തിരുവനന്തപുരം - കെ.പി.സി.സി ജനറൽസെക്രട്ടറി ആര്യാടൻ ഷൗക്കത്തിന് പിന്തുണയുമായി കോൺഗ്രസ് പ്രവർത്തകസമിതി അംഗം ഡോ. ശശി തരൂർ. ആര്യാടൻ ഷൗക്കത്ത് എന്ത് തെറ്റാണ് ചെയ്തതെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും അച്ഛന്റെ പേരിലുള്ള ഫൗണ്ടേഷന്റെ കീഴിൽ ഫലസ്തീൻ ഐക്യദാർഢ്യ സംഗമം നടത്തുന്നതിൽ തെറ്റില്ലെന്നും തരൂർ അഭിപ്രായപ്പെട്ടു.
കാലങ്ങളായി ഒപ്പമുള്ളയാളാണ് ഷൗക്കത്ത്. കോൺഗ്രസ് നിലപാട് തന്നെയാണ് ഷൗക്കത്ത് ഉയർത്തിപ്പിടിച്ചത്. ഇന്നത്തെ മലപ്പുറം ജില്ലാ കൺവെൻഷനിൽ ഷൗക്കത്തിന് പങ്കെടുക്കാൻ കഴിയാത്തത് നിർഭാഗ്യകരമാണ്. വിവാദം നീട്ടിക്കൊണ്ട് പോകരുതെന്നും അച്ചടക്ക സമിതി ഉടനെ തീരുമാനം എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കെ.പി.സി.സിയുടെ വിലക്ക് ലംഘിച്ച് മലപ്പുറത്ത് സമാന്തര ഫലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി ആര്യാടൻ ഷൗക്കത്തിന് ഒരാഴ്ചത്തേക്ക് പാർട്ടി വിലക്കേർപ്പെടുത്തിയിട്ടുണ്ട്. പാർട്ടി പരിപാടികളിലോ യോഗങ്ങളിലോ പങ്കെടുക്കാൻ പാടില്ലെന്നാണ് നിർദേശം. അച്ചടക്ക സമിതിയുടെ റിപോർട്ട് ലഭിച്ചശേഷം കൂടുതൽ നടപടിയെടുക്കാനാണ് കെ.പി.സി.സി പ്രസിഡന്റുന്റെ തീരുമാനം. ഇന്നലെ പാർട്ടിയിലെ മുതിർന്ന നേതാവും അച്ചടക്കസമിതി ചെയർമാനുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ ആര്യാടൻ ഷൗക്കത്തിനെ വിളിപ്പിച്ച് വിശദീകരണം തേടിയിരുന്നു.
ഷൗക്കത്ത് വിശദമായി കാര്യങ്ങൾ സംസാരിച്ചുവെന്നും കുറച്ച് കാര്യങ്ങളിൽ കൂടി വ്യക്തത വരാനുണ്ടെന്നും തിരുവഞ്ചൂർ പ്രതികരിച്ചു. മലപ്പുറത്തെ ഇരുപക്ഷത്തെയും കൂടുതൽ നേതാക്കളിൽനിന്നുകൂടി തെളിവെടുപ്പ് നടത്തിയശേഷം തീരുമാനം എടുക്കാമെന്ന നിലപാടിലാണ് തിരുവഞ്ചൂർ. നാളെയാണ് മറ്റുള്ളവരെ തിരുവഞ്ചൂർ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചിട്ടുള്ളത്.
മലപ്പുറത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരുടെ നിയമനവുമായി ബന്ധപ്പെട്ട് എ, ഐ ഗ്രൂപ്പുകൾ തമ്മിലുള്ള രൂക്ഷമായ വിഭാഗീയതയെ തുടർന്ന് ഇരു ചേരിയും വെവ്വേറെ ഫലസ്തീൻ റാലികൾ നടത്തിയിരുന്നു. ഐ ഗ്രൂപ്പ് ഡി.സ.സിയുടെ പേരിൽ കെ.പി.സി.സി പിന്തുണയോടെ ഔദ്യോഗികമായി തന്നെ മലപ്പുറത്ത് ഫലസ്തീൻ ഐക്യദാർഢ്യ റാലി നടത്തിയപ്പോൾ എ ഗ്രൂപ്പ് ആര്യാടൻ ഫൗണ്ടേഷന്റെ പേരിലാണ് പരിപാടി നടത്തിയത്. ഇത് പാർട്ടി വിരുദ്ധ നടപടിയാണെന്നാണ് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്റെ വിമർശം.