കൊല്ലം-സംസ്ഥാന സര്‍ക്കാര്‍ ക്ഷേമപെന്‍ഷന്‍ നിഷേധിച്ച ഭിന്നശേഷിക്കാരന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ സഹായം. കൊല്ലം പരവൂര്‍ സ്വദേശി എസ്.ആര്‍ മണിദാസിനാണ് സുരേഷ് ഗോപി ഒരു ലക്ഷം രൂപ കൈമാറിയത്. ആവശ്യമെങ്കില്‍ ഒരു ലക്ഷം രൂപ കൂടി കൈമാറാന്‍ സുരേഷ് ഗോപി സന്നദ്ധത അറിയിച്ചു.
വാര്‍ഷിക വരുമാനം ഒരുലക്ഷം രൂപയിലധികമുണ്ടെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷമാണ് മണിദാസിനുള്ള ക്ഷേമപെന്‍ഷന്‍ വിതരണം സര്‍ക്കാര്‍ നിര്‍ത്തിയത്. മരുന്ന് വാങ്ങാനുള്‍പ്പെടെ ഈ പെന്‍ഷന്‍ തുകയാണ് കുടുംബം ഉപയോഗിച്ചിരുന്നത്. 27 കാരനായ മണിദാസിന് സംസാരശേഷി ഇല്ലായ്മ അടക്കം അഞ്ചുതരം വൈകല്യങ്ങളുണ്ട്.
ആ അമ്മയുടെ അവസ്ഥ ഞാന്‍ കണ്ടതാണ്. വിവരം അറിഞ്ഞപ്പോള്‍ തന്നെ വീട്ടില്‍ വിളിച്ച് പണം അയക്കാന്‍ രാധികയോട് പറഞ്ഞു. ഇനിയൊരു പത്ത് വര്‍ഷത്തേക്ക് കൂടി പെന്‍ഷന്റെ രൂപത്തില്‍ ഒരുലക്ഷം രൂപ ആ അമ്മയ്ക്ക് ലഭിക്കണമെങ്കില്‍ അതും ഞാന്‍ നല്‍കാന്‍ തയ്യാറാണ്. ആ അമ്മയ്ക്ക് സര്‍ക്കാര്‍ ഈ തുക തിരികെ കൊടുക്കുമെങ്കില്‍ കൊടുത്തോട്ടെ. ഒരു കൈത്താങ്ങാണ് ഞാന്‍ നല്‍കിയത്- സുരേഷ് ഗോപി പറഞ്ഞു.
പെന്‍ഷന്‍ നിഷേധിച്ചതിന് പുറമെ കഴിഞ്ഞ 13 വര്‍ഷമായി കൈപ്പറ്റിയ പെന്‍ഷന്‍ തുക മുഴുവനും തിരികെ അടയ്ക്കണമെന്നും ധനവകുപ്പ് ഉത്തരവിറക്കിയിരുന്നു. സര്‍ക്കാര്‍ സ്‌കൂളിലെ തയ്യല്‍ അധ്യാപികയായിരുന്ന മണിദാസിന്റെ അമ്മ സുധാമണിയ്ക്ക് ലഭിക്കുന്ന പെന്‍ഷന്‍ മാത്രമാണ് കുടുംബത്തിന്റെ ആകെയുള്ള ആശ്രയം.






