മക്ക - ഈ വർഷത്തെ ഹജ് സീസൺ ആരംഭിച്ച ശേഷം അനുമതി പത്രമില്ലാത്ത രണ്ടു ലക്ഷത്തോളം പേരെ മക്കയ്ക്കു സമീപമുള്ള ചെക്ക്‌പോസ്റ്റുകളിൽനിന്ന് തിരിച്ചയച്ചതായി ഹജ് സുരക്ഷാ സേനാ കമാണ്ടർ ജനറൽ ഖാലിദ് അൽഹർബി അറിയിച്ചു. ഈ വർഷത്തെ ഹജിനുള്ള സുരക്ഷാ പദ്ധതി ആഭ്യന്തര മന്ത്രിയും സുപ്രീം ഹജ് കമ്മിറ്റി ചെയർമാനുമായ അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരൻ അംഗീകരിച്ചിട്ടുണ്ട്. ശവ്വാൽ 25 മുതൽ കഴിഞ്ഞ ദിവസം വരെ 1,99,404 പേരെയാണ് മക്കയുടെ പ്രവേശന കവാടങ്ങളിൽ നിന്ന് തിരിച്ചയച്ചത്. മക്കയിൽ പ്രവേശിക്കുന്നതിനുള്ള പ്രത്യേക പെർമിറ്റില്ലാത്തതിന് 89,039 വാഹനങ്ങളും ചെക്ക്‌പോസ്റ്റുകളിൽ നിന്ന് തിരിച്ചയച്ചു. ഹജ് അനുമതി പത്രമില്ലാതെ ഇഹ്‌റാം വേഷത്തിലുള്ള സൗദികൾ മക്കയിൽ പ്രവേശിക്കുന്നത് ചൊവ്വാഴ്ച മുതൽ വിലക്കുന്നതിന് തുടങ്ങിയിട്ടുണ്ടെന്നും ജനറൽ ഖാലിദ് അൽഹർബി പറഞ്ഞു.
ഹജ് അനുമതി പത്രമില്ലാത്തവർ നുഴഞ്ഞുകയറുന്നത് തടയുന്നതിനും നിയമലംഘകരെ പിടികൂടുന്നതിനും മക്കക്കു സമീപമുള്ള മുഴുവൻ റോഡുകളിലും മരുഭൂപാതകളിലും മലമ്പ്രദേശങ്ങളിലും താൽക്കാലിക ചെക്ക് പോയിന്റുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ഹൈവേ പോലീസ് കമാണ്ടർ മേജർ ജനറൽ സായിദ് അൽതുവയ്യാൻ പറഞ്ഞു. ഹജ് അനുമതി പത്രമില്ലാത്ത ആരെയും മക്കയിൽ പ്രവേശിക്കുന്നതിന് അനുവദിക്കില്ല. നിയമ ലംഘകരെ മക്കയിലേക്ക് കടത്തുന്നതിന് ശ്രമിക്കുന്നവരെ പിടികൂടി ശിക്ഷാ നടപടികൾ സ്വീകരിക്കും. ഇത്തരക്കാരുടെ വാഹനങ്ങളും കസ്റ്റഡിയിലെടുക്കും. നിയമ ലംഘകരായ വിദേശികളെ വിരലടയാളം രജിസ്റ്റർ ചെയ്ത് സൗദിയിൽ നിന്ന് നാടുകടത്തും. പത്തു വർഷം പിന്നിടാതെ പുതിയ വിസകളിൽ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതിൽ നിന്ന് ഇവർക്ക് വിലക്കേർപ്പെടുത്തുമെന്നും മേജർ ജനറൽ സായിദ് അൽതുവയ്യാൻ പറഞ്ഞു.