കോഴിക്കോട്- കെ.ടി ജലീലിനെ പങ്കാളിയാക്കി മുസ്‌ലിം ആഭിമുഖ്യമുള്ള രാഷ്ട്രീയ പാർട്ടി രൂപവത്കരിക്കാൻ നീക്കം നടന്നത് പത്ത് വർഷം മുമ്പ്. ജലീൽ താല്പര്യമില്ലെന്ന് അറിയിച്ചതിനാൽ മുടങ്ങിയതാണ് ആ നീക്കം.
ഇന്ത്യൻ നാഷണൽ ലീഗ്, പി.ടി.എ റഹീമിന്റെ റഹീം ലീഗ്, സി.പി.എം സ്വതന്ത്രന്മാരായ നിയമസഭാംഗങ്ങൾ എന്നിവരെ ചേർത്ത് മുസ്‌ലിം ലീഗിന് ബദലായി രാഷ്ട്രീയ കക്ഷി രൂപവത്കരിക്കാനും ഇടതുമുന്നണിയുടെ ഭാഗമാകാനുമായിരുന്നു അന്നത്തെ ശ്രമം. അന്നും സി.പി.എം ചുവപ്പു കൊടി കാട്ടിയെങ്കിലും കെ.ടി ജലീൽ സഹകരിച്ചില്ല.
ഇപ്പോഴാകട്ടെ അത്തരം ഒരു നീക്കം ജലീലിന് ചിന്തിക്കുക പോലും കഴിയില്ലെന്നിരിക്കെയാണ് ലീഗ് ബദൽ പാർട്ടിയെന്ന ഊഹാപോഹം പരക്കുന്നത്. ജലീലും ഐ.എൻ.എല്ലും ഇതു നിഷേധിച്ചു കഴിഞ്ഞു.
പത്തു വർഷം മുമ്പ് ഇന്നത്തേതിനേക്കാൾ സാഹചര്യം അനുകൂലമായിരുന്നു. ഐ.എൻ.എല്ലിന് ഒരു നിയമസഭാംഗം ഉണ്ടായിരുന്നതിന് പുറമേ മലപ്പുറം ജില്ലയിൽ ലീഗ് കനത്ത തോൽവി ഏറ്റുവാങ്ങിയ സന്ദർഭവുമായിരുന്നു. 2004ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ മഞ്ചേരിയിൽ ലീഗിലെ കെ.പി.എ മജീദിനെ തോൽപ്പിച്ച് ടി.കെ. ഹംസ ജയിച്ചതിന് പുറമേ 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീർ, എം.കെ. മുനീർ എന്നിവർ പരാജയപ്പെട്ടിരുന്നു. മലപ്പുറത്തെ അഞ്ചു നിയമസഭാ മണ്ഡലങ്ങൾ ഇടതുമുന്നണിയുടെ കൈകളിലായി. കോഴിക്കോട് രണ്ടിൽ നിന്ന് ഐ.എൻ.എല്ലിന്റെ പി.എം.എ സലാമും ലീഗിന്റെ ശക്തികേന്ദ്രമായ കൊടുവള്ളിയിൽ നിന്ന് അഡ്വ.പി.ടി.എ റഹീമും നിയമസഭയിലെത്തിയിരുന്നു.
2006ലെ തോൽവിയിൽനിന്ന് മുസ്‌ലിംലീഗ് കരകയറി. മലപ്പുറം ജില്ലയിലെ രണ്ട് ലോക്‌സഭാ സീറ്റുകളും കൈവശം വെക്കുകയും നിയമസഭയിൽ വലിയ പരുക്കില്ലാതെ നിൽക്കുകയും ചെയ്യുകയാണ്. ഐ.എൻ.എല്ലിന്റെ ഒരു ഭാഗം പി.എം.എ സലാമിന്റെയും സിറാജ് ഇബ്രാഹിം സേട്ടിന്റെയും നേതൃത്വത്തിൽ ലീഗിൽ ലയിച്ചു.
ലീഗിന്റെ കുത്തക സീറ്റായിരുന്ന താനൂർ പിടിച്ച് കോൺഗ്രസ് വിമതൻ കൂടിയായ അബ്ദുറഹിമാൻ ഭീഷണി ഉയർത്തുന്നു. കൊടുവള്ളിയിൽ റഹീമിന് പുറമേ കാരാട്ട് റസാഖിന്റെ വിജയവും ലീഗിനെ ഇപ്പോൾ പ്രയാസത്തിലാക്കുന്നു.
