ജനാധിപത്യ ബോധമുള്ള ഒരു തലമുറയുണ്ടാകുക എന്നതാണ് രാഷ്ട്രീയ പ്രബുദ്ധതയുടെ അളവുകോൽ. വർഷങ്ങളായി മറ്റു സംഘടനകൾക്ക് പ്രവർത്തന സ്വാതന്ത്ര്യം പോലും നിഷേധിച്ചാണ് മറ്റു പല കലാലയങ്ങളെയും പോലെ ഇവിടെയും എസ്.എഫ്.ഐ കുത്തക നിലനിൽക്കുന്നത്. കെ.എസ്.യു പ്രവർത്തകർ മാത്രമല്ല, സഖ്യകക്ഷിയായ എ.ഐ.എസ്.എഫ് പ്രവർത്തകരും ജെ.എൻ.യുവിൽ സഖ്യകക്ഷിയായ ഐസ പ്രവർത്തകരും മാവോയിസ്റ്റ് വിദ്യാർത്ഥി സംഘടന പ്രവർത്തകരുമൊക്കെ ഇവരുടെ മർദനത്തിനു വിധേയമായിട്ടുണ്ട്. എസ്.എഫ്.ഐയെ പോലെ സമഗ്രാധിപത്യ സ്വഭാവമുള്ളവരായതിനാൽ എ.ബി.വി.പി മാത്രം കൈക്കരുത്തിൽ പിടിച്ചു നിൽക്കാൻ ശ്രമിക്കാറുണ്ട്.
രാഷ്ട്രീയ പ്രബുദ്ധമായ കേരളത്തിലെ കലാലയങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് തൃശൂരിലെ കേരള വർമ്മ എന്നാണ് വെപ്പ്. എന്നാൽ മിക്കപ്പോഴും അവിടെ നിന്ന് വരാറുള്ള വാർത്തകൾ ഈ അവകാശവാദവുമായി ചേർന്നു പോകുന്നതല്ല. അതിന്റെ അവസാന ഉദാഹരണമാണ് കഴിഞ്ഞ ദിവസം മുതൽ നാം കേട്ടുകൊണ്ടിരിക്കുന്നത്. കോളേജ് യൂനിയൻ തെരഞ്ഞെടുപ്പിൽ, തങ്ങളുടെ പതിറ്റാണ്ടുകളുടെ കുത്തക അവസാനിക്കുമെന്നായപ്പോൾ ജനാധിപത്യത്തെ അട്ടിമറിച്ച്, കെ.എസ്.യുവിയിൽ നിന്ന് എസ്.എഫ്.ഐ വിജയം നേടി എന്നതാണത്. തീർച്ചയായും ആരോപണത്തെ എസ്. എഫ്.ഐ നിഷേധിക്കുന്നുണ്ട്. എന്നാൽ സാഹചര്യത്തെളിവുകളെല്ലാം ആരോപണത്തെ ശരിവെക്കുന്നതാണ്. തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാത്ത വ്യക്തിയെ യൂനിവേഴ്സിറ്റി ഭാരവാഹിയാക്കാൻ ശ്രമിച്ച സംഭവമുണ്ടായിട്ട് അധികം ദിവസങ്ങളായിട്ടില്ല എന്നതും ഓർക്കാവുന്നതാണ്.
