കൊച്ചി- കുറ്റകൃത്യങ്ങളും മയക്കുമരുന്ന് ഉപയോഗവും വര്‍ധിച്ചതിന്റെ പശ്ചാത്തലത്തില്‍ കൊച്ചിയിലെ ഐ.ടി ഹബ്ബായ കാക്കനാട് മേഖലയില്‍ നൈറ്റ് ലൈഫ് നിരോധത്തിന് നീക്കം. തൃക്കാക്കര നഗരസഭയാണ് മൂന്ന് ദിവസം മുമ്പ് വിവിധ സംഘടനകളുടെ യോഗം വിളിച്ച് നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്.
രാത്രി 11ന് കടകള്‍ അടയ്ക്കുകയും പുലര്‍ച്ചെ നാലിന് തുറക്കുകയും ചെയ്യാമെന്നാണ് നിര്‍ദ്ദേശം. ആകെയുള്ള 43 ല്‍ നഗരസഭാദ്ധ്യക്ഷ ഉള്‍പ്പെടെ 15 കൗണ്‍സിലര്‍മാരുടെയും പോലീസ്, എക്‌സൈസ്, റെസിഡന്റ്‌സ് അസോസിയേഷനുകളുടെ സംഘടന, മോട്ടോര്‍ വാഹന വകുപ്പ്, വ്യാപാരി വ്യവസായി ഏകോപന സമിതി, ഹോട്ടല്‍ ആന്‍ഡ് റെസ്‌റ്റോറന്റ് അസോസിയേഷന്‍ (കെ.എച്ച്.ആര്‍.എ) എന്നീ സംഘടനകളുടെയും സാന്നിധ്യത്തില്‍ നൈറ്റ്‌ലൈഫ് നിരോധനത്തേക്കുറിച്ച് ചര്‍ച്ച ചെയ്തതെന്ന് നഗരസഭ അറിയിച്ചു.
എന്നാല്‍ ഐ.ടി സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍, യുവാക്കള്‍, ടാക്‌സി െ്രെഡവര്‍മാര്‍, കെ.എച്ച്.ആര്‍.എ, നാട്ടുകാര്‍ ഉള്‍പ്പെടെ പ്രതിഷേധവുമായി രംഗത്തെത്തി. ഔദ്യോഗികമായി തീരുമാനമെടുത്താല്‍ പരസ്യമായ പ്രതിഷേധത്തിന് ഇറങ്ങാനാണ് സംഘടനകളുടെ നീക്കം.
ഐ.ടി സ്ഥാപനങ്ങള്‍ കോവിഡിനു ശേഷം വര്‍ക്ക് ഫ്രം ഓഫീസ് സംവിധാനത്തിലേക്ക് തിരിച്ചുവരുന്നതിനിടെ രാത്രി നിരോധം ഏര്‍പ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ഐ.ടി ജീവനക്കാരുടെ സംഘടനയായ പ്രോഗ്രസീവ് ടെക്കീസ് ആവശ്യപ്പെട്ടു. മുനിസിപ്പാലിറ്റിയുടെ നിര്‍ദ്ദേശം അപ്രായോഗികവും പ്രതിഷേധാര്‍ഹവുമാണെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റെസ്‌റ്റോറന്റ് അസോസിയേഷന്‍ എറണാകുളം ജില്ലാ കമ്മിറ്റിയും അറിയിച്ചു. മയക്കുമരുന്ന് വിതരണം തടയാന്‍ പോലീസിന്റെയും എക്‌സൈസിന്റെയും പരിശോധനകള്‍ ശക്തമാക്കണം. വ്യാപാരസ്ഥാപനങ്ങള്‍ അടച്ചിട്ടാല്‍ മയക്കുമരുന്ന് വിതരണം ഇല്ലാതാകുമെന്ന കണ്ടെത്തല്‍ ആശ്ചര്യകരമാണെന്ന് ഭാരവാഹികള്‍ പറഞ്ഞു.