Sorry, you need to enable JavaScript to visit this website.

മൂന്നര വയസ്സുകാരന്റെ മരണം; പള്‍പ്പെക്ടമിയില്‍ ആശങ്ക വേണ്ടെന്ന് ദന്തരോഗ വിദഗ്ധര്‍

കൊച്ചി- കുട്ടികളിലെ രോഗം ബാധിച്ചതോ ദ്രവിച്ചതോ ആയ പല്ല് സംരക്ഷിക്കാന്‍ ചെയ്യുന്ന ലളിതമായ ശസ്ത്രക്രിയയാണ് പള്‍പ്പെക്ടമിയെന്നും ഇതില്‍ ആശങ്കപ്പെടാനില്ലെന്നും വിശദീകരിച്ച് അസോസിയേഷന്‍ ഓഫ് പീഡിയാട്രിക് ആന്‍ഡ് പ്രിവന്റീവ് ഡെന്റിസ്റ്റ് ഓഫ് കേരള പ്രസിഡന്റ് ഡോ.ജി. അഞ്ജന. പള്‍പ്പെക്ടമിക്കുശേഷം കായംകുളത്ത്  മൂന്നര വയസ്സുകാരന്‍ മരിച്ച സംഭവം വിവാദമായിരിക്കെയാണ് വിശദീകരണം.
പല്ല് പൂര്‍ണമായും എടുക്കാതെ ചെയ്യുന്ന ചികിത്സാരീതിയാണിത്.
മുതിര്‍ന്നവരില്‍ ചെയ്യുന്ന റൂട്ട് കനാലിനോട് സമാനമായ ശസ്ത്രക്രിയാരീതിയാണിത്. പല്ലിന്റെ മധ്യഭാഗത്തെ മൃദുവായ പ്രദേശമായ പള്‍പ്പിനെ ബാധിച്ച പഴുപ്പ് നീക്കിയശേഷം നിറയ്ക്കുന്ന മരുന്നുകളില്‍ വ്യത്യാസമുണ്ടാകുമെന്ന് മാത്രം. കുട്ടികള്‍ക്ക് വേദന അനുഭവപ്പെടാതിരിക്കാനാണ് ജനറല്‍ അനസ്‌തേഷ്യക്ക് നിര്‍ദേശിക്കാറുള്ളത്. മുതിര്‍ന്നവരില്‍ റൂട്ട് കനാല്‍ ചെയ്യുമ്പോള്‍ ആ ഭാഗം മരവിപ്പിക്കുകയാണ് പതിവ്. കുട്ടികളില്‍ അണപ്പല്ലുകള്‍ നേരത്തേ നീക്കംചെയ്താല്‍ ബുദ്ധിമുട്ടുണ്ടാകുന്നതിനാലാണ് ഈ ചികിത്സാരീതി നിര്‍ദേശിക്കുന്നത്. ശസ്ത്രക്രിയയ്ക്കിടെ സങ്കീര്‍ണതകളുണ്ടാകാനുള്ള സാധ്യത കുറവാണ്. ഡോ. ജി. അഞ്ജന പറഞ്ഞു.

