കൊച്ചി - നയതന്ത്ര ബാഗേജ് സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതികള്‍ക്ക് വന്‍ തുക പിഴ വിധിച്ച് കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണര്‍ രാജേന്ദ്രകുമാറിന്റെ ഉത്തരവ്. കേസിലെ മുഖ്യ പ്രതികളായിരുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിഎം.ശിവശങ്കര്‍ 50 ലക്ഷം രൂപയും സ്വപ്ന സുരേഷ് 6 കോടി രൂപയും പിഴയടക്കണം. തിരുവനന്തപുരം യു എ ഇ കോണ്‍സുലേറ്റിലെ രണ്ട് മുന്‍ നയതന്ത്ര ഉദ്യോഗസ്ഥരും പിഴയടക്കണം. ആകെ 44 പ്രതികളുള്ള കേസില്‍ 60.60 കോടി രൂപയാണ് പിഴ. യു എ ഇ കോണ്‍സുലേറ്റ് മുന്‍ കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍സാബി, മുന്‍ അഡ്മിന്‍ അറ്റാഷെ റാഷിദ് ഖാമിസ് അല്‍ അഷ്‌മേയി, പി.എ പി.എസ്.സരിത്, സന്ദീപ് നായര്‍, കെ.ടി.റമീസ് എന്നിവരും 6 കോടി രൂപ വീതം പിഴയടയ്ക്കണം. 2020 ജൂലൈ 5നു തിരുവനന്തപുരം കാര്‍ഗോ കോംപ്ലക്‌സില്‍നിന്നു 14.82 കോടി രൂപ വിലവരുന്ന 30.245 കിലോഗ്രാം കള്ളക്കടത്ത് സ്വര്‍ണം പിടിച്ചെടുത്തത്.