വിലപേശൽ ശേഷിയുള്ള ഒരു കക്ഷിയെ ലീഗിന് ബദലായി ഇടതുമുന്നണിയിൽ കൊണ്ടുവരണമെന്ന അഭിപ്രായം സി.പി.എമ്മിന് ഇല്ലെന്നാണ് ഇടതുമുസ്‌ലിം കക്ഷി രൂപവത്കരണത്തിന് പ്രധാന തടസ്സം. ഇപ്പോൾ സ്വതന്ത്ര എം.എൽ.എമാരായി നിൽക്കുന്ന കാരാട്ട് റസാഖ്,പി.ടി.എ റഹീം, വി. അബ്ദുറഹിമാൻ എന്നിവർക്ക് കക്ഷി രൂപവത്കരണത്തിൽ താല്പര്യമുണ്ടെങ്കിലും പി.വി അൻവറിനും കെ.ടി. ജലീലിനും താല്പര്യമില്ല.
ഇവരിൽ നിന്ന് വ്യത്യസ്തനായി ജലീൽ സി.പി.എമ്മിന്റെ ഭാഗമായി പ്രവർത്തിക്കുകയാണ്. സി.പി.എം സംസ്ഥാന കമ്മിറ്റി നടത്തിയ ജാഥയിൽ സ്ഥിരാംഗം വരെയായ കെ.ടി ജലീൽ സ്വതന്ത്രനായി മത്സരിക്കുന്നുവെന്നതേയുള്ളൂ.
സി.പി.എമ്മിൽ ചേരുകയാണ് ന്യൂനപക്ഷങ്ങൾക്ക് അഭികാമ്യമെന്നാണ് ജലീലിന്റെ രാഷ്ട്രീയ നിലപാട്. ഒരു പാർട്ടിയുടെ ഭാഗമാകുന്നതോടെ സി.പി.എമ്മിൽ നിന്ന് ഇപ്പോൾ കിട്ടുന്ന പരിഗണന നഷ്ടമാവുമെന്നും ജലീൽ മനസ്സിലാക്കുന്നു.
മുന്നണി വിപുലമാക്കാൻ ഇടതുമുന്നണി തീരുമാനിക്കുകയും ചർച്ച ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. വിപുലമാക്കുന്നുവെങ്കിൽ ആദ്യ പരിഗണന തങ്ങൾക്കാകാമെന്ന് ഐ.എൻ.എൽ. പ്രതീക്ഷിക്കുകയും ചെയ്യുന്നു. പക്ഷേ ഇന്നത്തെ രൂപഭാവത്തോടെ മുന്നണിയിൽ എടുക്കുമോ ആശങ്ക പൂർണ്ണമായി നീങ്ങിയിട്ടില്ല.
ഐ.എൻ.എല്ലിനെ മുന്നണിയിലെടുക്കാതിരിക്കാൻ ഇതുവരെ പാർട്ടിയിലെ ഒരു വിഭാഗം ഉയർത്തിയ തടസ്സവാദം അത് ഭൂരിപക്ഷ സമുദായത്തെ അകറ്റുമെന്നും വർഗീയതക്കെതിരായ പോരാട്ടത്തെ ദുർബലപ്പെടുത്തും എന്നുമൊക്കെയായിരുന്നു. ഈ അവസ്ഥക്ക് വലിയ മാറ്റം വന്നിട്ടില്ലെന്ന് മാത്രമല്ല അത് ശക്തിപ്പെട്ടിരിക്കുകയാണ്. ഐ.എൻ.എല്ലിനെ എതിർക്കുന്നതിന് മുന്നിൽ നിന്ന വി.എസ്. അച്യുതാനന്ദൻ ഇന്ന് പാർട്ടിയിൽ ദുർബലനാണ്. എന്നാലും അദ്ദേഹം ഏതു സമയത്തും ചില പ്രസ്താവനകളുമായി വന്ന് രംഗം കലുഷമാക്കാം.
ചന്ദ്രക്കലയുള്ള പച്ചക്കൊടിയും ലീഗ് എന്ന നാമവും ഇന്ത്യൻ നാഷണൽ ലീഗിന് വിനയായി നിൽക്കുന്നുണ്ട്. പി.ടി.എ റഹീമിന്റെ നാഷണൽ സെക്കുലർ കോൺഗ്രസുമായി ലയിച്ച് പുതിയ പേര് സ്വീകരിക്കുകയാണെങ്കിൽ ഇതിൽ നിന്ന് കൂടി രക്ഷപ്പെടാൻ കഴിയും. ഈ ഒരു നീക്കം ഇരുപാർട്ടികളും ചർച്ച ചെയ്തു വരികയാണ്. ഈ നീക്കത്തിന് ഐ.എൻ.എല്ലിൽ എതിർ ശബ്ദമുയരാനിടയുണ്ട്.