തിരുവനന്തപുരം - ആദിവാസികൾ ഷോകേസിൽ വയ്‌ക്കേണ്ടവരല്ലെന്നും കേരളീയം പരിപാടിയിൽ ആദിവാസികളെ പ്രദർശന വസ്തുവാക്കിയതിൽ എതിർപ്പുണ്ടെന്നും മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു.
കേരളീയത്തിൽ എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ച് നടപടി സ്വീകരിക്കും. തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ നടപടിയെടുക്കേണ്ടത് ഫോക്‌ലോർ അക്കാദമിയാണ്. ആദിവാസി വിഭാഗം പ്രദർശന വസ്തുവല്ലെന്നതാണ് തന്റെ കാഴ്ചപ്പാടെന്നും മന്ത്രി പറഞ്ഞു. രണ്ടാം പിണറായി സർക്കാർ സംഘടിപ്പിക്കുന്ന കേരളീയത്തിൽ ആദിവാസികളെ പ്രദർശന വസ്തുവാക്കിയതിൽ ശക്തമായ വിമർശം ഉയരവെയാണ് മന്ത്രിയുടെ പ്രതികരണം.
കേരളീയത്തിന്റെ ഭാഗമായ പ്രദർശന പരിപാടിയിൽ ആദിവാസി വിഭാഗത്തെ ചിത്രീകരിച്ചത് സംബന്ധിച്ച വിമർശനം ശ്രദ്ധയിൽപ്പെട്ടതായി മന്ത്രി നേരത്തെ അറിയിച്ചിരുന്നു. പട്ടികവർഗ വികസന വകുപ്പ് ഇത്തരമൊരു പ്രദർശനവും നടത്തുന്നില്ലെന്നും മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു.
ആദിവാസികളെ പ്രദർശന വസ്തുവാക്കിയതിനെതിരെ സംവിധായിക ലീല സന്തോഷ് ഉൾപ്പെടെയുള്ളവർ രംഗത്തു വന്നിരുന്നു. മനുഷ്യരെ പ്രദർശനവസ്തുവാക്കുന്നത് വേദനയുണ്ടാക്കുന്ന കാര്യമാണ്. വേറെ ഏതെങ്കിലും സമുദായക്കാരെ അവിടെ അത്തരത്തിൽ നിർത്തിയിട്ടുണ്ടോയെന്നും അവർ ചോദിച്ചിരുന്നു.