വിരസതയും ചൂടും നിറഞ്ഞ ദിവസങ്ങളിൽനിന്ന് തണുപ്പുള്ള ഒരു പ്രദേശം തേടിയായിരുന്നു ഞങ്ങളുടെ യാത്ര. ഒപ്പമുണ്ടായിരുന്നത് കൊമ്പൻ മൂസയും സാദത്തും. ജിദ്ദ പട്ടണം പിന്നിട്ട് ജിസാൻ റോഡിലേക്ക് തിരിഞ്ഞുള്ള യാത്ര തുടങ്ങി. നീണ്ട് നീണ്ടു പോകുന്ന മണൽ പരപ്പ് മുമ്പിൽ പ്രത്യക്ഷമായി. ലക്ഷ്യം അബഹയാണ്. അബഹയിൽനിന്ന് വാദി ലജബിലേക്കും.
സമുദ്ര നിരപ്പിൽ നിന്നും 2200 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പട്ടണമാണ് അബഹ. ഉയരമുള്ള പ്രദേശമായതിനാൽ നല്ല തണുപ്പ് അനുഭവപ്പെടുന്ന മേഖലയാണ്.
ഗൾഫ് മേഖലയിലെ ഏറ്റവും ഉയരം കൂടിയ ഭാഗമാണ് അബഹ. മഴ സുലഭമായി കിട്ടുന്ന സ്ഥലം കൂടിയാണ്. മഞ്ഞും മഴയും പ്രകൃതിഭംഗിയുമൊക്കെ ആയി സൗദിയിലെ വളരെ രസകരമായ വിനോദ സഞ്ചാര കേന്ദ്രത്തിലേക്കാണ് യാത്ര. അവിടെനിന്ന് വാദി ലജബ് എന്ന് അറിയപ്പെടുന്ന വെള്ളമൊഴുകുന്ന തണുത്ത അരുവികളിലേക്കും.
ഞങ്ങൾ വാഹനത്തിൽ പെട്രോളും കുടിക്കാനുള്ള വെള്ളവുമെല്ലാം നിറച്ചു. ഇനി യാത്ര കുത്തനെയുള്ള ചുരം വഴിയാണ്. മലയുടെ ചെരിവിലൂടെ വലിയൊരു ദൂരം സഞ്ചരിച്ച് പതുക്കെ ചുരം കേറിക്കൊണ്ടിരിക്കുന്നു. അനുഭവങ്ങളുടെ മഞ്ചലുകളേറി നിരവധി യാത്രക്കാരും, ജീവിതം മാർഗ്ഗം തേടി നിരവധി വലിയ വാഹനങ്ങളും ചുരം കേറുകയും ഇറങ്ങുകയും ചെയ്യുന്നു.
ചുരത്തിന്റെ അടി ഭാഗങ്ങളിൽ കൃഷിക്കായ് ഉപയോഗിക്കുന്ന ഇടങ്ങൾ കാണുന്നുണ്ട്, അന്തരീക്ഷം തണുപ്പിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. പച്ചപ്പിന്റെ കച്ചിതുരുമ്പുകൾ അങ്ങിങ്ങായ് പ്രത്യക്ഷപ്പെടുന്നുണ്ട്. വാഹനം ചുരം കയറുകയാണ്.
സായാഹ്ന തണുപ്പിലേക്കാണ് അബഹയിൽ ഇറങ്ങിയത്. അസ്തമനത്തിനു വേണ്ടി പടിഞ്ഞാറിന്റെ മഞ്ഞു മലകളിലേക്ക് മെല്ലെ മെല്ലെ ഊളിയിടുന്നുണ്ട് സൂര്യൻ. അടിവാരങ്ങളിലെ കൃഷിയിടങ്ങളെ തഴുകി അബഹയുടെ മലനിരകളെ കുളിർമഴ പെയ്യിക്കുന്ന തണുത്തകാറ്റ്. തണുപ്പിന്റെ സ്‌നേഹം നുകരാൻ മലകൾ താണ്ടി കടന്നുവരുന്ന സഞ്ചാരികൾ അബഹയിലേക്ക് അപ്പോഴും പ്രവഹിച്ചു കൊണ്ടിരിക്കുന്നു, അബഹയിലെ ടൂറിസ്റ്റ് സ്ഥലങ്ങൾ കണ്ടപ്പോഴേക്കും നേരം വൈകിയിരുന്നു. ഒരു നല്ല കിടപ്പ് മുറി അന്വേഷിച്ച് അബഹയിലെ നഗരത്തിൽ പ്രവേശിച്ചു. ഒരു മലയാളി ഹോട്ടലിൽ എത്തി ഭക്ഷണവും കഴിച്ച് അവിടെയുള്ള ഒരാൾ പറഞ്ഞു തന്നപോലെ അബഹ മീൻ മാർക്കറ്റിനടുത്ത് അത്യാവശ്യം കുഴപ്പമില്ലാത്തൊരു ഒരു ഫഌറ്റ് ലഭിച്ചു, അവിടെ ആ രാത്രി ഞങ്ങൾ അബഹയിലെ ശീത ശാന്തതയിൽ ഉറങ്ങി.
