മലബാറിൽ ഭൂരിപക്ഷമുള്ള മുസ്‌ലിം വോട്ടുകൾ കൈക്കലാക്കാൻ സ്വന്തം നിലക്ക് കോൺഗ്രസിന് കഴിയാറില്ല. സി.പി.എം ന്യൂനപക്ഷ പ്രീണന നയം സ്വീകരിച്ചു തുടങ്ങിയ അടുത്ത കാലം വരെ മുസ്‌ലിം ലീഗിനായിരുന്നു അതിന്റെ കുത്തക. മലബാർ മേഖലയിൽ മുസ്‌ലിം ലീഗിനൊപ്പം നിന്നാണ് തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് സ്ഥാനാർഥികൾ ജയിച്ചു വരാറുള്ളത്. ലീഗിനെ അമിതമായി ആശ്രയിക്കേണ്ടി വരുന്നത് മേഖലയിൽ കോൺഗ്രസിനെ സംഘടനാപരമായി തളർത്തുന്നുവെന്ന അഭിപ്രായമുള്ള നേതാവായിരുന്നു ആര്യാടൻ മുഹമ്മദ്. മുസ്‌ലിം ലീഗിനെയും പാണക്കാട് തങ്ങൾമാരെയും പരസ്യമായി വിമർശിച്ചാണ് ആര്യാടൻ മലപ്പുറം ജില്ലയിലെ കോൺഗ്രസിന്റെ സാന്നിധ്യത്തെ കുറിച്ച് ഇടക്കിടെ ജനങ്ങളെ ഓർമിപ്പിച്ചത്. അദ്ദേഹത്തിന്റെ കാലത്തിന് ശേഷം മകൻ ആര്യാടൻ ഷൗക്കത്ത് എന്തു നിലപാടുമായാണ് മുന്നോട്ടു പോകുന്നത് എന്നത് ജില്ലയിലെ കോൺഗ്രസുകാർക്കെങ്കിലും അറിയാൻ താൽപര്യമുള്ള കാര്യമാണ്.
കോഴിക്കോട് കടപ്പുറത്തും മലപ്പുറം നഗരത്തിലും നടന്ന ഐക്യദാർഢ്യ റാലികൾക്ക് പൊതുസ്വഭാവമുണ്ടായിന്നു. ഗാസയിൽ ഇസ്രായിൽ നടത്തുന്ന കൂട്ടക്കുരുതിക്ക് ഇരകളാകുന്ന ഫലസ്തീനികൾക്ക് പിന്തുണ പ്രഖ്യാപിച്ചുള്ളതായിരുന്നു അവ.
കോഴിക്കോട് ബീച്ചിൽ മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റിയും മലപ്പുറത്ത് ആര്യാടൻ ഫൗണ്ടേഷനുമായിരുന്നു ഈ വ്യത്യസ്ത പരിപാടികളുടെ സംഘാടകർ. കോഴിക്കോട് റാലി മുസ്‌ലിം ലീഗ് പ്രവർത്തകരുടെ പങ്കാളിത്തം കൊണ്ടും പാർട്ടിയുടെ സംഘാടന മികവു കൊണ്ടും ശ്രദ്ധേയമായി. മലപ്പുറത്തെ പരിപാടിയാകട്ടെ രാഷ്ട്രീയ വിവാദത്താലാണ് ശ്രദ്ധേയമായത്. ഫലസ്തീൻ വിഷയത്തിലും പാർട്ടിക്കുള്ളിലെ ഗ്രൂപ്പിസത്തിന്റെ ഭൂതത്തെ പുറത്തിറക്കി വിട്ട് കോൺഗ്രസ് ചരിത്രം ആവർത്തിക്കുന്നു. പരിപാടിയുടെ മുഖ്യ സംഘാടകനായിരുന്ന കെ.പി.സി.സി ഭാരവാഹി ആര്യാടൻ ഷൗക്കത്തിനെതിരെ നേതൃത്വം അച്ചടക്ക നടപടിക്കൊരുങ്ങുകയാണ്.
