കോഴിക്കോട്- നഗരത്തിൽ പഴയ കെട്ടിടം തകർന്നുവീണ് അഞ്ചു തൊഴിലാളികൾക്ക് പരിക്കേറ്റു. ഫ്രാൻസിസ് റോഡ് ഓവർ ബ്രിഡ്ജിന്റെ വടക്കുവശത്തുള്ള കെട്ടിടമാണ് തകർന്നുവീണത്. പരിക്കേറ്റവർ ഇതരസംസ്ഥാന തൊഴിലാളികളാണ്. അനധികൃത ചെരുപ്പ് നിർമാണ യൂണിറ്റായി പ്രവർത്തിക്കുന്ന പഴയ ഇരുനില കെട്ടിടമാണ് അപകടത്തിൽപെട്ടത്. ഇന്നലെ ഉച്ചക്കാണ് സംഭവം.
പതിനഞ്ചോളം ഇതരസംസ്ഥാന തൊഴിലാളികൾ കെട്ടിടത്തിനുള്ളിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു. തൊഴിലാളികൾ ജോലി ചെയ്യുന്ന ആദ്യ നില തകർന്ന് താഴേക്ക് പതിക്കുകയായിരുന്നു. വീഴ്ചയിൽ നിസാര പരിക്കേറ്റ ബിഹാർ സ്വദേശികളായ കാരിലാൽദാസ് (34), ഉചിത് ദാസ് (33), പരമേശ്വർ ദാസ് (35), ചന്ദൻദാസ് (35), വിനോദ് ദാസ് (45) എന്നിവരെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുതിയറ ചേങ്ങോട്ട് അബ്ദുൾ സമദിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. അനധികൃതമായി പ്രവർത്തിക്കുന്ന ചെരുപ്പ് നിർമാണ യൂണിറ്റ് ഇവിടെ നിന്ന് മാറ്റാൻ ആവശ്യപ്പെട്ട് കോർപറേഷനിൽ പരാതി നൽകിയിരുന്നതായി ഉടമ പറഞ്ഞു. ഇത് സംബന്ധിച്ച് കോടതിയിൽ കേസും ഉണ്ട്. ബീച്ച് ഫയർ സ്‌റ്റേഷനിൽ നിന്ന് സ്‌റ്റേഷൻ ഓഫീസർ പനോത്ത് അജിത് കുമാർ, അസി. സ്‌റ്റേഷൻ ഓഫീസർ പി ഐ ഷംസുദ്ദീൻ, ലീഡിങ്ങ് ഫയർമാൻ എൻ രമേശൻ എന്നിവരുടെ നേതൃത്വത്തിൽ യൂണിറ്റ് രക്ഷാപ്രവർത്തനം നടത്തി.