Sorry, you need to enable JavaScript to visit this website.

ട്രാൻസ്ഫർ തുകയിൽ റെക്കോർഡിട്ട് ബിൽബാവോ ഗോളി കെപ ചെൽസിയിലേക്ക്

  •  80 മില്യൺ യൂറോയുടെ കരാർ

ലണ്ടൻ- ലോകത്തിലെ ഏറ്റവും വിലയേറിയ ഗോൾ കീപ്പറായി ചെൽസിയിലേക്ക് കെപ അറിസലാഗ. അത്‌ലറ്റികോ ബിൽബാവോയിൽനിന്നാണ് കെപയുടെ വരവ്. 80 മില്യൺ യൂറോ(93 മില്യൺ ഡോളർ)ക്കാണ് സ്പാനിഷ് താരം ചെൽസിയിൽ ചേക്കേറുന്നത്. ട്രാൻസ്ഫർ റെക്കോർഡ് തകർത്താണ് ഇരുപത്തിമൂന്നുകാരന് ചെൽസിയുടെ വലകാക്കാനെത്തുന്നത്.  

ഇക്കഴിഞ്ഞ മാസത്തിൽ റോമയിൽ നിന്ന് ബ്രസീലിയൻ ഗോളി അലിസൻ ബെക്കറിനെ വാങ്ങാൻ ലിവർപൂൾ ചിലവാക്കിയ 72.5  മില്യൺ യൂറോ റെക്കോർഡ് ഇതോടെ തകർക്കപ്പെട്ടു.
കെപയുടെ റിലീസ് ക്ലോസ് ചെൽസി ഇന്നലെ രാവിലെ ആക്ടീവ് ആക്കിയതോടെ താരവുമായുള്ള കരാർ ക്ലബ്ബ് റദ്ദാക്കിയ വിവരം അത്‌ലറ്റികോ ബിൽബാവോ ഔദ്യോഗികമായി സ്ഥിരീകരിച്ചു. 
ചെൽസിയുടെ നിലവിലുള്ള ഗോളി തിബോ കോർട്ടോ റയൽ മഡ്രീഡിലേക്ക് പോകാൻ സമ്മർദ്ദം ചെലുത്തിയതോടെയാണ് പുതിയ ഗോൾകീപ്പർക്കായി ചെൽസി രംഗത്തിറങ്ങിയത്. ജനുവരിയിൽ ബിൾബാവോയുമായി കെപ പുതിയ കരാർ ഒപ്പിട്ടിരുന്നെങ്കിലും ചെൽസിയുടെ ക്ഷണം വന്നതോടെ താരം ക്ലബ്ബ് മാറാൻ തീരുമാനിക്കുകയായിരുന്നു. സ്‌പെയിനിൽ ലഭിച്ചിരുന്നതിന്റെ ഇരട്ടി തുകയും ചെൽസി ശമ്പള ഇനത്തിൽ വാഗ്ദാനം ചെയ്തിട്ടുണ്ട്.
അത്‌ലറ്റികോ ബിൽബാവോയുടെ യൂത്ത് ടീമിൽ 2004 മുതൽ അംഗമായ കെപ 2016 സെപ്റ്റംബറിലാണ് സീനിയർ ടീമിനായി ആദ്യ മത്സരത്തിന് ഇറങ്ങുന്നത്. ബിൽബാവോ വലക്ക് മുന്നിലെ ഉരുക്കുമതിലായിരുന്നു കെപ. റയൽ മഡ്രീഡ് കെപയെ സ്വന്തമാക്കാൻ ശ്രമിച്ചിരുന്നെങ്കിലും അന്നത്തെ പരിശീലകൻ സിദാൻ അനുകൂലമായി പ്രതികരിച്ചിരുന്നില്ല. തുടർന്നാണ് ഇത് നടക്കാതെ പോയത്. 
കെപയുടെ സേവനം എക്കാലത്തും സ്മരിക്കുമെന്ന് അത്‌ലറ്റികോ ബിൽബാവോ പ്രതികരിച്ചു. കഴിഞ്ഞ രണ്ടു സീസണിൽ 54 വട്ടമാണ് കെപ അത്‌ലറ്റികോക്ക് വേണ്ടി വലകാത്തത്. സ്‌പെയിനിന്റെ ദേശീയ ടീമിൽ അംഗമായ കെപയുടെ അരങ്ങേറ്റം കഴിഞ്ഞവർഷം നവംബറിൽ കോസ്റ്ററീക്കക്ക് എതിരായിരുന്നു. 
ഈ മത്സരത്തിൽ ഏകപക്ഷീയമായ അഞ്ചു ഗോളുകൾക്കായിരുന്നു സ്‌പെയിനിന്റെ ജയം. ഇക്കഴിഞ്ഞ ലോകകപ്പിൽ ടീമിലുണ്ടായിരുന്നെങ്കിലും കളത്തിലിറങ്ങിയിരുന്നില്ല. 
അതേസമയം, തിബോ കോർട്ടോ റയൽ മഡ്രീഡിലേക്ക് എത്തുമെന്ന അഭ്യൂഹത്തെ പറ്റി പ്രതികരിക്കാൻ റയൽ പരിശീലകൻ ഹൂലെൻ ലോപെറ്റെഗി വിസമ്മതിച്ചു. കെയ്‌ലർ നവാസാണ് റയലിന്റെ ഗോളിയെന്നും മറ്റു ഗോൾകീപ്പർമാരില്ലെന്നും അദ്ദേഹം പറഞ്ഞു. റയലിന് പുറത്തുള്ള കളിക്കാരെ പറ്റി താനൊന്നും പറയാറില്ലെന്നും അദ്ദേഹം ആവർത്തിച്ചു. 
നവാസ് ഒരു പ്രതിഭാസമാണ്. അദ്ദേഹത്തിൽ ക്ലബ്ബിന് പൂർണവിശ്വാസമുണ്ട്. അദ്ദേഹം അസാധാരണ ഗോൾ കീപ്പറാണ്. അദ്ദേഹം ക്ലബ്ബിലും ഞങ്ങൾ അദ്ദേഹത്തിലും സംതൃപ്തരാണ്. ഹൂലെൻ ലോപെറ്റെഗി പറഞ്ഞു. 
 

Latest News