തിരുവനന്തപുരം - കേരളീയത്തിൽ ആദിവാസികളെ പ്രദർശന വസ്തുവാക്കിയെന്ന വിമർശത്തിൽ പ്രതികരിച്ച് ഫോക്‌ലോർ അക്കാദമി ചെയർമാൻ ഒ.എസ് ഉണ്ണികൃഷ്ണൻ. കേരളീയം പരിപാടിയിൽ ആദിവാസികളെയല്ല ആദിവാസി കലകളാണ് പ്രദർശിപ്പിച്ചതെന്ന് അദ്ദേഹം അവകാശപ്പെട്ടു.
ഈ നാടിന്റെ ചരിത്രവും സംസ്‌കാരവും നടന്നുവളർന്ന വഴികളും കൃത്യമായി അടയാളപ്പെടുത്തുക, പുതിയ തലമുറയ്ക്ക് പകർന്നുകൊടുക്കുക എന്ന സദുദ്ദേശ്യം മാത്രമാണ് അക്കാദമിക്കുള്ളത്. മുഖത്ത് പെയിന്റ് അടിച്ചെന്നും മറ്റും പ്രചരിപ്പിക്കുന്നവരോട് ഒരു ചോദ്യം മാത്രമേയുള്ളു. ഈ കലകൾ ഇങ്ങനെയല്ലാതെ ഏത് വേഷത്തിലാണ് അവതരിപ്പക്കേണ്ടതെന്നും ഫോക്‌ലോർ അക്കാദമി ചെയർമാൻ വിമർശകരോടായി ചോദിച്ചു.
കേരളീയത്തിൽ അവതരിപ്പിച്ച ആദിമം ഗോത്രഭൂമിക ഏറെ ശ്രദ്ധിക്കപ്പെട്ടതിനാൽ, അതുസംബന്ധിച്ച ചർച്ചകളും സംവാദങ്ങളും വിവാദങ്ങളും സ്വാഭാവികമാണ്. അത്തരത്തിലൊരു വിവാദമാണ് ആദിമത്തിൽ ആദിവാസികളെ പ്രദർശനവസ്തുവാക്കിയെന്നത്. സത്യത്തിൽ ആദിവാസികളെയല്ല, ആദിവാസി കലകളാണ് പ്രദർശിപ്പിച്ചത്. അഞ്ച് ആദിവാസി ഗോത്രകലകളുടെയും അനുഷ്ഠാനകലകളുടെ അവതരണമാണ് അവിടെ നടന്നത്. ആരോപണം ഉന്നയിക്കുന്നവരുടെ ശ്രദ്ധയിലേക്ക് ഒന്നു രണ്ടുകാര്യങ്ങൾ കൂടി പറയുന്നു:
ആദിവാസികൾ ഇന്ന് ഇത്തരം കുടിലുകളില്ലല്ല, സാധാരണ വീടുകളിലാണ് താമസിക്കുന്നത്. അവർ ധരിക്കുന്നത് മറ്റുള്ളവർ ധരിക്കുന്നതുപോലെ സാധാരണ വേഷങ്ങളാണ്. കേരളം അത്രമാത്രം സാമൂഹികമായ വികാസം പ്രാപിച്ചതാണ് അതിനുകാരണം. അവർ അവരുടെ കലാപരിപാടികൾ അവതരിപ്പിക്കുന്നതിന് വേണ്ടിയാണ് വംശീയ വേഷം ധരിക്കുന്നത്. ഒരു ജനതയുടെ യഥാർത്ഥ ചരിത്രത്തിന്റെ പുനരാഖ്യാനാമാണ് അവിടെയുണ്ടായത്. അതല്ലാതെ, മറ്റെന്ത് തെറ്റാണ് സംഭവിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയിൽ ഞങ്ങൾ തിരുത്താൻ തയ്യാറാണെന്നും കാര്യമറിയാതെ വിമർശിച്ച് കേരളീയത്തിന്റെ ശോഭ കെടുത്തരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.