ഫലസ്തീനെ അന്ധമായി പിന്തുണക്കുകയെന്നത് പാർട്ടിയുടെ നിലപാടല്ലെന്ന് കോൺഗ്രസ് നേതാക്കൾ ഏറെക്കുറെ ഇതിനകം തന്നെ സൂചന നൽകിയിട്ടുണ്ട്. മുസ്‌ലിം ലീഗിന്റെ കോഴിക്കോട് റാലിയിൽ പങ്കെടുത്ത ശശി തരൂർ ഹമാസിനെ വിമർശിച്ചതും മലപ്പുറത്ത് കോൺഗ്രസുകാർ തന്നെ നടത്തിയ ഫലസ്തീൻ ഐക്യദാർഢ്യ ചടങ്ങ് സംസ്ഥാന നേതൃത്വം വിലക്കിയതുമെല്ലാം കൂട്ടിവായിക്കുമ്പോൾ ഫലസ്തീൻ വിഷയത്തിൽ കോൺഗ്രസിനുള്ളത് പൂർണമായും ഇസ്രായിൽ വിരുദ്ധ കാഴ്ചപ്പാടല്ല എന്ന് കാണാം. യുദ്ധം രണ്ട് ഭരണകൂടങ്ങൾ തമ്മിലാണെങ്കിലും കേരളത്തിൽ അത് രണ്ട് സമുദായങ്ങളുടെ പ്രശ്‌നമായതിനാൽ തൂക്കമൊപ്പിച്ച് നിൽക്കാനാണ് കോൺഗ്രസിന്റെ ശ്രമം. മുൻകാലങ്ങളിൽ കോൺഗ്രസ് നേതൃത്വം നൽകിയിരുന്ന കേന്ദ്ര സർക്കാരുകൾ എടുത്തിരുന്ന നിലപാട് ഫലസ്തീൻ അനുകൂലമായിരുന്നെന്ന് കേരളത്തിലെ നേതാക്കൾ ഉറക്കെ പറയുമെങ്കിലും വെസ്റ്റ്ബാങ്കിലെ പ്രശ്‌നം തങ്ങളുടെ വോട്ട് ബാങ്കിനെ ബാധിക്കുമെന്ന പേടി കോൺഗ്രസിനുണ്ട്.
മലബാറിൽ കാര്യങ്ങൾ വ്യത്യസ്തമാണ്. അവിടെ ഫലസ്തീൻ അനുകൂല നിലപാടിനാണ് കൂടുതൽ പിന്തുണ. അത് തിരിച്ചറിഞ്ഞാണ് ആര്യാടൻ ഷൗക്കത്തിന് പൊടുന്നനെ ഫലസ്തീൻ സ്‌നേഹമുദിച്ചത്. ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാസയിലെ മനുഷ്യക്കുരുതിക്കെതിരെ മിതമായൊരു രീതിയിൽ പ്രതിഷേധം സംഘിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആര്യാടൻ ഫൗണ്ടേഷൻ വിപുലമായൊരു പരിപാടിയുമായി രംഗത്തെത്തിയത്. ആര്യാടൻ ഷൗക്കത്തിന്റെ ഈ നീക്കം മലപ്പുറത്തെ കോൺഗ്രസിനുള്ളിലെ ഗ്രൂപ്പിസത്തിന്റെ വെളിപ്പെടലായി. തലയിരിക്കുമ്പോൾ വാൽ ആടേണ്ട എന്ന മട്ടിൽ ജില്ല കോൺഗ്രസ് കമ്മിറ്റി കെ.പി.സി.സിയോട് പരാതി പറഞ്ഞു. റാലിയുടെ തലേന്ന്, പരിപാടിക്ക് വിലക്കേർപ്പെടുത്തി കെ.പി.സി.സിയിൽ നിന്ന് ആര്യാടൻ ഷൗക്കത്തിന് കത്ത് നൽകി. ഇതുകൊണ്ടൊന്നും ആര്യാടൻ മുഹമ്മദിന്റെ മകൻ കുലുങ്ങിയില്ല. പരിപാടിക്കായി ഒരുക്കങ്ങളെല്ലാം നടത്തി, നേതാക്കളെയും പ്രവർത്തകരെയും ക്ഷണിച്ചുവെന്നെല്ലാം ചൂണ്ടിക്കാട്ടി, ഐക്യദാർഢ്യ ചടങ്ങ് നടത്തി. കനത്ത മഴ മൂലം റാലി നടത്താനായില്ലെങ്കിലും സമ്മേളനം നടത്തി സമാധാനത്തിന്റെ വെള്ളരിപ്രാവുകളെ പറത്തി. പാർട്ടി നിർദേശം ലംഘിച്ചതിന് ഒരാഴ്ചത്തേക്ക് പാർട്ടി പരിപാടികളിൽ നിന്ന് ആര്യാടൻ ഷൗക്കത്തിനെ വിലക്കാൻ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചു. അതിന് ഷൗക്കത്ത് വിശദമായ മറുപടിയും നൽകി, അടുത്ത നീക്കത്തിനായി കാത്തിരിക്കുകയാണ്.
