കോട്ടയം - കുട്ടനാട്ടില്‍ വ്യാജരേഖ ചമച്ച് കാര്‍ഷിക വായ്പ തട്ടിയെടുത്ത കേസില്‍ പ്രതിയായ ഫാ.തോമസ് പീലിയാനിക്കലിനെ പൗരോഹിത്യ ചുമതലകളില്‍നിന്ന് നീക്കി. ചങ്ങനാശ്ശേരി അതിരൂപതയുടേതാണ് നടപടി. പള്ളികളില്‍ കൂദാശയും കൂദാശാനുകരണങ്ങളും നടത്തുന്നതിനും പരസ്യ പൗരോഹിത്യ ശുശ്രൂഷകളില്‍ ഏര്‍പ്പെടുന്നതിനുമാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടത്തിന്റെ നേതൃത്വത്തിലുള്ള അതിരൂപതാ ഉന്നതാധികാര സമിതിയുടേതാണ് തീരുമാനം.
കാനോന്‍ നിയമപ്രകാരമാണ് അന്വേഷണവിധേയമായി പീലിയാനിക്കലിനെ വൈദികജോലികളില്‍നിന്ന് സഭ മാറ്റിനിര്‍ത്തിയത്. പെരുമാറ്റദൂഷ്യംമൂലം 2018 ജൂലൈ 13 മുതല്‍ പൗരോഹിത്യ ചുമതലകളില്‍നിന്ന് സസ്പെന്റ് ചെയ്തതായി അതിരൂപതയുടെ മുഖപത്രമായ 'വേദപ്രചാര മധ്യസ്ഥ'ന്റെ ആഗസ്ത് ലക്കത്തിലാണ് ഇതുസംബന്ധിച്ച അറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇല്ലാത്ത സംഘങ്ങളുടെ പേരില്‍ ബാങ്കുകളില്‍നിന്നും വ്യാജരേഖ ചമച്ച് കോടികളുടെ കാര്‍ഷികവായ്പ തട്ടിയെടുത്തതിന്റെ പേരില്‍ ഫാ.തോമസ് പീലിയാനിക്കലിനെ ജൂണ്‍ 19ന് ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വിജയകുമാരന്‍നായര്‍ അറസ്റ്റുചെയ്തിരുന്നു.
രാമങ്കരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ അദ്ദേഹത്തെ 14 ദിവസത്തേക്ക് റിമാന്‍ഡും ചെയ്തു. പിന്നീട് ജാമ്യം ലഭിച്ചെങ്കിലും കുട്ടനാട് വികസന സമിതി എക്സിക്യൂട്ടിവ് ഡയറക്ടര്‍ സ്ഥാനത്തുനിന്നും അദ്ദേഹത്തെ നീക്കി പകരം ഫാ.ജോസഫ് കൊച്ചുചിറക്കലിനു ചുമതല നല്‍കുകയും ചെയ്തിട്ടുണ്ട്.