രാവിലെ ഏഴുമണിക്ക് വീണ്ടും യാത്ര തുടങ്ങി. അബഹയിലിൽ നിന്ന് വാദി ലജബ് എന്ന് പറയുന്ന ഒരു പ്രദേശമാണ് ഇന്ന് ഞങ്ങളുടെ ലക്ഷ്യം. പർവ്വത നഗരത്തോട് വിട പറഞ്ഞ് ഞങ്ങൾ വീണ്ടും കുന്നിൻ ചെരിവുകളിലൂടെ സഞ്ചരിക്കാൻ തുടങ്ങി. ജിസാൻ നഗരത്തിന് അടുത്തുള്ള ജബൽ കഹറിലെ ഒരു വിസ്മയലോകമാണ് കാണാൻ പോകുന്നത്. പച്ചപ്പിന്റെയും ജലത്തിന്റേയും നിറ സാന്നിധ്യമാണ് ലജബ്. സഞ്ചാരം മലകൾ താണ്ടിയും സമതലങ്ങൾ പിന്നിട്ടും തുടർന്നു കൊണ്ടിരിക്കുന്നു, വഴികൾ സമ്മിശ്ര മേഖലകളെ ഓർമ്മിപ്പിക്കുന്ന ചിത്രങ്ങളായി പിന്നോട്ട് ഓടിക്കൊണ്ടിരിക്കുന്നു,
ഗ്രാമീണ സൗദികളുടെ ജീവിതം പട്ടണത്തിലെ ജീവിത രീതിയുമായി വലിയ അന്തരമാണ്. ഇവിടെ സൗദി അറേബ്യയുടെ ഒരു ആർഭാടവും കാണുന്നില്ല.
ഒരു ചെറിയ കുന്ന് ഇറങ്ങി വരുമ്പോൾ വാദി ലജബ് എന്ന ബോർഡ് കണ്ടു. ഇനി ഉള്ളിലോട്ട് മല വെട്ടി നിരത്തിയുണ്ടാക്കിയ വഴിപോലെ ഒരു ഇടത്തേക്കാണ് തിരിയുന്നത്. വണ്ടി ഒരു സ്ഥലത്ത് പാർക്ക് ചെയ്തു നടന്നു. വലിയ ഒരു മല നെടുകെ പിളർത്തിയപോലെയുള്ള വഴി. നൂറ്റാണ്ടുകളായി വെള്ളമൊഴുകി സംഭവിച്ചതായിരിക്കാം ഈ വഴി. ഉള്ളിലോട്ട് നടക്കുമ്പോൾ ഒരു പർവ്വതത്തിന്റെ നടുവിലേക്ക് ഇറങ്ങിച്ചെന്ന പ്രതീതി. മരുഭൂമിയാണെന്ന് ഒരിക്കലും തോന്നിപ്പിക്കാത്തവിധം മരങ്ങളും ചെടികളും. ഈ ചുവരുകളിൽനിന്ന് വെള്ളത്തിന്റെ ഉറവകളും ഒഴുകുന്നു. കേരളത്തിലെ ഒരു പുഴയുടെ തീരത്തേക്ക് ചെന്ന അതേ പ്രതീതി. പക്ഷികളുടെ കിളി നാദങ്ങൾ, വെള്ളമൊഴുകുന്നതിന്റെ ശബ്ദങ്ങൾ. നടത്തം തുടർന്നു. കാലിനടിയിലൂടെ തണുത്ത വെള്ളം ഒഴുകുന്നു, മനസ്സും ശരീരവും തണുത്തു തുടങ്ങി, നടന്നെത്തിയത് പാറക്കെട്ടുകൾ നിറഞ്ഞ ഒരിടത്തിലാണ്. അതിനു നടുവിൽ ഒരു വെള്ളക്കെട്ടും. അറബികളും മലയാളികളും ബംഗാളികളുമെല്ലാം ആ തണുത്ത വെള്ളത്തിൽ കുളിക്കുന്നുണ്ട്.
വീണ്ടും ഉള്ളിലോട്ട് നടന്നു. മുകളിലേക്ക് നോക്കുമ്പോൾ ആകാശം മുട്ടിനിൽക്കുന്ന പർവ്വത ഭിത്തികൾ. വെള്ളം ഒഴുകി ഉണ്ടായ ചില പ്രകൃതി ശിൽപ്പങ്ങളെ നോക്കി അൽപം ഞങ്ങൾ അവിടെ നിന്നു. ആ ചുവരുകളിൽ എത്രയെത്ര ചിത്രങ്ങൾ. ചിലയിടങ്ങൾ നമ്മുടെ മുകളിൽ ഈ മല വീഴുമോ എന്ന് തോന്നിപ്പിക്കുന്ന ഭീകരത. താഴെയുള്ള അരുവികൾ അവയെല്ലാം വിസ്മരിച്ച് അവിടം തണുപ്പിക്കുന്നുണ്ട്, കുറേ നേരം ആ പാറക്കെട്ടുകളും വെള്ളച്ചാട്ടങ്ങളും കണ്ടു നടന്നു. പിന്നെ പിന്നിട്ട വഴികളിൽ തിരിച്ച് നടന്നു. ഭൂമിശാസ്ത്രപരമായി വലിയ പഠനങ്ങൾക്ക് സാധ്യതയുള്ള ഒരു സ്ഥലമാണ് വാദി ലജബ്.