Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നിയമസഭാ മന്ദിരത്തിൽ പുസ്തകങ്ങളുടെ ഉത്സവകാലം

സാഹിത്യത്തോടുള്ള മലയാളിയുടെ നിത്യമായ അഭിനിവേശം തിരിച്ചറിഞ്ഞ്  നിയമസഭ അന്താരാഷ്ട്ര  പുസ്തകോത്സവം എന്ന ആശയത്തിന് വിത്തിട്ട സ്പീക്കർ എ.എൻ. ഷംസീറിനും പ്രോത്സാഹനവുമായി കൂടെ നിന്ന  ഭാവനയുള്ള സഹപ്രവർത്തകർക്കും രണ്ടാം വർഷത്തിൽ തന്നെ ലക്ഷ്യം കൈവരിച്ചതിൽ അഭിമാനിക്കാം.

 

എഴുത്തിനും പുസ്തകങ്ങൾക്കും മലയാള മണ്ണിൽ എന്നും വലിയ സ്ഥാനമുണ്ടായിരുന്നു.  ആ ബോധ്യം അരക്കിട്ടുറപ്പിക്കുകയാണ്  നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ രണ്ടാം പതിപ്പ്.    ദിവസങ്ങൾ കഴിഞ്ഞു തീരുംതോറും ഇതവസാനിക്കരുതേ എന്ന് ആളുകൾ ആഗ്രഹിക്കുന്ന ഹൃദയ പക്ഷ പരിപാടി.  സ്‌കൂൾ യൂത്ത് ഫെസ്റ്റിവൽ പോലുള്ളവ  അവസാനിക്കുമ്പോൾ സഹൃദയ മനസ്സിലുണരുന്ന  ഹോ, ഇനിയും വേണമായിരുന്നു എന്ന സദ്‌വികാരം തന്നെയാണ് ഇവിടെയെത്തുന്നവർക്കും.     പുസ്തകോത്സവത്തിന്റെ രണ്ടാം പതിപ്പിലേക്ക് പുസ്തകപ്രേമികളും എഴുത്തുകാരും കുട്ടികളും സാമാജികരുമടക്കം സമൂഹത്തിന്റെ എല്ലാ കോണുകളിലും നിന്നുള്ള വലിയ ജനക്കൂട്ടമാണ്  തുടങ്ങിയ ദിവസം മുതൽ  എത്തിച്ചേരുന്നത്. പ്രിയപ്പെട്ട എഴുത്തുകാരെ കാണാനും സംവദിക്കാനും  ഒരു കൈയൊപ്പു വാങ്ങാനുമായി വിദൂരത്ത് നിന്നുപോലും രാവിലെ മുതൽ  വായനക്കാർ പാളയത്തെ  നിയമസഭ മന്ദിരത്തിൽ എത്തുകയാണ്. 41 എഴുത്തുകാർ  പുസ്തകങ്ങളിൽ എഴുത്തുകാർക്ക് കൈയൊപ്പ് നൽകുന്നു.  നിയമസഭ മന്ദിരത്തിന് ചുറ്റുമായാണ് സ്റ്റാളുകൾ ക്രമീകരിച്ചിരിക്കുന്നത്.  ഡിജിറ്റൽ യുഗത്തിൽ പുസ്തക വായന ഇല്ലാതാകുന്നു എന്ന പ്രചാരണമൊക്കെ ഇവിടെയെത്തുന്ന പുസ്തക പ്രിയർ തിരുത്തുകയാണ്.   