ലണ്ടൻ- ലോക ഫുട്‌ബോളിലെ സൂപ്പർ താരങ്ങളിലൊരാളായ പോൾ പോഗ്ബ ബാഴ്‌സയിലേക്കെന്ന്. മാഞ്ചസ്റ്റർ യുനൈറ്റഡുമായുള്ള കരാർ റദ്ദാക്കി ബാഴ്‌സലോണയിലേക്ക് ഫ്രഞ്ച് താരം കൂടുമാറുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞമാസം റഷ്യയിൽ അവസാനിച്ച ലോകകപ്പ് ഫുട്‌ബോളിൽ ജേതാക്കളായ ഫ്രാൻസ് ടീമിൽ അംഗമായിരുന്നു 25-കാരനായ പോഗ്ബ. നൂറു മില്യൺ യൂറോയുടെ കരാറാണ് (800 കോടി ഇന്ത്യൻ രൂപ) ബാഴ്‌സയുമായി പോഗ്ബ ഒപ്പിടുന്നതെന്നും അഞ്ചുവർഷത്തേക്കാണ് കരാറെന്നും ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു. ഇതിന് പുറമെ, ഓരോ ആഴ്ച്ചയും 346,000 യൂറോയും (മൂന്നു കോടി രൂപ) പ്രതിഫലമായി ലഭിക്കും. നിലവിൽ മാഞ്ചസ്റ്റർ യുനൈറ്റഡ് നൽകുന്നതിന്റെ ഇരട്ടിതുകയാണിത്.
2016-ൽ യുവന്റസിൽനിന്ന് മാഞ്ചസ്റ്റർ യുനൈറ്റഡിലേക്ക് 89 മില്യൺ യൂറോയുടെ റെക്കോർഡ് തുടക്കാണ് പോഗ്ബ എത്തിയത്. തന്റെ ആഴ്ച്ചശമ്പളം 180,000 യൂറോയിൽനിന്ന് 380,000 യൂറോയാക്കി ഉയർത്തണമെന്നും അല്ലെങ്കിൽ ക്ലബ് വിടുമെന്നും പോഗ്ബ നേരത്തെ അറിയിച്ചിരുന്നു. തന്റെ സഹതാരമായ അലക്‌സിസ് സാഞ്ചെസിന്റെ പ്രതിഫലം തന്നെ തനിക്കും ലഭിക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ ഇത് അംഗീകരിക്കാൻ യുനൈറ്റഡ് തയ്യാറായില്ല. യുനൈറ്റഡ് പരിശീലകൻ ജോസ് മൗറീഞ്ഞോയുമായും പോഗ്ബക്ക് നല്ല ബന്ധമല്ല. ഇതും ക്ലബ് വിടാനുള്ള കാരണമായി ചൂണ്ടികാണിക്കപ്പെടുന്നു. ലോകകപ്പ് ഫുട്‌ബോൾ ഫൈനലിൽ ക്രൊയേഷ്യക്കെതിരായ ഒരു ഗോൾ പോഗ്ബയുടെ വകയായിരുന്നു. ലോകഫുട്‌ബോളിൽ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായാണ് പോഗ്ബയെ കണക്കാക്കുന്നത്. ട്രാൻസ്ഫർ വിൻഡോ അടയാൻ മണിക്കൂറുകൾ മാത്രമുള്ളപ്പോഴാണ് പോഗ്ബ ബാഴ്‌സയിലേക്ക് എന്ന വാർത്ത വന്നത്.