Sorry, you need to enable JavaScript to visit this website.

ഹാക്ക് ചെയ്ത അബ്ശിര്‍ വഴി 10000 റിയാല്‍ തട്ടി, അബ്ശിര്‍ ഉടമ പണം നല്‍കണമെന്ന് കോടതി

റിയാദ്- ഹാക്ക് ചെയ്ത അബ്ശിര്‍ വഴി ബാങ്ക് എകൗണ്ടുണ്ടാക്കി അതിലേക്ക് മറ്റൊരാളുടെ എകൗണ്ടില്‍ നിന്ന് തട്ടിയ പണം മാറ്റി വിദേശത്തേക്ക് അയച്ച കേസില്‍ അബ്ശിര്‍ എകൗണ്ട് ഉടമ നഷ്ടപരിഹാരം നല്‍കണമെന്ന് സൗദി കോടതി വധിച്ചു. തന്റെ എകൗണ്ടിലെ 10401 റിയാല്‍ ഓണ്‍ലൈന്‍ ലിങ്ക് ഉപയോഗിച്ച് തട്ടിയെടുത്തുവെന്ന പരാതിയില്‍ സൗദി വനിത മറ്റൊരു വനിതക്കെതിരെ നല്‍കിയ പരാതിയിലാണ് ദവാദ്മി കോടതി ഇപ്രകാരം വിധിച്ചത്.
ഒരു വീട്ടുജോലിക്കാരിയെ ലഭിക്കാന്‍ പ്രതിയായ വനിതയുമായി ബന്ധപ്പെട്ടപ്പോള്‍ അവര്‍ ഓണ്‍ലൈന്‍ ലിങ്ക് തന്ന് അതിലേക്ക് 200 റിയാല്‍ അയക്കാന്‍ പറഞ്ഞെന്നും അങ്ങനെ ചെയ്തപ്പോള്‍  തന്റെ ബാങ്ക് എക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നും ബാങ്ക് ബാലന്‍സ് മുഴുവനായും പിന്‍വലിക്കപ്പെട്ടെന്നുമാണ് പരാതിക്കാരി കോടതിയില്‍ പറഞ്ഞത്.
പ്രതിയുമായി നടത്തിയ വാട്‌സാപ് ചാറ്റിംഗും പരാതിക്കാരി കോടതിയില്‍ ഹാജറാക്കി. പോലീസിലും പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതിക്കാരിയുമായി ബന്ധപ്പെട്ട ഫോണ്‍ തന്റെതല്ലെന്നും പണം ട്രാന്‍സ്ഫര്‍ ചെയ്തുവെന്ന് കണ്ടെത്തിയ ബാങ്കില്‍ താന്‍ എകൗണ്ട് തുറന്നിട്ടില്ലെന്നും പ്രതി കോടതിയെ അറിയിച്ചു. പരാതിക്കാരിയെ പോലെ താനും വഞ്ചനക്ക് ഇരയായിട്ടുണ്ടെന്നും തന്റെ അബ്ശിര്‍ വിദേശത്തുള്ള സംഘം ഹാക്ക് ചെയ്തിരിക്കാമെന്നും ടെലി കമ്മ്യൂണിക്കേഷന്‍ കമ്പനിയുമായി ബന്ധപ്പെട്ടപ്പോള്‍ പ്രസ്തുത മൊബൈല്‍ നമ്പര്‍ ഒരു വിദേശിയുടെതാണെന്ന് തന്നെ അറിയിച്ചുവെന്നും പ്രതി പറഞ്ഞു.
കോടതി സൗദി സെന്‍ട്രല്‍ ബാങ്കുമായി ബന്ധപ്പെട്ടപ്പോള്‍ പ്രതിയുടെ പേരിലുള്ള എകൗണ്ടിലേക്കാണ് പരാതിക്കാരിയുടെ എകൗണ്ടില്‍ നിന്ന് 10401 റിയാല്‍ ട്രാന്‍സ്ഫര്‍ ചെയ്തിട്ടുള്ളതെന്നും അതില്‍ നിന്നാണ് ആ പണം വിദേശത്തെ എകൗണ്ടിലേക്ക് മാറ്റിയതെന്നും അറിയിച്ചു. എന്നാല്‍ ടെലി കമ്മ്യൂണിക്കേഷന്‍ കമ്പനി ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയില്ല.
പണം ട്രാന്‍സ്ഫര്‍ ചെയ്ത എകൗണ്ട് പ്രതിയുടെതാണെന്ന് വ്യക്തമായതിനാല്‍ പ്രതി മുഴുവന്‍ സംഖ്യയും തിരിച്ചുനല്‍കണമെന്ന് കോടതി ഉത്തരവിട്ടു. പ്രതിയുടെ എകൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത് അശ്രദ്ധമൂലമാകാമെന്നും കോടതി വിധിയില്‍ പറഞ്ഞു. ആഭ്യന്തരമന്ത്രാലയത്തിന്റെ സേവനങ്ങള്‍ ഓണ്‍ലൈനായി ലഭിക്കുന്ന പ്ലാറ്റ്‌ഫോമാണ് അബ്ശിര്‍.

Latest News