സാഹിത്യത്തോടുള്ള മലയാളിയുടെ നിത്യമായ അഭിനിവേശം തിരിച്ചറിഞ്ഞ്  അന്താരാഷ്ട്ര നിയമസഭ പുസ്തകോത്സവം എന്ന ആശയത്തിന് വിത്തിട്ട സ്പീക്കർ എ.എൻ. ഷംസീറിനും പ്രോത്സാഹനവുമായി കൂടെ നിന്ന  ഭാവനയുള്ള സഹപ്രവർത്തകർക്കും രണ്ടാം വർഷത്തിൽ തന്നെ ലക്ഷ്യം കൈവരിച്ചതിൽ അഭിമാനിക്കാം.  എഴുതാനും അത് പ്രസിദ്ധീകരിക്കാനും ആരുടെയും സഹായം ആവശ്യമില്ലാത്ത ഡിജിറ്റൽ കാലമാണിത്. കടലാസ് സാന്നിധ്യമില്ലാത്ത വായനയുടെ ലോകം.   പുസ്തക പ്രസിദ്ധീകരണം അങ്ങനെയല്ല. അതിനൊരു ഇടം വേണം. അതാണിപ്പോൾ നിയമ സഭ പുസ്തകോത്സവം.   സാഹിത്യ ലോകത്തേക്ക്  പുതുതായി കടക്കുന്നവർക്ക് തങ്ങളുടെ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് അനുയോജ്യമായ സ്ഥലമായി പുസ്തകോത്സവത്തെ   എഴുത്തുകാർ മനസ്സിലാക്കിക്കഴിഞ്ഞിരിക്കുന്നു.   ഓരോ ദിവസവും നിരവധി പുസ്തകങ്ങളാണ് ഉത്സവ വേദിയിൽ പ്രസിദ്ധീകരിക്കുന്നത്. ജീവിതത്തിലാദ്യമായി പുസ്തകം പ്രസിദ്ധീകരിക്കുന്നവർ മുതൽ എഴുത്തിന്റെ ലോകത്തെ കുലപതികൾ വരെ ഇവയിലുണ്ട്. ഡോ.എം ലീലാവതിയെ പോലൊരാളുടെ മഹത്തായ  സൃഷ്ടി പ്രസിദ്ധീകരിച്ച വേദിയിൽ അതേ ദിവസം അക്ഷര  ലോകത്ത് പിച്ചവെക്കുന്നവരുടെ എഴുത്തിനും അച്ചടി മഷി പുരളുന്നുവെന്നത്  നവാഗതർക്ക് ആവേശം നൽകുന്ന കാര്യമായിരിക്കും.  അന്തരീക്ഷത്തിന്റെ ആവേശം ഉൾക്കൊണ്ടിട്ടാകാം മന്ത്രിമാരും സാമാജികരും ഉൾപ്പെടെ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാൻ മുന്നോട്ടു വന്നു.     പുസ്തകങ്ങളെക്കുറിച്ചും ഭാഷയെക്കുറിച്ചുമുള്ള ചർച്ചയും  സംവാദങ്ങളും വേദിയിലെത്തുന്ന പുസ്തക പ്രേമികളെ ആവേശം  കൊള്ളിക്കുന്നു.     കുട്ടികളുടെ സാഹിത്യം, നോവലുകൾ, ശാസ്ത്ര പുസ്തകങ്ങൾ, ചരിത്രം, കുറ്റാന്വേഷണ കഥകൾ തുടങ്ങി ഏതു വിഭാഗം വായനക്കാരനെയും ആകർഷിക്കുന്ന തരത്തിലാണ് നിയസഭ അങ്കണത്തിലെ  പുസ്തകമേള സംവിധാനിച്ചിട്ടുള്ളത്.   
