ജിദ്ദ - മധ്യപൗരസ്ത്യദേശത്തെ മുൻനിര മാധ്യമ സ്ഥാപനവും മലയാളം ന്യൂസ് അടക്കമുള്ള പ്രസിദ്ധീകരണങ്ങളുടെ ഉടമകളുമായ സൗദി റിസേർച്ച് ആന്റ് പബ്ലിഷിംഗ് ഗ്രൂപ്പിന് ഈ വർഷം മൂന്നാം പാദത്തിൽ 24.9 കോടി റിയാൽ ലാഭം. കഴിഞ്ഞ കൊല്ലം മൂന്നാം പാദത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ പാദത്തിൽ എസ്.ആർ.എം.ജി ലാഭം ഒരു ശതമാനം തോതിൽ വർധിച്ചു. കഴിഞ്ഞ വർഷം മൂന്നാം പാദത്തിൽ കമ്പനി 24.65 കോടി റിയാലാണ് ലാഭം നേടിയത്. നേരത്തെ പ്രഖ്യാപിച്ച തന്ത്രത്തിന് അനുസൃതമായി ചില പദ്ധതികൾ പ്രവർത്തിപ്പിക്കാനുള്ള ചെലവുകളുടെ ഫലമായി ചെലവുകൾ വർധിച്ചിട്ടും വരുമാനം 5.2 ശതമാനം തോതിൽ ഉയർന്നതാണ് മൂന്നാം പാദത്തിൽ ലാഭം വർധിക്കാൻ സഹായിച്ചതെന്ന് എസ്.ആർ.എം.ജി പറഞ്ഞു. കഴിഞ്ഞ വർഷം മൂന്നാം പാദത്തെ അപേക്ഷിച്ച് ഈ കൊല്ലം മൂന്നാം പാദത്തിൽ നികുതികളും മറ്റു ചെലവുകളും കുറക്കാതെയുള്ള ഗ്രൂപ്പിന്റെ ആകെ ലാഭം 12.9 ശതമാനം തോതിൽ വർധിച്ചു.
ഈ വർഷം രണ്ടാം പാദത്തെ അപേക്ഷിച്ച് മൂന്നാം പാദത്തിൽ ഗ്രൂപ്പിന്റെ ലാഭം 37.1 ശതമാനം തോതിൽ വർധിച്ചു. രണ്ടാം പാദത്തിൽ എസ്.ആർ.എം.ജി 18.1 കോടി റിയാലാണ് അറ്റാദായം നേടിയത്. ഈ വർഷം ആദ്യത്തെ ഒമ്പതു മാസക്കാലത്ത് ഗ്രൂപ്പ് കൈവരിച്ച ലാഭം 55.15 കോടി റിയാലായി ഉയർന്നു. കഴിഞ്ഞ കൊല്ലം ഇതേ കാലയളവിൽ ഗ്രൂപ്പിന്റെ ലാഭം 52.78 കോടി റിയാലായിരുന്നു. ഇതിനെ അപേക്ഷിച്ച് ഈ വർഷം എസ്.ആർ.എം.ജി ലാഭം 4.4 ശതമാനം തോതിൽ വർധിച്ചു. മൂന്നാം പാദത്തിൽ ഗ്രൂപ്പിന്റെ ആകെ വരുമാനം 8.1 ശതമാനം തോതിൽ വർധിച്ചു.