Sorry, you need to enable JavaScript to visit this website.

'നാശത്തിലേ കലാശിക്കൂ; വെള്ളം വച്ച് കാത്തിരിക്കേണ്ട'; ആര്യാടൻ ഷൗക്കത്ത് വിവാദത്തിൽ തിരുവഞ്ചൂർ

തിരുവനന്തപുരം - മലപ്പുറത്ത് കെ.പി.സി.സി നിർദേശം മറികടന്ന് ഫലസ്തീൻ മാർച്ച് നടത്തിയ കെ.പി.സി.സി ജനറൽസെക്രട്ടറി ആര്യാടൻ ഷൗക്കത്തുമായി ബന്ധപ്പെട്ട അച്ചടക്ക നടപടി വിഷയത്തിൽ കുറച്ചു കാര്യങ്ങളിൽ കൂടി വ്യക്തത വരുത്തേണ്ടതുണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവും പാർട്ടി അച്ചടക്ക സമിതി അധ്യക്ഷനുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഈ മാസം എട്ടിന് അച്ചടക്ക സമിതി വീണ്ടും ചേർന്ന് മലപ്പുറത്തെ കൂടുതൽ നേതാക്കളെ കേൾക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
 ആര്യാടൻ ഷൗക്കത്ത് സമിതിക്ക് ഒരു കത്ത് തന്നു. അതിന് രഹസ്യസ്വഭാവമുണ്ട്. കുറച്ച് ആളുകളെ കൂടി കേൾക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടതായും തിരുവഞ്ചൂർ വ്യക്തമാക്കി. ഒപ്പം റാലിയിൽ പങ്കെടുത്തവരുടെ ഭാഗവും ഡി.സി.സി പ്രസിഡന്റിന്റെയും അദ്ദേഹത്തോടൊപ്പമുള്ള ആളുകളുടെയും ഭാഗവും കേൾക്കേണ്ടതുണ്ടെന്നും തിരുവഞ്ചൂർ ചോദ്യങ്ങളോടായി പ്രതികരിച്ചു.
 ആര്യാടൻ ഷൗക്കത്തിനായി സി.പി.എം വെറുതെ വെള്ളം വച്ച് കാത്തിരിക്കുകയാണ്. അടുത്ത കാലത്ത് സി.പി.എം തൊട്ടതെല്ലാം കുഴപ്പത്തിൽ ചാടുന്ന സ്ഥിതിയാണ്. യു.ഡി.എഫിലും കോൺഗ്രസിലും ആരെയും ഉന്നംവച്ച് സി.പി.എം ഒരു കളിക്കും പോകേണ്ട. നാശത്തിലേ കലാശിക്കൂ. കോൺഗ്രസ് പ്രസ്ഥാനത്തെ ക്ഷീണിപ്പിക്കാനാണ് സി.പി.എം ശ്രമം. അതിലൊന്നും വീഴുന്ന കുട്ടികളല്ല ഞങ്ങളുടേത്. സി.പി.എം വളരെ കഷ്ടപ്പെട്ട് കൊണ്ടുപോയ കെ.വി തോമസിന്റെ അവസ്ഥയെന്താണെന്നും തിരുവഞ്ചൂർ ചോദിച്ചു.

Latest News