തിരുവനന്തപുരം - കഷ്ടപ്പാട് സഹിച്ചുകൊണ്ട് ആരും കോണ്‍ഗ്രസില്‍ തുടരേണ്ട കാര്യമില്ലെന്നും സന്തോഷത്തോടെ സഹവര്‍ത്തിത്വത്തില്‍ മാത്രം പാര്‍ട്ടിയില്‍ തുടര്‍ന്നാല്‍ മതിയെന്നും കെ പി സി സി അധ്യക്ഷന്‍ കെ. സുധാകരന്‍. പാര്‍ട്ടിയുമായി ഇടഞ്ഞുനില്‍ക്കുന്ന ആര്യാടന്‍ ഷൗക്കത്തിനുള്ള പരോക്ഷ മുന്നറിയിപ്പാണ് കെ.സുധാകരന്റെ പ്രസ്താവന. എത്രപേര്‍ പാര്‍ട്ടിയില്‍ നിന്നും പുറത്ത് പോയി. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ തീരുമാനിച്ചാല്‍ അവര്‍ എവിടെപ്പോകും എന്നത് പ്രശനം അല്ലെന്നും സുധാകരന്‍ പറഞ്ഞു.
അച്ചടക്കം കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിര്‍ബന്ധമാണ്. തനിക്ക് തോന്നും പോലെ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റില്ല. ആര്യാടന്‍ ഷൗക്കത്തിന്റെ വിഷയത്തില്‍ അച്ചടക്ക സമിതി വീണ്ടും സിറ്റിംഗ് നടത്തും. സി പി എം ഷൗക്കത്തിനെ സ്വാഗതം ചെയ്യുന്നത് നടപടിക്കു തടസം ആകില്ലെന്നും സുധാകരന്‍ പറഞ്ഞു. അതേസമയം സി പി എം ക്ഷണം നിരസിച്ച് കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ ഷൗക്കത്ത് ഇന്നലെ രംഗത്തെത്തിയിരുന്നു. തന്റെ വിശദീകരണം കോണ്‍ഗ്രസ് പാര്‍ട്ടി ഉള്‍ക്കൊള്ളുമെന്നാണ് പ്രതീക്ഷയെന്നും സി പി എമ്മിലേക്ക് അങ്ങനെ പോകാന്‍ കഴിയില്ലല്ലോയെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് പതാകയാണ് തന്നെ പുതപ്പിക്കേണ്ടതെന്ന് പിതാവ് പറഞ്ഞിരുന്നു. അതേ ആഗ്രഹമുള്ള ആളാണ് താന്‍. പാര്‍ട്ടിയുടെ തീരുമാനം വേഗത്തില്‍ വേണം. അത് നീട്ടിക്കൊണ്ട് പോകരുത്. താന്‍ തെറ്റ് ചെയ്തിട്ടില്ല. ഇക്കാര്യത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് തനിക്ക് ഉറപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി. കെ പി സി സി അച്ചടക്ക സമിതി യോഗത്തില്‍ ആര്യാടന്‍ ഷൗക്കത്ത് വിശദമായി കാര്യങ്ങള്‍ പറഞ്ഞുവെന്നും കുറച്ചു കാര്യങ്ങളില്‍ കൂടി വ്യക്തത വേണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും വ്യക്തമാക്കിയിരുന്നു.
എട്ടാം തീയതി വീണ്ടും യോഗം ചേര്‍ന്ന് കാര്യങ്ങള്‍ തീരുമാനിക്കും. ഷൗക്കത്ത് ഒരു കത്ത് നല്‍കിയിട്ടുണ്ട്. അത് സമിതി ഫയലില്‍ സ്വീകരിച്ചു. സി പി എം വെറുതെ വെള്ളം വെച്ച് കാത്തിരിക്കുകയാണ്. അവര്‍ക്ക് എന്തോ കാല ദോഷം സംഭവിച്ചിട്ടുണ്ട്. കോണ്‍ഗ്രസില്‍ നിന്ന് ആരെയും പ്രതീക്ഷിച്ചു സി പി എം മുന്നോട്ട് പോകേണ്ടതില്ലെന്നും അവര്‍ കഷ്ടപ്പെട്ട് ക്ഷണിച്ചു കൊണ്ട് പോയ കെ വി തോമസിന്റെ അവസ്ഥ അറിയാമല്ലോയെന്നും തിരുവഞ്ചൂര്‍ പരിഹസിച്ചു. ഉത്തരവാദിത്തപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകനാണ് താനെന്നും തന്റെ പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടിക്ക് തെറ്റിദ്ധാരണ ഉണ്ടെങ്കില്‍ അത് മാറ്റല്‍ ആണ് പ്രധാനമെന്നും ആര്യാടന്‍ ഷൗക്കത്തും പറഞ്ഞിരുന്നു.