ആലപ്പുഴ- പ്രളയക്കെടുതിയിൽ നിന്ന് ഇനിയും മോചനം നേടാതെ കാലാവസ്ഥാ വ്യതിയാനത്തെ ഭയന്ന് കഴിയുന്ന കുട്ടനാട്ടിലേയ്ക്ക് കേന്ദ്ര സംഘം എത്തിയത് കനത്ത മഴയിൽ.ആഴ്ചകൾക്ക് മുമ്പുള്ള കുട്ടനാടിന്റെ ചിത്രവും ജനങ്ങൾ അനുഭവിക്കുന്ന വേദനയും ജില്ലാ കലക്ടർ കേന്ദ്ര സംഘത്തിന്റെ പക്കൽ വ്യക്തതയോടെ വിവരിച്ചു.
ഇന്നലെ രാവിലെയാണ് കേന്ദ്ര ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറി എ.വി ധർമ്മ റെഡ്ഡിയുടെ നേതൃത്വത്തിൽ കേന്ദ്ര ഊർജ മന്ത്രാലയം ഇലക്ട്രിസിറ്റി അതോറിട്ടി ഡെപ്യൂട്ടി ഡയറക്ടർ നഴ്‌സിറാം മീണ, സെൻട്രൽ വാട്ടർ കമ്മീഷൻ ഡയറക്ടർ ആർ.തങ്കമണി, റൂറൽ ഡവലപ്‌മെന്റ് അസിസ്റ്റന്റ് ഡയറക്ടർ ചാഹത്ത് സിങ് എന്നിവരടങ്ങുന്ന സംഘംകുട്ടനാടും തീരദേശവുംസന്ദർശിച്ചത്.കുട്ടനാട്ടിലെ കുപ്പപ്പുറം, ഉമ്പിക്കാരം ജെട്ടി തുടങ്ങിയ സ്ഥലങ്ങളിലാണ് ആദ്യമെത്തിയത്. കുട്ടനാടിന്റെ കൃഷി രീതികൾ സംഘം വിശദമായി കളക്ടറോട് ചോദിച്ചറിഞ്ഞു. നെടുമുടി പടിഞ്ഞാറ് ഭാഗത്തുള്ള പരിയാത്ത് ജെട്ടിയിലും സംഘം ഇറങ്ങി. വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന എ.സി റോഡും സന്ദർശിച്ച ഇവർ ഗതാഗതവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളും ചോദിച്ചറിഞ്ഞു.
കനത്ത മഴയും കാറ്റും മൂലം വള്ളത്തിലെ യാത്ര ഇവർ ഒഴിവാക്കിയിരുന്നു. എന്നിരുന്നാലും മടവീണ പാട ശേഖരങ്ങൾ, വെള്ളത്തിൽ മുങ്ങിയ നിരവധി വീടുകൾ, ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങിയവ സംഘം സന്ദർശിച്ചു. കുട്ടമംഗലം മൃഗാശുപത്രിക്ക് സമീപം ബോട്ട് ജെട്ടിയിൽ കന്നുകാലികൾക്ക് അഭയം ഒരുക്കിയത് ചോദിച്ചറിഞ്ഞു. വെള്ളത്താൽ ചുറ്റപ്പെട്ട കൈനകരി വില്ലേജ് ഓഫീസ് ശ്രദ്ധയിൽപ്പെടുത്തി.
കലക്ടർ കൈനകരിയിലെ ദുരിത പ്രദേശങ്ങൾക്ക് സംഘം ഇത്തരം ദുരിതങ്ങൾ കുട്ടനാട്ടിൽ വർഷം തോറും ആവർത്തിക്കുന്നതായും ശാശ്വതമായ പരിഹാരമാണ് കുട്ടനാടിന് വേണ്ടതെന്നും കേന്ദ്ര സംഘത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി. പരമാവധി കേന്ദ്ര സഹായം ലഭിക്കാൻ സഹായകരമായ വിധം ഏറ്റവും നാശനഷ്ടമുായ ഭാഗങ്ങൾ സംഘത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയതായി കലക്ടർ പറഞ്ഞു. അമ്പതോളം വെള്ളം കയറിയ കുട്ടനാട്ടിലെ പാടശേഖരങ്ങൾ സംഘം കണ്ടു. വെള്ളത്തിൽ മുങ്ങിയ അഞ്ഞൂറോളം വീടുകളും സംഘം കണ്ടതായി സംഘത്തോടൊപ്പമുണ്ടായിരുന്ന കലക്ടർ പറഞ്ഞു.
സംഘത്തിന്റെ ചോദ്യങ്ങൾക്ക് തൃപ്തികരമായ മറുപടി നൽകാൻ കഴിഞ്ഞതായി ജില്ലാകലക്ടർ പറഞ്ഞു. വളഞ്ഞവഴി, നീർക്കുന്നം എന്നിവിടങ്ങളിലെ കടൽക്ഷോ ഭത്തിൽ തകർന്ന വീടുകളും തീരവും കേന്ദ്ര സംഘം സന്ദർശിച്ചു. പിന്നീട് കേന്ദ്ര സംഘം അപ്പർ കുട്ടനാട്ടിന്റെ വെള്ളത്തിൽ മുങ്ങിയ പ്രദേശങ്ങൾ സന്ദർശിച്ചു. മാന്നാർ വിഷവർശ്ശേരിക്കരയിൽ സന്ദർശിച്ച ശേഷം കേന്ദ്ര സംഘംമടങ്ങി. സന്ദർശനവുമായി ബന്ധപ്പെട്ട് യാതൊന്നും തന്നെ മാധ്യമങ്ങളോട് സംഘം വിശദീകരിച്ചില്ല. തോമസ് ചാണ്ടി എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ, ജില്ലാ കലക്ടർ എസ്.സുഹാസ്, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംഘത്തോടൊപ്പമുണ്ടായിരുന്നു.