മലബാറിൽ ഭൂരിപക്ഷമുള്ള മുസ്‌ലിം വോട്ടുകൾ കൈക്കലാക്കാൻ സ്വന്തം നിലക്ക് കോൺഗ്രസിന് കഴിയാറില്ല. സി.പി.എം ന്യൂനപക്ഷ പ്രീണന നയം സ്വീകരിച്ചു തുടങ്ങിയ അടുത്ത കാലം വരെ, മുസ്‌ലിം ലീഗിനായിരുന്നു അതിന്റെ കുത്തക. മലബാർ മേഖലയിൽ മുസ്‌ലിം ലീഗിനൊപ്പം നിന്നാണ് തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് സ്ഥാനാർഥികൾ ജയിച്ചു വരാറുള്ളത്. ലീഗിനെ അമിതമായി ആശ്രയിക്കേണ്ടി വരുന്നത് മേഖലയിൽ കോൺഗ്രസിനെ സംഘടനാപരമായി തളർത്തുന്നുവെന്ന അഭിപ്രായമുള്ള നേതാവായിരുന്നു ആര്യാടൻ മുഹമ്മദ്. മുസ്‌ലിം ലീഗിനെയും പാണക്കാട് തങ്ങൾമാരെയും പരസ്യമായി വിമർശിച്ചാണ് ആര്യാടൻ മലപ്പുറം ജില്ലയിലെ കോൺഗ്രസിന്റെ സാന്നിധ്യത്തെ കുറിച്ച് ഇടക്കിടെ ജനങ്ങളെ ഓർമിപ്പിച്ചത്. അദ്ദേഹത്തിന്റെ കാലത്തിന് ശേഷം മകൻ ആര്യാടൻ ഷൗക്കത്ത് എന്തു നിലപാടുമായാണ് മുന്നോട്ടു പോകുന്നത് എന്നത് ജില്ലയിലെ കോൺഗ്രസുകാർക്കെങ്കിലും അറിയാൻ താൽപര്യമുള്ള കാര്യമാണ്. സിനിമ പ്രവർത്തകനായിരിക്കേ, മുസ്‌ലിം സമുദായത്തിന് നേരെ തീവ്രവാദം ആരോപിച്ചതിന്റെ പേരിൽ ഏറെ വിമർശനങ്ങൾക്ക് ഇരയായ രാഷ്ട്രീയക്കാരനാണ് ഷൗക്കത്ത്. പിതാവിന്റെ ലീഗ് വിരുദ്ധത മൂലം മുസ്‌ലിം ലീഗും ഷൗക്കത്തിന് പിന്തുണ നൽകില്ല. മുസ്‌ലിം ലീഗിന്റെ പിന്തുണയില്ലാതെ എങ്ങനെ മുസ്‌ലിം വിഷയങ്ങളിൽ ഇടപെടാനാകുമെന്നതാണ് ഇനി ഷൗക്കത്തിന് ചിന്തിക്കാനുള്ളത്. കോൺഗ്രസ് ജില്ല നേതൃത്വത്തിൽ നിന്നുള്ള എതിർപ്പുകളും വിലങ്ങുതടിയാണ്. പാർട്ടിയിലെ പഴയ ഗ്രൂപ്പ് സമവാക്യങ്ങളെല്ലാം മാറി. ഷൗക്കത്തിനെ ജില്ല നേതൃത്വത്തിലേക്ക് അടുപ്പിക്കില്ലെന്ന് ശപഥമെടുത്തവരാണ് ഇപ്പോഴുള്ളത്. സ്വന്തം നിലയിൽ ജനപിന്തുണയാർജിച്ച് തെരഞ്ഞെടുപ്പു കാലത്ത് തെളിഞ്ഞു നിൽക്കുക മാത്രമാണ് ഷൗക്കത്തിന് മുന്നിൽ ഇനിയുള്ള വഴി.
ഫലസ്തീൻ വിഷയത്തിൽ കോൺഗ്രസ് സ്വീകരിക്കുന്ന അഴകൊഴമ്പൻ നിലപാട് മലബാറിൽ ആ പാർട്ടിക്ക് രാഷ്ട്രീയ നഷ്ടങ്ങളുണ്ടാക്കും. സി.പി.എം ആകട്ടെ അവസരം മുതലെടുത്ത് ഫലസ്തീൻ വിഷയത്തിൽ മുസ്‌ലിം മനസ്സിനനുസരിച്ചുള്ള തിരക്കഥയുണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. സമസ്ത മുതൽ മുസ്‌ലിം ലീഗ് വരെയുള്ള സംഘടനകൾക്ക് സ്വീകാര്യമായ നിലപാടുകളാണ് ഇക്കാര്യത്തിൽ സി.പി.എം സ്വീകരിക്കുന്നത്. രാജ്യത്ത് പൗരത്വ ഭേദഗതി നിയമം ആശങ്ക പരത്തുന്നതിനിടയിൽ സി.പി.എം നടത്തിയ ഇടപെടലുകൾ മുസ്‌ലിം ന്യൂനപക്ഷങ്ങൾക്കിടയിൽ കുറഞ്ഞ സ്വീകാര്യതയല്ല അവർക്ക് നേടിക്കൊടുത്തത്. ഗാസയിലെ യുദ്ധവും സമാനമായ അവസരമായി കണ്ട് തന്നെയാണ് സി.പി.എം മുന്നോട്ടു പോകുന്നത്. ഇതിനിടയിൽ, ഉക്രൈൻ യുദ്ധം പോലെ അനിശ്ചിതമായി തുടരുന്ന ഒന്നായി കോൺഗ്രസിന്റെ ഫലസ്തീൻ നിലപാട് മുന്നോട്ട് പോകുകയാണ്. ഗാസയിലെ യുദ്ധം ഇന്ത്യയിലെ പാർലമെന്റ് തെരഞ്ഞെടുപ്പ് വരെ നീണ്ടുപോയാൽ മലബാറിൽ കോൺഗ്രസിനെ കാത്തിരിക്കുന്നത് തിരിച്ചടികളാകും.