കെ.എസ്.യു ചെയർമാൻ സ്ഥാനാർത്ഥിയും ഭിന്നകാഴ്ചശേഷിയുള്ള വിദ്യാർത്ഥിയുമായ ശ്രീക്കുട്ടൻ ഒരു വോട്ടിനു വിജയിച്ചതായും എസ്.എഫ്.ഐ റീകൗണ്ടിംഗ് ആവശ്യപ്പെട്ടതായുമായിരുന്നു ആദ്യം വന്ന റിപ്പോർട്ട്. മണിക്കൂറുകൾക്കു ശേഷം പിറ്റേന്ന് ആദ്യം തന്നെ തങ്ങളാണ് വിജയിച്ചതെന്ന രേഖകളുമായി എസ്.എഫ്.ഐ രംഗത്തു വന്നിട്ടുണ്ട്. എങ്കിലെന്തിനാണാവോ അവർ റീകൗണ്ടിംഗ് ആവശ്യപ്പെട്ടത്? എസ്.എഫ്.ഐയുടെ മാത്രമല്ല, ഇടതുപക്ഷ അധ്യാപക സംഘടനയുടെയും കോട്ടയായ ഒരു കലാലയത്തിൽ എന്തു രേഖയും തയാറാക്കാനാകുമെന്ന് ആർക്കാണറിയാത്തത്? വൈദ്യുതി വിതരണം പോലുമില്ലാതിരുന്ന അർധരാത്രിയാണ് മൂന്നോ നാലോ തവണ എണ്ണി എസ്.എഫ്.ഐയെ വിജയിപ്പിച്ചത് എന്നതാണ് വസ്തുത. അർധരാത്രിയിൽ വോട്ടെണ്ണുന്നതിൽ പ്രതിഷേധിച്ച് കെ.എസ്.യു പ്രവർത്തകർ സ്ഥലം വിട്ടിരുന്നു എന്നതും ഓർക്കണം. കോളേജിന്റെ ഉടമയായ, ഇടതുപക്ഷം ഭരിക്കുന്ന കൊച്ചി ദേവസ്വം ബോർഡിന്റെ നിർദേശമനുസരിച്ചാണ് രാത്രി തന്നെ വോട്ടെണ്ണിയതെന്ന് പ്രിൻസിപ്പൽ തന്നെ വ്യക്തമാക്കുകയും ചെയ്തു. സംഭവിച്ചത് ജനാധിപത്യത്തെ കുരുതി കൊടുത്തതല്ലാതെ മറ്റൊന്നുമല്ലെന്നർത്ഥം. എസ്.എഫ്.ഐയിൽ കുറച്ചുകാലമെങ്കിലും പ്രവർത്തിച്ചിട്ടുള്ളവർക്ക് അതിലൊരു അത്ഭുതവും തോന്നില്ല.
ലോകമെങ്ങുമുണ്ടായിട്ടുള്ള സാമൂഹിക മാറ്റങ്ങളുടെയും ജനാധിപത്യത്തിനായുള്ള പോരാട്ടങ്ങളുടെയും മുൻനിരയിൽ എവിടെയും വിദ്യാർത്ഥികളുടെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു. സമഗ്രാധിപത്യത്തിനെതിരെ, ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനുമായി നടന്ന ചൈനയിലെ വിദ്യാർത്ഥി കലാപമെല്ലാം മറക്കാറായിട്ടില്ലല്ലോ. ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല. സ്വാതന്ത്ര്യ സമര കാലം മുതലുള്ള ചരിത്രം പരിശോധിച്ചാൽ അതു പ്രകടമാണ്. രോഹിത് വെമുലയുടെ ആത്മഹത്യക്കു ശേഷവും പൗരത്വ ഭേദഗതി നിയമത്തിന്റെ സമയത്തു പോലും നാമത് കണ്ടു. പക്ഷേ രാഷ്ട്രീയ പ്രബുദ്ധമെന്നഹങ്കരിക്കുന്ന കേരളത്തിന്റെ അവസ്ഥ പൊതുവിൽ നിരാശാജനകമാണ്. രാഷ്ട്രീയ പ്രവർത്തനത്തിൽ അനിവാര്യമായ ജനാധിപത്യ ബോധം നിലനിൽക്കാത്ത ഒന്നാണ് നമ്മുടെ വിദ്യാർത്ഥി രാഷ്ട്രീയം. ആവിഷ്‌കാര സ്വാതന്ത്ര്യവും പ്രവർത്തന സ്വാതന്ത്ര്യവും പ്രതിപക്ഷ ബഹുമാനവും ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ്. ഈ അടിസ്ഥാന ഘടകങ്ങൾ ഉൾക്കൊള്ളാനും പഠിക്കാനും പ്രയോഗിക്കാനും കഴിയുന്ന ഒന്നായിരിക്കണം കലാലയ രാഷ്ട്രീയം. എന്നാൽ നിർഭാഗ്യവശാൽ അവ തീരെയില്ലാത്ത ഒന്നായി പൊതുവിൽ നമ്മുടെ കലാലയ രാഷ്ട്രീയം മാറിയിരിക്കുന്നു. ആൺ വിദ്യാർത്ഥി നേതാക്കളുടെ കൈക്കരുത്തിന്റെ പ്രതീകം മാത്രമാണ് ഇന്നത്. ഈ വിദ്യാർത്ഥി നേതാക്കളാണ് ഭാവിയിൽ നമ്മെ നയിക്കാനും ഭരിക്കാനും പോകുന്നവരിൽ ബഹുഭൂരിപക്ഷവും എന്നതാണ് ഭീതിപ്പെടുത്തേണ്ടത്.
