ്ധതി ഓഹരികൾ വിൽക്കാൻ സൗദി അറേബ്യയുമായി ചർച്ചകൾ നടത്തിവരികയാണെന്ന് പാക് ഇടക്കാല പ്രധാനമന്ത്രി അൻവാറുൽഹഖ് കാകർ പറഞ്ഞു. ഇക്കാര്യത്തിൽ മൂന്നാഴ്ചക്കുള്ളിൽ സൗദി അറേബ്യയുമായി ധാരണയിലെത്താൻ കഴിയുമെന്നാണ് പ്രത്യാശിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
സൗദി അറേബ്യ മുന്നോട്ടുവെച്ച ഓഫറിൽ പാക് അധികൃതർ ആവേശം പ്രകടിപ്പിച്ചു. പാക്കിസ്ഥാനിൽ ആറു ട്രില്യൺ ഡോളറിന്റെ പ്രയോജനപ്പെടുത്താതെ കിടക്കുന്ന ധാതുശേഖരമുണ്ടെന്നാണ് കണക്കാക്കുന്നത്. ബലൂചിസ്ഥാനിലെ ചഗായ് ജില്ലയിലെ റെകോ ഡിക്ക് നഗരത്തിനു സമീപമാണ് റെകോ ഡിക്ക് ഖനിയുള്ളത്. ഇവിടെ 0.14 ശതമാനം ചെമ്പ് ഗ്രേഡിംഗിലുള്ള 590 കോടി ടൺ ചെമ്പ് അയിരും 4.15 കോടി ഔൺസ് സ്വർണവുമുണ്ടെന്നാണ് കണക്കാക്കുന്നത്.