 വായനയാണ് ലഹര' എന്ന ആശയത്തിന് ചുറ്റുമാണ് മേളയുടെ സഞ്ചാരം. വായിക്കുകയും പഠിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന തലമുറയെ സൃഷ്ടിച്ചെടുക്കാൻ വായന പ്രോത്സാഹനം പോലെ മറ്റൊരു വഴിയില്ല. നാട്ടിൻപുറങ്ങളിലെ കൊച്ചു കൊച്ചു വായന ശാലകളും അവയിലെ പൊടിപിടിച്ച പുസ്തകങ്ങളുമായിരുന്നു പോയ കാലത്ത് കേരളത്തെ  സാമൂഹിക സാംസ്‌കാരിക പുരോഗതിയിലേക്ക്   കൈപിടിച്ച് നടത്തിയത്.  എപ്പോഴൊക്കെയോ ആ പുസ്തക കാലത്തിന് നേരിയ മങ്ങലേറ്റിരുന്നു. അതിന്റെ എതിർ ഫലവും നാട് അനുഭവിച്ചു തുടങ്ങിയിട്ട് നാളുകൾ ഏറെയായി. സമൂഹത്തിന്റെ നേതാക്കൾ ഇതൊക്കെ മനസ്സിലാക്കിയിരുന്നുവെങ്കിലും എല്ലാവരും നിസ്സഹായരായിരുന്നു.  വായിച്ചില്ലെങ്കിലെന്താണ് എന്ന ചോദ്യത്തിന് കവി കുഞ്ഞുണ്ണി മാസ്റ്ററുടെ പ്രസിദ്ധമായ ഉത്തരമുണ്ട്- 
വായിച്ചാലും വളരും, 
വായിച്ചില്ലെങ്കിലും വളരും
വായിച്ചു വളർന്നാൽ  വിളയും, 
വായിക്കാതെ വളർന്നാൽ വളയും. 
വായിച്ചു വളരാൻ പുതുതലമുറയെ പ്രോത്സാഹിപ്പിക്കാൻ പുസ്തകോത്സവം  സഹായിക്കുന്നുണ്ടെന്ന് ആവേശത്തോടെ മേളക്കെത്തുന്ന വിദ്യാർഥികളും യുവാക്കളും  തെളിവാകുന്നു.  നിയമസഭ പോലൊരു പ്രൗഢ അന്തരീക്ഷത്തിൽ പുത്തൻ പുസ്തകങ്ങളുടെ മണമറിയുന്ന കുരുന്നുകൾ അത് അത്ര വേഗം ഉപേക്ഷിക്കുമെന്ന് തോന്നുന്നില്ല. രക്ഷിതാക്കളുടെയും അധ്യാപകരുടെയും  പ്രോത്സാഹനം കൂടി ഉണ്ടായാൽ അവരെ തുടർന്നും വായന വഴിയിൽ നടത്താനാകും.   
164 പ്രസാധകരുടെ 256 സ്റ്റാളുകളാണ് ഉത്സവത്തിനെത്തിയത്.  22 അന്താരാഷ്ട്ര പ്രസാധകരും  ഇത്തവണ    സജീവമായി.  ഒന്നാം പതിപ്പിൽ 122 പ്രസാധകരിൽ നിന്നായി 127 സ്റ്റാളുകളാണ് ഉണ്ടായിരുന്നത്.  രാത്രി ഒൻപത് വരെ തുടരുന്ന മേളയിൽ ഇടതടവില്ലാതെയാണ് ആളുകൾ എത്തുന്നത്.  കലാസന്ധ്യ,  ദീപാലംകൃതമായ നിയമസഭ മന്ദിരം എന്നിവയൊക്കെ അധിക ആകർഷണമായി മാറുന്നത് സ്വാഭാവികം. അക്ഷര വസന്തം  നാളെ  സമാപിക്കും. 
 മാരകമായ ജീർണതകൾ എഴുത്തിനെയും എഴുത്തുകാരെയുമെല്ലാം ബാധിച്ചു തുടങ്ങിയ  കാലത്തുണ്ടാകുന്ന ഇത്തരം മുൻകൈക്ക് വലിയ ദൗത്യമാണ് നിർവഹിക്കാനുള്ളത്.   സമൂഹ ശത്രുക്കൾ പറയുന്നതൊന്നുമല്ല, ഇതാണ് വഴി എന്ന് ഇതിലെ, ഇതിലെ നയിക്കാൻ നിയമസഭ പുസ്തകോത്സവം  പോലുള്ള സംരംഭങ്ങൾക്ക് കഴിയട്ടെ എന്നാശിക്കാം. 

Latest News