Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സുരേഷ്ബാബു കൊലക്കേസ്: അഞ്ച് പ്രതികൾക്കും ജീവപര്യന്തം കഠിന തടവ്

സുരേഷ്ബാബു

തലശ്ശേരി- ബി.ജെ.പി പ്രവർത്തകൻ കോടിയേരി ഈങ്ങയിൽപീടികയിലെ പാഞ്ചജന്യത്തിൽ സുരേഷ് ബാബുവിനെ(42) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളായ അഞ്ച് സി.പി.എം പ്രവർത്തകരെ ജീവപര്യന്തം കഠിന തടവിനും 80,000  രൂപ വീതം പിഴയടക്കാനും   തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് (രണ്ട്) ജഡ്ജ് ആർ.എൽ ബൈജു ശിക്ഷിച്ചു. കേസിലെ മുഴുവൻ പ്രതികളും കുറ്റക്കാരാണെന്ന് രാവിലെ  കോടതി കണ്ടെത്തിയിരുന്നു. ഉച്ച തിരിഞ്ഞ് മൂന്നര മണിക്കാണ് ശിക്ഷ പ്രഖ്യാപിച്ചത.് പ്രതികൾ പിഴയടക്കുകയാണെങ്കിൽ രണ്ടര ലക്ഷം രൂപ കൊല്ലപ്പെട്ട സുരേഷ്ബാബുവിന്റെ മകളും കേസിലെ ദൃക്‌സാക്ഷിയുമായ ബിൻസിക്ക് നൽകണമെന്ന് വിധിന്യായത്തിൽ വ്യക്തമാക്കി.
ഐ.പി.സി 143 പ്രകാരം അഞ്ച് പ്രതികളും ആറ് മാസം തടവ് അനുഭവിക്കണം. ഇന്ത്യൻ ശിക്ഷാ നിയമം 147 പ്രകാരം എല്ലാ പ്രതികളും മൂന്ന് വർഷം കഠിന തടവും അനുഭവിക്കണം. ഐ.പി.സി 447 പ്രകാരം പ്രതികളെല്ലാവരും മൂന്ന് മാസം തടവ് അനുഭവിക്കണം. ഇന്ത്യൻ ശിക്ഷാ നിയമം 506(11) പ്രകാരം പ്രതികൾ ഏഴ് വർഷം കഠിന തടവിനും ഉത്തരവിട്ട കോടതി ഐ.പി.സി 449 പ്രകാരം 10 വർഷം കഠിന തടവും 10,000 രൂപ വീതം വിഴയും വിധിച്ചു. പ്രതികൾ പിഴയടച്ചില്ലെങ്കിൽ ഒരു വർഷം അധിക തടവ് അനുഭവിക്കണം. ഇന്ത്യൻ ശിക്ഷാ നിയമം 302 കൊലപാതക കുറ്റത്തിന് മുഴുവൻ പ്രതികളും ജീവപര്യന്തം കഠിന തടവും 50,000 രൂപ വീതം പിഴയുമടക്കണം. പിഴയടച്ചില്ലെങ്കിൽ ഒരു വർഷം കൂടി അധിക തടവ് അനുഭവിക്കണം. 
ആയുധം ഉപയോഗിച്ചതിന് ആർമ്‌സ് ആക്ട് 27(1) പ്രകാരം പ്രതികളെ ഏഴ് വർഷം കഠിന തടവിനും 10,000 രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. 
പിഴയടച്ചില്ലെങ്കിൽ ഒരു വർഷം അധിക തടവ് അനുഭവിക്കണം. എക്‌സപ്ലോസീവ് ആക്ട് അഞ്ച് പ്രകാരം പ്രതികൾ എല്ലാവരും 10 വർഷം കഠിന തടവിനും 10,000 രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു.പിഴയടച്ചില്ലെങ്കിൽ ഒരു വർഷം അധിക തടവ് അനുഭവിക്കണം. 
2008 മാർച്ച് ഏഴിന് രാവിലെ 10.20 നാണ്  കേസിനാസ്പദമായ സംഭവം. ആയുധങ്ങളുമായി സുരേഷ്ബാബുവിന്റെ  വീട്ടിലെത്തിയ  അക്രമി സംഘം അസുഖമായി വീട്ടിലിരിക്കുകയായിരുന്ന സുരേഷ്ബാബുവിനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് പ്രൊസിക്യൂഷൻ കേസ്. വീട്ടിലുണ്ടായിരുന്ന  ഇളയമ്മയുടെയും മകളുടെയും മറ്റും മുമ്പിൽ വെച്ചാണ് അക്രമി സംഘം സുരേഷ്ബാബുവിനെ വെട്ടിക്കൊലപ്പെടുത്തിയത.് 
സി.പി.എം പ്രവർത്തകരും കോടിയേരി മൂഴിക്കര സ്വദേശികളുമായ കാട്ടിൽപ്പറമ്പത്ത് മാക്കാടൻ കുനിയിൽ അഭിനേഷ് എന്ന അഭി, കാണിവയൽ വീട്ടിൽ വി.പി സിജേഷ് എന്ന നാണപ്പൻ സിജേഷ്, വേലാണ്ടി കണാരിയുടെ മകൻ  വേലാണ്ടി ഷിബു, മനോജ് എന്ന കുറുക്കൻ മനോജ്,  വട്ടക്കണ്ടി കാട്ടീന്റവിടെ വി.റിഗേഷ് എന്ന പാവാട റിഗേഷ്  എന്നിവരെയാണ് കോടതി ശിക്ഷിച്ചത.് കേസിലെ ആറാം പ്രതിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് പോലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. 
വെട്ടേറ്റ് സുരേഷ് ബാബുവിന്റെ കഴുത്ത്  വേർപ്പെട്ട നിലയിലായിരുന്നുവെന്ന് പോസ്റ്റ്‌മോർട്ടം നടത്തിയ ഡോ. ഉമേഷ് വിചാരണ കോടതിയിൽ മൊഴി നൽകിയിരുന്നു. കൊല്ലപ്പെട്ട സുരേഷ്ബാബുവിന്റെ ശരീരത്തിൽ 29 മുറിവുകളുണ്ടായിരുന്നു. 
 വാഴയിൽ കേളോത്ത് ഹരിദാസിന്റെ പരാതി പ്രകാരമായിരുന്നു പോലീസ് പ്രഥമ വിവര റിപ്പോർട്ട് തയ്യാറാക്കിയിരുന്നത്. ശിക്ഷാ വിധി കേൾക്കാൻ സി.പി.എം നേതാക്കളും പ്രവർത്തകരും പ്രതികളുടെ ബന്ധുക്കളുമുൾപ്പെടെ വൻ ജനാവലി കോടതി വളപ്പിൽ തടിച്ച് കൂടിയിരുന്നു. 
സുരേഷ്ബാബു വധക്കേസ് ശിക്ഷാ വിധി പ്രഖ്യാപിച്ച കോടതിയിൽ സി.പി.എം പ്രവർത്തകനായ യാക്കൂബ് വധക്കേസ് വിചാരണ നടന്ന് വരുന്നതിനാൽ കേസിലെ പ്രതികളായ ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരി ഉൾപ്പെടെയുള്ളവരും ഉണ്ടായിരുന്നു. ഇതേ തുടർന്ന് കോടതിക്കകത്തും പുറത്തും വൻ പോലീസ് സന്നാഹവും ഏർപ്പെടുത്തിയിരുന്നു. 
 

Latest News