Sorry, you need to enable JavaScript to visit this website.

പ്രവാസി വ്യവസായിയോട് ക്രൂരത, കെട്ടിട നമ്പര്‍ കിട്ടാന്‍ സമരം ചെയ്ത ഷാജിമോനെ പോലീസ് ബലംപ്രയോഗിച്ച് നീക്കി

കോട്ടയം - വ്യവസായ സ്ഥാപനത്തിന് കെട്ടിട നമ്പര്‍ അനുവദിക്കാത്തിനെ തുടര്‍ന്ന് പഞ്ചായത്ത് ഓഫിസിന് മുന്നില്‍ സമരം ചെയ്ത പ്രവാസി സംരഭകനോട് പഞ്ചായത്തിന്റെ ക്രൂരത. മാഞ്ഞൂര്‍ പഞ്ചായത്ത് അധികൃതര്‍ പോലീസിനെ വിളിച്ചു വരുത്തി ഓഫീസിന് മുന്നില്‍ നിന്ന് ബലം പ്രയോഗിച്ച്  ഷാജിമോന്‍ ജോര്‍ജിനെ പുറത്തേക്ക് നീക്കി. തുടര്‍ന്ന് അദ്ദേഹം റോഡില്‍ കിടന്ന് സമരം തുടര്‍ന്നു.  25 കോടി മുടക്കിയ സംരംഭത്തിന് കെട്ടിട നമ്പര്‍ കിട്ടാത്തതില്‍ പ്രതിഷേധിച്ച് ഇന്ന് രാവിലെയാണ് ഷാജിമോന്‍ ജോര്‍ജ് മാഞ്ഞൂര്‍ പഞ്ചായത്തിന് മുന്നില്‍ സമരം തുടങ്ങിയത്. എന്നാല്‍ പൊലീസെത്തി  ഷാജിമോനെ പഞ്ചായത്ത് കോംമ്പൗണ്ടില്‍ നിന്ന്  ബലമായി പുറത്തിറക്കുകയായിരുന്നു. ഷാജിമോന്‍ കിടന്ന കട്ടിലും പൊലീസ് നീക്കി. തുടര്‍ന്ന് ഷാജിമോന്‍ നടുറോഡില്‍ കിടന്ന് പ്രതിഷേധിച്ചു.
കോടികള്‍ ചെലവിട്ട സ്പോര്‍ട്ടിങ് ക്ലബ് പദ്ധതിയ്ക്ക് കെട്ടിട നമ്പര്‍ നല്‍കാത്ത നടപടിക്കെതിരെ മാഞ്ഞൂര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ഇന്ന് രാവിലെയാണ് ഷാജിമോന്‍ ജോര്‍ജ് സമരം ആരംഭിച്ചത്. കൈക്കൂലി വാങ്ങിയതിന് പഞ്ചായത്ത് അസി. എഞ്ചിനീയറെ ഇദ്ദേഹത്തിന്റെ പരാതിയില്‍ വിജിലന്‍സ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.അതിന്റെ പ്രതികാര നടപടിയാണ് നമ്പര്‍ നല്‍കാത്തതെന്നാണ് ഷാജിമോന്‍ ജോര്‍ജിന്റെ ആരോപണം. സി പി എമ്മാണ് പഞ്ചാത്ത് ഭരണത്തിന് നേതൃത്വം നല്‍കുന്നത്. എന്നാല്‍ മതിയായ രേഖകള്‍ ഹാജരാക്കത്തതു കൊണ്ടാണ് കെട്ടിട നമ്പര്‍ അനുവദിക്കാത്തതതെന്ന് പഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലിയുടെ മറുപടി. അഞ്ചു രേഖകള്‍ കൂടി ഹാജരാക്കിയാല്‍ കെട്ടിട നമ്പര്‍ നല്‍കാമെന്നും സംരംഭകനായ ഷാജിമോനോട് പഞ്ചായത്തിന് വിദ്വേഷമില്ലെന്നും പ്രസിഡന്റ് കോമളവല്ലി വിശദീകരിച്ചു. ഇനി പഞ്ചായത്തുമായി ചര്‍ച്ചയ്ക്കില്ലെന്നും കോടതിയോ മന്ത്രിമാരോ ഇടപെടാതെ പോരാട്ടം അവസാനിപ്പിക്കില്ലെന്നും ഷാജിമോനും മറുപടി നല്‍കിയിരിക്കുകയാണ്.വ്യവസായ സൗഹൃദ സംസ്ഥാനമെന്ന്  അവകാശപ്പെടുന്ന കേരളത്തിന് നാണക്കേടായിരിക്കുകയാണ് കോട്ടയം മാഞ്ഞൂരിലെ പ്രവാസിയുടെ ദുരനുഭവം

 

Latest News