കരുവന്നൂര്‍ പാറമേല്‍ കെവിന്റെയും മുണ്ടൂര്‍ പുറ്റേക്കര നെല്ലിപ്പറമ്പില്‍ ഫെല്‍ജയുടെയും ഏക മകന്‍ ഹാരോണ്‍ ആണ് ചൊവ്വാഴ്ച ഉച്ചയോടെ അടുപ്പുട്ടിയിലെ മലങ്കര ആശുപത്രിയില്‍ മരിച്ചത്. പള്‍പ്പെക്ടമി ചെയ്യുന്നതിന്  ജനറല്‍ അനസ്‌തേഷ്യ നല്‍കിയിരുന്നു.
ശസ്ത്രക്രിയക്കുശേഷം കുട്ടിയെ പോസ്റ്റ് ഓപ്പറേറ്റീവ് ഐ.സി.യു.വിലേക്ക് മാറ്റിയതായി അറിയിച്ചിരുന്നുവെന്നും എന്നാല്‍ രണ്ടു മണിക്കൂറിനു ശേഷവും കുട്ടിയെ കാണിക്കാന്‍ തയ്യാറായില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ബലം പ്രയോഗിച്ച് വാതില്‍ തുറന്നുനോക്കിയപ്പോള്‍ കൃത്രിമശ്വാസം നല്‍കുന്നതാണ് കണ്ടത്. കുട്ടി മരിച്ചതായാണ് പിന്നീട് അറിയിച്ചത്. എന്താണുണ്ടായതെന്ന ചോദ്യങ്ങള്‍ക്കൊന്നും വ്യക്തമായ ഉത്തരം അധികൃതര്‍ തന്നില്ല. ചികിത്സിച്ചിരുന്ന ഡോക്ടറും സ്ഥലത്തുണ്ടായിരുന്നില്ല. ചികിത്സയില്‍ അനാസ്ഥ കാണിച്ച ഡോക്ടര്‍മാരുടെ പേരില്‍ നടപടിയെടുക്കണമെന്നും നീതി കിട്ടണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെടുന്നു.
തൃശ്ശൂര്‍ ജൂബിലി മെഡിക്കല്‍ കോളേജില്‍ നഴ്‌സായ അമ്മയാണ് ഹാരോണിനെ ചികിത്സക്കു കൊണ്ടുവന്നത്. പല്ലിന്റെ പല ഭാഗങ്ങളും പൊട്ടി ഭക്ഷണത്തോടൊപ്പം വയറ്റിലേക്കു പോകുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മലങ്കര ആശുപത്രിയിലെത്തിയത്. മൂന്നര വയസ്സാണെങ്കിലും വൈകിയാണ് ഹാരോണ്‍ സംസാരിക്കാന്‍ തുടങ്ങിയത്. ഇടയ്ക്ക് അപസ്മാരത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ചിരുന്നു. ഇത്തരം വിവരങ്ങള്‍ ഡോക്ടറെ അറിയിച്ചിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു.
പരാതിയുടെ അടിസ്ഥാനത്തില്‍ അസ്വാഭാവികമരണത്തിന് കേസെടുത്തിരിക്കയാണ്. എ.സി.പി. സി.ആര്‍. സന്തോഷ്, എസ്.എച്ച്.ഒ. യു.കെ. ഷാജഹാന്‍, തഹസില്‍ദാര്‍ ഒ.ബി. ഹേമ തുടങ്ങിയവര്‍ ആശുപത്രിയിലെത്തി വിവരങ്ങള്‍ ശേഖരിച്ചു.
 ജനറല്‍ അനസ്‌തേഷ്യ നല്‍കിയാണ് പള്‍പ്പെക്ടമി ശസ്ത്രക്രിയക്ക് കുട്ടികളെ വിധേയരാക്കാറുള്ളതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.  കുട്ടിയുടെ ആരോഗ്യസ്ഥിതിയും രക്തസാമ്പിളുകളും പരിശോധിച്ചിരുന്നു. എട്ടരയോടെ ശസ്ത്രക്രിയ കഴിഞ്ഞു. രണ്ടു മണിക്കൂര്‍ നിരീക്ഷണത്തിനു ശേഷം പത്തേകാലിനാണ് പോസ്റ്റ് ഓപ്പറേറ്റീവ് ഐ.സി.യു.വിലേക്ക് മാറ്റിയത്. പതിനൊന്നരയോടെ കുട്ടിയുടെ ഓക്‌സിജന്‍ നിലയില്‍ കുറവ് വന്നു. കുട്ടികളുടെ ഡോക്ടര്‍, അനസ്‌തേഷ്യസ്റ്റ്, കാര്‍ഡിയോളജിസ്റ്റ് തുടങ്ങിയവര്‍ ഐ.സി.യു.വിലെത്തി. കുട്ടിക്ക് കൃത്രിമശ്വാസം നല്‍കിയെങ്കിലും ഹൃദയത്തിന്റെ പ്രവര്‍ത്തനം കുറഞ്ഞുവരുകയായിരുന്നു. ശസ്ത്രക്രിയക്കുശേഷം കുട്ടിയെ ബന്ധുക്കളെ കാണിച്ചിരുന്നതായും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ സി.എസ്. ഡിക്‌സണ്‍ പറഞ്ഞു.

 

 

Latest News