ഏതാനും വർഷം മുമ്പ് ജിഷ്ണു പ്രണോയിയുടെ മരണം, യൂനിവേഴ്സിറ്റി കോളേജ്, ലോ കോളേജ് സംഭവ വികാസങ്ങൾ തുടങ്ങിയവക്കു ശേഷം എസ്.എഫ്.ഐയുടെ സമഗ്രാധിപത്യത്തിനെതിരെ അവർക്കിടയിൽ നിന്നും വിദ്യാർത്ഥിനികൾക്കിടയിൽ നിന്നും ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. എസ്.എഫ്.ഐയുടെ ഫാസിസം ഏറ്റവും ശക്തമായി നിലനിന്നിരുന്ന കലാലയമായിരുന്നല്ലോ തിരുവനന്തപുരത്തെ യൂനിവേഴ്സിറ്റി കോളേജ്. എ ഐ എസ് എഫ് അടക്കം ഒരു സംഘടനക്കും പ്രവർത്തനാനുമതിയുണ്ടായിരുന്നില്ല. അവിടത്തെ മുഴുവൻ വിദ്യാർത്ഥികളെയും നിർബന്ധിച്ച് തങ്ങളുടെ സംഘടന പ്രവർത്തനങ്ങളിൽ പങ്കെടുപ്പിക്കുകയാണ് എസ്.എഫ്.ഐ ചെയ്തിരുന്നത്. വിദ്യാർത്ഥികൾക്ക് ശ്വാസം വിടണമെങ്കിലോ മൂളിപ്പാട്ട് പാടണമെങ്കിലോ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പരസ്പരം സംസാരിക്കാനോ പോലും നേതാക്കളോട് ചോദിക്കേണ്ട അവസ്ഥയായിരുന്നു. എത്രയോ പേർ പഠനമവസാനിപ്പിച്ചിട്ടുണ്ട്. തടവറക്കുള്ളിലാണ് തങ്ങളുടെ ജീവിതമെന്ന് എസ്.എഫ്.ഐ പ്രവർത്തകർ പോലും സ്വകാര്യമായി പറയുമായിരുന്നു. പിന്നീടവർ പരസ്യമായി പറഞ്ഞു. ഒരു എസ്.എഫ്.ഐ പ്രവർത്തകന് അവരുടെ തന്നെ നേതാക്കളിൽ നിന്ന് കുത്തേറ്റതിനെ തുടർന്നായിരുന്നു അത്. ഇനിയും നേതാക്കളുടെ അടിമകളാകാൻ തയാറല്ല എന്ന് എസ്.എഫ്.ഐയുടെ അണികൾ തന്നെ പ്രഖ്യാപിച്ചു തെരുവിലിറങ്ങി. പെൺകുട്ടികളായിരുന്നു മുൻനിരയിൽ. ചാനൽ ചർച്ചകളിൽ ആ വിദ്യാർത്ഥിനികളുടെ ചോദ്യങ്ങൾക്കു മുന്നിൽ ജെയ്ക്ക് തോമസിനെ പോലുള്ള നേതാക്കൾ വെള്ളം കുടിച്ച കാഴ്ച മലയാളി മറന്നിട്ടില്ല. അവസാനം കോളേജ് യൂനിറ്റ് പിരിച്ചുവിടാൻ നേതൃത്വത്തിനു തയാറാകേണ്ടി വന്നു. അതിനു ശേഷം ചെറിയ മാറ്റങ്ങളൊക്കെ ഉണ്ടായി എന്നു കരുതുന്നവർക്കു തെറ്റുപറ്റിയെന്നാണ് കേരള വർമ്മയിലെ സംഭവങ്ങൾ സൂചിപ്പിക്കുന്നത്. ഗാന്ധി യൂനിവേഴ്‌സിറ്റിയിൽ എ.ഐ.എസ്.എഫ് നേതാവായ നിമിഷ രാജുവിന് എസ്.എഫ്.ഐ നേതാവിൽ നിന്ന് തിക്താനുഭവം ഉണ്ടായിട്ടും അധിക മാസങ്ങൾ ആയിട്ടില്ലല്ലോ.
രാഷ്ട്രീയ പ്രബുദ്ധമെന്നു കൊട്ടിഘോഷിക്കുന്ന കേരള വർമ്മയിലേക്കു തിരിച്ചുവരാം. സംസ്ഥാനത്തെ കുറെ സാംസ്‌കാരിക നായകരും എഴുത്തുകാരും രാഷ്ട്രീയ നേതാക്കളുമൊക്കെ പഠിച്ച, പഠിപ്പിച്ച, പഠിപ്പിക്കുന്ന കോളേജാണ് എന്നതുകൊണ്ടാണോ അത്തരത്തിൽ വിശേഷിപ്പക്കുന്നത് എന്നറിയില്ല. ഇപ്പോൾ തന്നെ ഉന്നത വിദ്യാഭ്യാസ മന്ത്രിയടക്കം തൃശൂരിൽ നിന്നുള്ള മൂന്നു മന്ത്രിമാരും എം.എൽ.എയുമൊക്കെ കേരള വർമ്മയിലൂടെ കടന്നുപോയവരാണ്. എന്നാൽ അതാണോ രാഷ്ട്രീയ പ്രബുദ്ധത? അടിസ്ഥാനപരമായി ജനാധിപത്യ ബോധമുള്ള ഒരു തലമുറയുണ്ടാകുക എന്നതാണ് രാഷ്ട്രീയ പ്രബുദ്ധതയുടെ അളവുകോൽ. വർഷങ്ങളായി മറ്റു സംഘടനകൾക്ക് പ്രവർത്തന സ്വാതന്ത്ര്യം പോലും നിഷേധിച്ചാണ് മറ്റു പല കലാലയങ്ങളെയും പോലും ഇവിടെയും എസ്.എഫ്.ഐ കുത്തക നിലനിൽക്കുന്നത്. കെ.എസ്.യു പ്രവർത്തകർ മാത്രമല്ല, സഖ്യകക്ഷിയായ എ. ഐ. എസ്. എഫ് പ്രവർത്തകരും ജെ.എൻ,യുവിൽ സഖ്യകക്ഷിയായ ഐസ പ്രവർത്തകരും മാവോയിസ്റ്റ് വിദ്യാർത്ഥി സംഘടന പ്രവർത്തകരുമൊക്കെ ഇവരുടെ മർദനത്തിനു വിധേയമായിട്ടുണ്ട്. എസ്. എഫ്. ഐയെ പോലെ സമഗ്രാധിപത്യ സ്വഭാവമുള്ളവരായതിനാൽ എ. ബി. വി. പി മാത്രം കൈക്കരുത്തിൽ പിടിച്ചു നിൽക്കാൻ ശ്രമിക്കാറുണ്ട്. സമീപകാലത്താണ് കെ.എസ്.യു വീണ്ടും അൽപസ്വൽപമൊക്കെ സജീവമായത്. മൂന്നു പതിറ്റാണ്ടിനു ശേഷം ആദ്യമായാണ് അവർ ഒരു ജനറൽ സീറ്റിൽ ജയിക്കുന്നത്. അതാണ് അട്ടിമറിക്കപ്പെട്ടിരിക്കുന്നത്.
ഇപ്പോഴും എയ്ഡഡ് മേഖലയിൽ സംവരണമെന്ന ഭരണഘടാനാവകാശം നിലനിൽക്കാത്തതിനാൽ ഇവിടത്തെ അധ്യാപകരിൽ മഹാഭൂരിപക്ഷവും സവർണ വിഭാഗങ്ങളാണ്. അവരൊന്നും സംവരണം നടപ്പാക്കപ്പെടണമെന്ന് ആവശ്യപ്പെടുന്നത് കേട്ടിട്ടില്ല. എയ്ഡഡ് കോളേജുകളിൽ മിക്കവരും ജോലി നേടുന്നത് എങ്ങനെയെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. അവരിൽ ദളിതരോ മുസ്‌ലിംകളോ ഏറെക്കുറെ വട്ടപ്പൂജ്യം. ഈ അധ്യാപകരാകട്ടെ, ഏറെക്കുറെ എല്ലാവരും ഇടതുപക്ഷം. കഴിഞ്ഞില്ല, പലരും എഴുത്തുകാരും സാംസ്‌കാരിക പ്രവർത്തകരും. ഇതൊക്കെയാണ് രാഷ്ട്രീയ പ്രബുദ്ധതയെങ്കിൽ ഈ കലാലയം രാഷ്ട്രീയ പ്രബുദ്ധം തന്നെ. അപ്പോൾ പിന്നെ ഇത്തരം സംഭവങ്ങൾ നടക്കാതിരുന്നാലല്ലേ അത്ഭുതപ്പെടേണ്ടതുള്ളൂ.